by Midhun HP News | Feb 28, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത് കണ്ണൂരിലാണ്. വ്യാഴാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. ഫെബ്രുവരിയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്. സംസ്ഥാനത്ത് പൊതുവെ ഉയര്‍ന്ന താപനില 35നും 40 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ രേഖപ്പെടുത്തി.
മഴയ്ക്ക് സാധ്യത
കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നത് ആശ്വാസമാകും. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
by Midhun HP News | Feb 28, 2025 | Latest News, കേരളം
കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഗൗതമി.
ഒന്നരമാസത്തിലധികമായി ഗൗതമി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്നു 11ന് നടക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചത്. ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്നു മെഡിസിൻ വിഭാഗം അഡിഷനൽ പ്രൊഫ ഡോ. പ്രശാന്തകുമാർ പറഞ്ഞു.
ചികിത്സയ്ക്കിടെ ഗൗതമിക്കു ഹൃദയാഘാതമുണ്ടായെങ്കിലും അതിനെ അതിജീവിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ്, നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ദീർഘനാളത്തെ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതാണെങ്കിലും ചിലരിൽ മരണകാരണമാകാറുണ്ട്. ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ജിബിഎസ് പകർച്ചവ്യാധിയല്ല.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിയുള്ള യുണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ചു ശതമാനം വെയിറ്റേജ് നല്‍കും.
ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാലു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കാനും തീരുമാനിച്ചു.
ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അഫാന് നാട്ടിൽ 14 പേരിൽ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളിൽ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടൽ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായത്.
അച്ഛന്റെ സഹോദരൻ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാൻ മൊഴി നൽകിയിട്ടുണ്ട്. പെൺസുഹൃത്തിൻ്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാൻ ഫർസാനയുടെ മാലയും കടം വീട്ടാൻ പണയം വെച്ചു. ഫർസാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്യും. ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്യും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.
by Midhun HP News | Feb 28, 2025 | Latest News, കേരളം
കൊച്ചി: കളമശേരി പത്തടിപ്പാലം റോഡിൽ വാഹനത്തിൽ നിന്ന് വീണ മുളകുപൊടി പാക്കറ്റ് പൊട്ടി യാത്രക്കാർ വലഞ്ഞു. റെസ്റ്റ് ഹൗസിനു സമീപം എറണാകുളം ഭാഗത്തേക്കുള്ള ദേശീയപാതയിൽ ഇന്നലെ രാവിലെ 8.45നാണ് സംഭവം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകളാണ് യാത്രക്കാരെ കുരുക്കിയത്.
വാഹനങ്ങൾ കയറിയിറങ്ങി പാക്കറ്റുകൾ പൊട്ടിയതോടെ മുളകുപൊടി കാറ്റിൽ പറന്നു. ഇതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടികയറി. തുമ്മലും കണ്ണെരിച്ചിലും തുടങ്ങിയതോടെ പലരും വാഹനങ്ങൾ റോഡരികില്‍ നിർത്തി മുഖവും കണ്ണും കഴുകിയാണ് യാത്ര തുടർന്നത്. പ്രദേശത്ത് വലിയതോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. മുളകുപൊടി കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചതോടെ കളമശേരി പൊലീസും അഗ്നി രക്ഷാസേനയുമെത്തി റോഡ് കഴുകിയശേഷമാണ് പ്രശ്നപരിഹാരമായത്.
by Midhun HP News | Feb 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ഘടകമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍. സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി പിതാവിന്റെ ഉമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സല്‍മാബീവിയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചു എന്നാണ് കരുതിയത്. സല്‍മാബീവിയുടെ വീട്ടില്‍ എത്തിയ ഉടന്‍ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. പിതാവിന്റെ ഉമ്മയുമായി സംസാരിക്കാന്‍ നിന്നില്ല. തുടര്‍ന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.
സല്‍മാബീവിയെയും പിതൃ സഹോദരനെയും ഭാര്യയെയും കൊന്നത് ഏറ്റുപറഞ്ഞ ശേഷമാണ് പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നും അഫാന്‍ പറഞ്ഞു. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന ചോദിച്ചത്. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.
പിതൃ സഹോദരന്‍ ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിനെ കൊന്ന വിവരം പുറത്ത് പറയുമെന്നതിനാലാണ് കൊല്ലേണ്ടി വന്നതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.
Recent Comments