by Midhun HP News | Feb 24, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസം മര്‍ദിച്ചെന്നാണ് പരാതി.
ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊന്നിച്ചായിരുന്നില്ല താമസം. അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി.
കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആര്‍. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്
by Midhun HP News | Feb 24, 2025 | Latest News, കേരളം
കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്.
ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.
by Midhun HP News | Feb 24, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ശാർക്കര നായർ കരയോഗം ശതാബ്ദിയുടെ നിറവിൽ. നൂറുവർഷം പൂർത്തിയാക്കിയ സ്വതന്ത്ര നായർ കരയോഗത്തിന്റെ നവീകരിച്ച മന്ദിരോദ്ഘാടനം ചൊവ്വാഴ്ച തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതിഭായി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-നാണ് ഉദ്ഘാടന സമ്മേളനം.
1926-ലാണ് ശാർക്കര നായർ കരയോഗം സ്വതന്ത്ര കരയോഗമായി രൂപവത്കരിച്ചത്. തുടക്കത്തിൽ മൂന്ന് സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച കരയോഗം നിലവിൽ പതിനാറ് സെന്റിലാണ് പ്രവർത്തിക്കുന്നത്. 368 കുടുംബങ്ങളിലായി 3250 അംഗങ്ങളുമുണ്ട്. സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിലയിൽ ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് ഒരു സദ്യാലയവും കരയോഗത്തിന്റേതായി പ്രവർത്തിക്കുന്നു. വർഷംതോറും ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾക്കും കരയോഗം നേതൃത്വം നൽകിവരുന്നുണ്ട്. ചികിത്സാ സഹായം, മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് അവാർഡ്, ഉത്സവകാല സഹായം എന്നിവ ചെയ്തുവരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ചെല്ലപ്പൻപിള്ള അധ്യക്ഷനാകും, സെക്രട്ടറി രാമചന്ദ്രൻ നായർ, പഞ്ചായത്തംഗങ്ങളായ മുരളീധരൻ നായർ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സി.കെ. പ്രസന്നചന്ദ്രൻ നായർ, ആർ.പി.ഗോപിനാഥൻ നായർ, കെ.സുനിൽകുമാർ, ജി.അനിൽകുമാർ, കെ.ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. നവീകരിച്ച മന്ദിരോദ്ഘാടനത്തോടനുബന്ധിച്ച് ഉപഹാര സമർപ്പണവും വിവിധ കലാപരിപാടികളും നടക്കും.
by Midhun HP News | Feb 24, 2025 | Latest News, കേരളം
കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,440 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 8055 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വ്യാഴാഴ്ചയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. പിന്നീട് ഇടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറുന്നത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് കുതിപ്പ്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 24, 2025 | Latest News, കേരളം
കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയന്‍ എന്നിവര്‍ തുടരും. ട്രഷറര്‍ ആയി ഷിബു ഗംഗാധരനെ തെരഞ്ഞെടുത്തു. എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വിധു വിന്‍സെന്റ്, റാഫി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ബൈജുരാജ് ചേകവര്‍, അജയ് വാസുദേവ് (ജോ. സെക്രട്ടറിമാര്‍), സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍, സലാം ബാപ്പു, മനോജ് അരവിന്ദാക്ഷന്‍, ഷിബു പരമേശ്വരന്‍, അനുരാജ് മനോഹര്‍, അഭിലാഷ് വി സി, ഗിരീഷ് ഉള്യേരി, ജൂഡ് ആന്റണി, ജോജു റാഫേല്‍, ടോം ഇമ്മട്ടി, നിതിന്‍ എം എസ്, വിജീഷ് അരൂര്‍, വിഷ്ണു മോഹനന്‍ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരെഞ്ഞെടുത്തിട്ടുണ്ട്.
by Midhun HP News | Feb 24, 2025 | Latest News, കേരളം
കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ് മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് അയഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡു ഇന്ന് നല്‍കും. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷിയോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.
Recent Comments