by Midhun HP News | Feb 22, 2025 | Latest News, ജില്ലാ വാർത്ത
അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്.
ഇസ്രായേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം മുഖേന പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു.
ഇന്റലിജൻസും, എൻഐഎയും,പോലീസും ഇയാളെ ചോദ്യം ചെയ്യുകയും, സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിടുകയുമായിരുന്നു.
by Midhun HP News | Feb 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാന്‍ പോയ അലോക് നാദ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്.
അമ്മയും സഹോദരിയും അലോക് നാദിനെ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ കട്ടിലില്‍ അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് ഒരു മുറിവും ഉണ്ട്. സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴുത്തില്‍ മുറിവ് എങ്ങനെ വന്നു എന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നലെ വിലയില്‍ 360 രൂപ കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 22, 2025 | Latest News, ദേശീയ വാർത്ത
വിജയവാഡ: അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ വരുന്നതിനാല്‍, ഭാവിയില്‍ ഇന്ധന വില കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി. എണ്ണവില കുറയുന്നത് വിലക്കയറ്റം കുറയാന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് ഭരണകൂടവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ-അമേരിക്കന്‍ ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ജന്റീന ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഇപ്പോള്‍ ആവശ്യത്തിന് എണ്ണ ഉണ്ട്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച രാജ്യങ്ങള്‍ പോലും അവരുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ആണ് ട്രംപ് ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. അതിനാല്‍, ആഗോള തലത്തില്‍ ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. കൂടുതല്‍ ഇന്ധനം വിപണിയില്‍ എത്തും. അത് വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാകുമ്പോള്‍, അത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് എണ്ണ സംഭരിക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.ഡി-ഡോളറൈസേഷന്‍ ഒരു ലക്ഷ്യമല്ല. ഈ എണ്ണ ഇടപാടുകളില്‍ ഭൂരിഭാഗവും ഡോളറിലാണ്. എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതിദിനം 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്ന ബ്രസീല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ട്. ബ്രസീല്‍ ഇപ്പോള്‍ പ്രതിദിനം 140,000 മുതല്‍ 150,000 ബാരല്‍ വരെ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗയാന, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വരുന്നുണ്ട്. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ്. പ്രതിദിനം 1.3 കോടി ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അവര്‍ 16 ലക്ഷം ബാരല്‍ കൂടി ഉല്‍പ്പാദിപ്പിക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പെട്രോള്‍ വില കുറഞ്ഞ ഒരേയൊരു രാജ്യം ഇന്ത്യയാണ്.2022 ഫെബ്രുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നിരവധി രാജ്യങ്ങളില്‍ പെട്രോള്‍ വിലയില്‍ വര്‍ധന ഉണ്ടായി. പാകിസ്ഥാനില്‍ മാത്രം 48 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അമേരിക്കയില്‍ ഇത് 14.2 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ 0.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും ഹര്‍ദീപ് എസ് പുരി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Feb 22, 2025 | Latest News, ജില്ലാ വാർത്ത
ബിജെപി കടയ്ക്കാവൂർ മണ്ഡലം ജനറൽ സെക്രട്ടറിയായി പൂവണത്തുംമൂടുമണികണ്ഠനെ നിയമിച്ചു. നിലവിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.
Recent Comments