by Midhun HP News | Feb 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഓഹരി വിപണി തിരിച്ചുവന്നത് ആണ് കൂടുതല്‍ ഇടിവിലേക്ക് പോകുന്നതില്‍ നിന്ന് രൂപയെ പിടിച്ചുനിര്‍ത്തിയത്. തിങ്കളാഴ്ച 86.72ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 75 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി നേരിയ മുന്നേറ്റത്തിലാണ്. സെന്‍സെക്‌സ് 300 ഓളം പോയിന്റാണ് മുന്നേറിയത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എംആന്റ്എം കമ്പനികളാണ് പ്രധാനമായി മുന്നേറുന്നത്. ഇന്നലെ വിദേശനിക്ഷേപകര്‍ 6,286 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് നിര്‍ദേശം.
സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. ആശ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിന് നടപടിയെടുക്കണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ പകരം ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ശമ്പള വര്‍ധന, ഓണറേറിയം കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്. ഈ മാസം 10 മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല.
സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് അടക്കം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് എന്‍എച്ച്എം മിഷന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്താനാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബര്‍ മാസത്തെ മാത്രമാണെന്നും, മുഴുവന്‍ കുടിശ്ശിക നല്‍കി എന്നത് തെറ്റായ പ്രചരണമെന്നും സമരക്കാര്‍ പറയുന്നു.
ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. ആശവർക്കർമാരുടെ സമരത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന്റെ തനിയാവർത്തനമാണെന്നും, സമരത്തിന് പിന്നിൽ ചില അരാജക സംഘടനകളാണെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Feb 25, 2025 | Latest News, കേരളം
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്.ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രജീഷ് റിമാന്‍ഡിലായിരുന്നു. ഈ മാസം 22-നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
by Midhun HP News | Feb 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക.
പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞ മാസം വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കെഎസ്ഇബി കുറയ്ക്കുന്നത്.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. നിലയ്ക്കാമുക്ക് ബിവറേജസിന് മുൻപിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കീഴാറ്റിങ്ങൽ സ്വദേശി ഷിബു (50) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷിബുവിനോടൊപ്പം ജോലി ചെയ്യുന്നവരാണ് കൊലപാതകം നടത്തിയെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി.
നിലയ്ക്കാമുക്ക് സ്വദേശി വരുൺ, അഫ്‍സി എന്നിവരാണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.
കടയ്ക്കാവൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Recent Comments