by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലാണ് പ്രതി ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതെന്ന് ഡിവൈഎസ്പി കെ എസ് അരുണ്‍ പറഞ്ഞു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ചുറ്റിക ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. കൊല്ലപ്പെട്ട എല്ലാവര്‍ക്കും തലയ്ക്കാണ് കൂടുതല്‍ അടിയേറ്റത്. കൊലപാതകത്തിന് പല കാരണങ്ങളുണ്ട്. അന്വേഷണ ഘട്ടമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. അഫാനെതിരെ നിലവില്‍ മറ്റു കേസുകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
അഫാന്റെ പിതൃസഹോദരനായ ലത്തീഫിന്റേത് ക്രൂരമായ കൊലപാതമാണ്. ശരീരത്തില്‍ 20ലേറെ പരിക്കുണ്ട്. പ്രാഥമിക പരിശോധനയില്‍ പരിക്കുകള്‍ ചുറ്റിക ഉപയോഗിച്ചുള്ള അടിയേറ്റാണ് എന്നാണ് വിലയിരുത്തല്‍. ലത്തീഫ് കഴിഞ്ഞദിവസം പേരുമലയിലെ വീട്ടില്‍ പോയിരുന്നു എന്നും ഡിവൈഎസ്പി പറഞ്ഞു.
അഫാന്റെ പെണ്‍സുഹൃത്തിനെപ്പറ്റി സംസാരിക്കാനാകാം ലത്തീഫ് അവിടെ പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ വൈരാഗ്യത്തിലാകാം ലത്തീഫിന്റെ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അതിനിടെ കേസ് മൂന്ന് ഡിവൈഎസ്പിമാരും നാല് സിഐമാരും അടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കും. റൂറല്‍ എസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. നിലവില്‍ അഫാന്‍ പറഞ്ഞത് മുഴുവനും മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
ആധാർ സേവനങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിർദേശങ്ങൾ ആധാർ അതോറിറ്റി (യുഐഡിഎഐ) കർശനമാക്കി. മുഖം മുഴുവൻ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകൾക്കു മാത്രമേ ഇനി അംഗീകാരം ഉണ്ടാകൂ. ചെവികളടക്കം, മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ശിരോവസ്ത്രം, തലപ്പാവ്, തൊപ്പി എന്നിവ ധരിച്ചു ഫോട്ടോ എടുക്കുമ്പോൾ നെറ്റി, ചെവി എന്നിവ വ്യക്തമായി കാണുന്നതിനു പരിമിതി നേരിട്ടിരുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനാണ് ആധാർ അതോറിറ്റി കർശന ഉപാധികൾ കൊണ്ടുവന്നത്. അപേക്ഷകരോട് ഇക്കാര്യങ്ങൾ വിശദീകരിക്കണമെന്നും ചട്ടലംഘനമുണ്ടായാൽ ആധാർ ഓപ്പറേറ്റർക്ക് പിഴയും സസ്പെൻഷനും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
by Midhun HP News | Feb 25, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബായ്: ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു താരത്തെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. ഏകദിനത്തില്‍ സച്ചിന്‍ നേടിയ റണ്‍സ് മറികടക്കാന്‍ കെല്‍പ്പുള്ള താരം കോഹ്‌ലി തന്നെയാണെന്നു പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അതിവേഗം 14,000 റണ്‍സ് ഏകദിനത്തില്‍ സ്വന്തമാക്കുന്ന ആദ്യ താരമായി കോഹ്‌ലി മാറി. മാത്രമല്ല 14,000ത്തിനു മുകളില്‍ റണ്‍സ് അടിച്ച മൂന്നാമത്തെ മാത്രം താരമായും കോഹ്‌ലി മാറി. താരത്തിന്റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് ദുബായില്‍ പിറന്നത്.
’50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. റണ്‍ വേട്ടയില്‍ അദ്ദേഹം എന്നെ മറികടന്നു. ഇനി രണ്ട് പേര്‍ മാത്രമേ മുന്നിലുള്ളു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് അദ്ദേഹം തന്നെ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’
‘നിലവില്‍ കോഹ്‌ലി (14085 റണ്‍സ്) ഇപ്പോഴും സച്ചിനെക്കാള്‍ (18426) 4,341 റണ്‍സ് പിന്നിലാണ്. 36 വയസുമുണ്ട്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക എന്ന ചരിത്രമെഴുതാന്‍ പരിമിതമായ സമയം മാത്രമേ താരത്തിനു മുന്നിലുള്ളു. എന്നാല്‍ പോണ്ടിങ് അതു കണക്കാക്കുന്നില്ല. കോഹ്‌ലി വിചാരിച്ചാല്‍ അതു സാധിക്കുമെന്നു തന്നെയാണ് ഇതിഹാസ ഓസീസ് ബാറ്റര്‍ വിശ്വസിക്കുന്നത്.’
‘അദ്ദേഹം ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇപ്പോഴും അസാധാരണമാം വിധമാണ് കോഹ്‌ലി കഠിനാധ്വാനം ചെയ്യുന്നത്. കണക്ക് നോക്കുമ്പോള്‍ ഞാന്‍ പറയുന്നത് കുറച്ച് അതിശയകരമായി തോന്നാം. ഇത്ര കാലം ഇത്രയും മികവോടെ കളിച്ചിട്ടും വിരാട് സച്ചിനേക്കാള്‍ 4000 റണ്‍സ് പിന്നാലാണ്.’
‘സച്ചിന്‍ എത്ര മികവുള്ള താരമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. എന്നാല്‍ റണ്‍സ് നേടാനുള്ള ആഗ്രഹം ഉള്ളിടത്തോളം വിരാടിനെപ്പോലുള്ള ഒരാളെ എളുപ്പം ഒഴിവാക്കാന്‍ സാധിക്കില്ല.(സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നതില്‍).’
പാകിസ്ഥാനെതിരെ കണ്ടത് കോഹ്‌ലിയുടെ ഏറ്റവും മികച്ച ബാറ്റിങുകളില്‍ ഒന്നാണെന്നു പോണ്ടിങ് പറയുന്നു.
‘ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ അദ്ദേഹം പാകിസ്ഥാനെതിരെ ഉരുക്കു പോലെ ഉറപ്പോടെയാണ് നിന്നത്. ദുബായിലെ ആ രാത്രിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം കോഹ്‌ലിയായിരുന്നു. അത്തരമൊരു മത്സരം ജയിപ്പിക്കാന്‍ ഉതകുന്ന ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ബാറ്റിങ് ഓര്‍ഡറില്‍ തുടക്കത്തില്‍ ആവശ്യമാണ്. ദീര്‍ഘനാളായി ഒരു ചാംപ്യന്‍ കളിക്കാരനായി നില്‍ക്കുന്ന കോഹ്‌ലിയെ പോലെ ഒരാള്‍ ആ ജോലി പൂര്‍ത്തിയാക്കേണ്ടത് അയാളുടെ ഉത്തരവാദിത്വം കൂടിയാണ്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവിശ്വസനീയമായ താരമാണ് അദ്ദേഹം’- പോണ്ടിങ് വാചാലനായി.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: ആലുവ മഹാശിവരാത്രി പ്രമാണിച്ച് ബുധനാഴ്ച ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ബുധനാഴ്ച നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തുന്നതാണ്. രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടി.
തൃശൂരിൽ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിൻ ഒല്ലൂർ – 23.24, പുതുക്കാട് – 23.34, നെല്ലായി – 23.40, ഇരിഞ്ഞാലക്കുട – 23.47, ചാലക്കുടി – 23.55, ഡിവൈൻ നഗർ – 23.59, കൊരട്ടി – 00.04, കറുകുറ്റി – 00.09, അങ്കമാലി – 00.17, ചൊവ്വര – 00.26 വഴി 00.45ന് ആലുവയിൽ എത്തും.
തിരിച്ച് വ്യാഴാഴ്ച ആലുവയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ് ചൊവ്വര – 5.23, അങ്കമാലി – 5.30, കറുകുറ്റി – 5.36, കൊരട്ടി – 5.41, ഡിവൈൻ നഗർ – 5.46, ചാലക്കുടി – 5.50, ഇരിഞ്ഞാലക്കുട – 5.59, നെല്ലായി – 6.08, പുതുക്കാട് – 6.14, ഒല്ലൂർ – 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിൻ മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും.
by Midhun HP News | Feb 25, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നഷ്ടത്തോടെ 86.88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഓഹരി വിപണി തിരിച്ചുവന്നത് ആണ് കൂടുതല്‍ ഇടിവിലേക്ക് പോകുന്നതില്‍ നിന്ന് രൂപയെ പിടിച്ചുനിര്‍ത്തിയത്. തിങ്കളാഴ്ച 86.72ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്. നിലവില്‍ ബാരലിന് 75 ഡോളറിന് മുകളിലാണ് ബ്രെന്‍ഡ് ക്രൂഡ് വില. അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി നേരിയ മുന്നേറ്റത്തിലാണ്. സെന്‍സെക്‌സ് 300 ഓളം പോയിന്റാണ് മുന്നേറിയത്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എംആന്റ്എം കമ്പനികളാണ് പ്രധാനമായി മുന്നേറുന്നത്. ഇന്നലെ വിദേശനിക്ഷേപകര്‍ 6,286 കോടിയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
by Midhun HP News | Feb 25, 2025 | Latest News, കേരളം
കൊച്ചി: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.
Recent Comments