by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ഇന്നു രാത്രി 12 മുതല്‍. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ നടക്കും.
മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ലത്തീന്‍ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്.
ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്നും മത്സ്യബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍, മത്സ്യച്ചന്തകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ല. കടല്‍ ഖനനത്തിനെതിരെ മാര്‍ച്ച് 12ന് പാര്‍ലമെന്റ് മാര്‍ച്ചും നടത്തും.
by Midhun HP News | Feb 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വരുന്ന അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടു തവണയും പരീക്ഷ എഴുതാന്‍ തീരുമാനിച്ചാലും വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത വിഷയങ്ങള്‍/ പേപ്പറുകള്‍ എന്നിവ ഒഴിവാക്കാനും സാധിക്കും.
2026 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതല്‍ 20 വരെയായി രണ്ടാംഘട്ടവും പരീക്ഷ നടത്തുമെന്ന് കരടു മാര്‍ഗരേഖ വ്യക്തമാക്കുന്നു. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്റെ പകുതിയായാണ് ചുരുങ്ങുക. ഇതോടെ രണ്ട് പേപ്പറുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. നിലവിലുള്ള ഇടവേളകളേക്കാള്‍ വളരെ കുറവാണ്. നിലവില്‍ അഞ്ച് അല്ലെങ്കില്‍ 10 ദിവസം വരെ ഇടവേള ലഭിക്കാറുണ്ട്.
ആദ്യഘട്ട പരീക്ഷയുടെ ഫലം ഏപ്രില്‍ 20നും രണ്ടാംഘട്ട ഫലം ജൂണ്‍ 30നും പ്രഖ്യാപിക്കുമെന്നാണു നിലവിലെ വിവരം. രണ്ടാംഘട്ട പരീക്ഷ എല്ലാവര്‍ക്കും നിര്‍ബന്ധമില്ല. ഫലം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എഴുതിയാല്‍ മതിയാകും. ആദ്യഘട്ട പരീക്ഷയില്‍ ഒന്നു മുതല്‍ അഞ്ചു വരെ വിഷയങ്ങളില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റ് വിഭാഗത്തില്‍ രണ്ടാംഘട്ട പരീക്ഷയെഴുതാം. ബോര്‍ഡ് പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്കായി പ്രത്യേകം സപ്ലിമെന്ററി പരീക്ഷകളുണ്ടാകില്ല. രണ്ട് പരീക്ഷകളും എഴുതാന്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന മാര്‍ക്ക്ഷീറ്റില്‍ അവരുടെ മികച്ച സ്‌കോര്‍ ലഭിക്കും.
രണ്ടാംഘട്ടം മാത്രമെഴുതുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിന് അവസരമില്ല. ഇവര്‍ക്ക് അടുത്ത വര്‍ഷത്തെ ആദ്യഘട്ട പരീക്ഷ എഴുതാമെങ്കിലും അക്കൊല്ലത്തെ സിലബസ് മാറ്റങ്ങള്‍ ബാധകമാകും. സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ രണ്ടുഘട്ടങ്ങളിലൊന്ന് എഴുതണം. പ്രത്യേക പരീക്ഷയില്ല.
മാര്‍ച്ച് 9 നകം കരടു മാര്‍ഗരേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാം. ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, അത് അവലോകനം ചെയ്ത് അന്തിമമാക്കാന്‍ സാധ്യതയുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പുതിയ അക്കാദമിക് സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് പദ്ധതി അന്തിമമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2026 ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകും. ആദ്യ പരീക്ഷ എഴുതണോ, രണ്ടും എഴുതണോ, അതോ രണ്ടാമത്തെ പരീക്ഷ മാത്രം എഴുതണോ എന്ന് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കേണ്ടിവരും.
പുതിയ രീതിയില്‍ പരീക്ഷാദിനങ്ങള്‍ക്കിടയിലെ ഇടവേള കുറവായിരിക്കും. സയന്‍സ്, കണക്ക്, സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലിഷ് എന്നിവയൊഴികെയുള്ള വിഷയങ്ങളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളും വിദേശ ഭാഷകളുമാണ് ആദ്യ ഗ്രൂപ്പില്‍. ഇവ ഒരേദിവസം നടത്തും. മുഖ്യ വിഷയങ്ങളുടെ ഗണത്തില്‍പെടാത്ത ഭാഷേതര പേപ്പറുകളാണ് (ഉദാ: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍) രണ്ടാം ഗ്രൂപ്പില്‍. ഈ ഗ്രൂപ്പില്‍ ഒരേ പേപ്പര്‍ തന്നെ രണ്ടോ മൂന്നോ ദിവസമായി നടത്തും. ഓരോ വിദ്യാര്‍ഥിക്കും ഏതു ദിവസം നല്‍കണമെന്നു നിശ്ചയിക്കുക സിബിഎസ്ഇയാകും. പരീക്ഷയ്ക്കുശേഷം ചോദ്യക്കടലാസ് തിരികെ വാങ്ങുകയും ചെയ്യും.
by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
നാഗ്പൂര്‍: രഞ്ജിട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് മിന്നുന്ന തുടക്കം. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത കേരളം ആദ്യ ഓവറില്‍ തന്നെ വിദര്‍ഭയെ ഞെട്ടിച്ചു. രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.
പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്. വിദര്‍ഭ സ്‌കോര്‍ 11 ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്‍ശന്‍ നല്‍കണ്ഡെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ചാണ് ദര്‍ശന്‍ പുറത്തായത്.
സെമിഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോമിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഫൈനല്‍ കളിക്കുന്നത്. നാഗ്പൂരിലേത് ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈര്‍പ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളില്‍ പേസര്‍മാര്‍ക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബോളറെ കൂടി കേരളം ടീമിലുള്‍പ്പെടുത്തിയത്. മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നര്‍മാരെയും തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: കൂന്തള്ളൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിന്റെ 131-ാം വാർഷികം ‘നക്ഷത്ര സന്ധ്യ’ എന്ന പേരിൽ ആഘോഷിച്ചു. പ്രേം നസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പരിപാടി ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ആർ.മനോന്മണി, ചിറയിൻകീഴ് ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, പി.ടി.എ പ്രസിഡന്റ് ടോമി.വി.എസ്, എസ്.എം.സി ചെയർമാൻ രാജേഷ്, സ്കൂൾ വികസന സമിതിയംഗം ജെ.ശശി സാർ, സ്കൂൾ ഹെഡ്മിസ്‌ട്രസ് ഷീല ടീച്ചർ, മുൻ പ്രഥമാധ്യാപകൻ സുചിത്രൻ, പ്രശസ്ത ശില്പി രത്നാകരൻ എന്നിവർ സംസാരിച്ചു. കലാശ്രീ വക്കം സജീവ്, കലാശ്രീ മധു ഗോപിനാഥ്, നിതിൻ.എസ്.എ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുരുന്നുകളുടെ കലാവിരുന്നുകൾ അരങ്ങേറി.
by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌മാരായ പി. ജയചന്ദ്രൻനായർ, എസ്. കെ. പ്രിൻസരാജ്, ജനറൽ സെക്രട്ടറിമാരായ വിനയകുമാർ.എസ്, രഘുറാം. എസ്, മണ്ഡലം ഭാരവാഹികൾ ആയ ജയകുമാർ. എസ്, ബാബു പരകുടി, സതീഷ് കുമാർ, ദീപാബാബു, മഞ്ജു. എസ്, ചിത്രരാജ്.സി,അഭിരാജ് വൃന്ദവനം, വിഷ്ണു പ്രശീലൻ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റ്‌മാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Feb 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Recent Comments