ഒറ്റയ്ക്ക് ഒരു കൊച്ചു പെൺകുട്ടി ​സൈക്കിൾ ഓടിച്ച് ​ഗോശ്രീ പാലത്തിൽ! ജോർജിന്റെ ആ സംശയം വഴിത്തിരിവ്

ഒറ്റയ്ക്ക് ഒരു കൊച്ചു പെൺകുട്ടി ​സൈക്കിൾ ഓടിച്ച് ​ഗോശ്രീ പാലത്തിൽ! ജോർജിന്റെ ആ സംശയം വഴിത്തിരിവ്

കൊച്ചി: കാണാതായ 12കാരിയായ സ്കൂൾ വിദ്യാർഥിനിയെ അർധ രാത്രി കണ്ടെത്തുന്നതിൽ നിർണായകമായത് നായരമ്പലം സ്വദേശി ജോർജ് ജോയ് എന്ന യുവാവിന്റെ ഇടപെടൽ. സ്കൂൾ അധികൃതർ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനെ തുടർന്നു കുട്ടി മാനസിക സംഘർഷത്തിലായിരുന്നു. സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി പൊലീസിൽ പരാതി നൽകുകയായിരുന്നു. 7 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി വല്ലാർപാടം ​ഗോശ്രീ പാലത്തിനു മുകളിൽ വച്ചാണ് ജോർജ് കുട്ടിയെ കണ്ടത്. സംഭവത്തെ കുറിച്ച് ജോർജ് ജോയ് പറയുന്നത് ഇങ്ങനെ-

‘രാത്രി 11 മണിയോടെ ഞാനും എന്റെ സുഹൃത്തും ബൈക്കിൽ റോഡിലൂടെ പോകുമ്പോഴാണ് കുട്ടിയെ കണ്ടത്. അർധ രാത്രി റോഡിലൂടെ ഒരു കൊച്ചു പെൺകുട്ടി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി പോകുന്നത് വിചിത്രമായി തോന്നി. അതും സ്കൂൾ യൂണഫോമിൽ. എന്റെ അമ്മ വൈകീട്ട് വിളിച്ചപ്പോൾ കൊച്ചിയിൽ ഒരു പെൺകുട്ടിയെ കാണാതായെന്ന വാർത്ത പറഞ്ഞിരുന്നു. ഇക്കാര്യം ഓർത്തതോടെ ഞാനും സുഹൃത്തും ബൈക്ക് തിരിച്ച് കുട്ടിയുടെ സമീപം എത്തി.’

‘സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ പോകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവളോട് ചോദിച്ചു. ഏതാണ്ട് 15 മിനിറ്റോളം അവൾ കരഞ്ഞു. അവൾ ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. സ്കൂളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചു അവൾ പറഞ്ഞു. ടീച്ചർ അവളെ എന്തോ കാര്യത്തിന് ശാസിച്ചിരുന്നു. വീട്ടിലേക്ക് പോകാൻ അവൾക്ക് ഭയമായിരുന്നു. അവളുടെ മാതാപിതാക്കളും വഴക്കു പറയുമെന്നു അവൾ ഭയപ്പെട്ടു.’

‘പിന്നീട് ഞങ്ങൾ പൊലീസിൽ വിളിച്ച് വിവരം പറഞ്ഞു. മണിക്കൂറുകൾക്കു മുൻപ് കാണാതായ കുട്ടിയുടെ പേര് പൊലീസുകാർ പറഞ്ഞു. അത് ഈ പെൺകുട്ടി തന്നെയെന്നു ഉറപ്പാക്കി’- ജോർജ് വ്യക്തമാക്കി.

വല്ലാർപാടത്തെ ഡിപി വേൾഡിൽ ഫയർമാനായി ജോലി ചെയ്യുകയാണ് ജോർജ്. യുവാവിന്റെ സമയോചിതവും ഔചിത്യ ബോധത്തോടെയുള്ള ഇടപെടലുമാണ് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് തിരികെ ലഭിക്കാൻ ഇടയാക്കിയത്.

വിശാഖപട്ടണം ചാരക്കേസ്: മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

വിശാഖപട്ടണം ചാരക്കേസ്: മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി.

രഹസ്യ നാവിക പ്രതിരോധ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയ കേസിലാണു നടപടി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്‌തുവെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.

2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ റജിസ്റ്റർ ചെയ്ത കേസ് 2023 ജൂണിൽ എൻഐഎ ഏറ്റെടുത്തു. ഒളിവിൽ പോയ 2 പാക്കിസ്ഥാനികൾ ഉൾപ്പെടെ 5 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പാക്ക് പൗരനായ മീർ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റിൽ സജീവമായിരുന്നു. ഒളിവിൽ പോയ മറ്റൊരു പിഐഒ ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’; സഞ്ചാരികളുടെ ഇഷ്ട ഇടം

‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’; സഞ്ചാരികളുടെ ഇഷ്ട ഇടം

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടം. ‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി കേരളം രണ്ടാമതായി. ആഗോള ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയായ Booking.com 36 കോടി ഉപഭോക്തക്കളുടെ റിവ്യൂ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പുറത്തുവിട്ടത്.

കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്ക തക്ക വിധം വിനോദ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദള്‍ശകരെത്തുന്ന പ്രദേശങ്ങളില്‍ മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി. പട്ടികയില്‍ മൂന്നാറും വര്‍ക്കലയും ഇടം പിടിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.

പട്ടികയില്‍ കേരളം സ്ഥിരമായി ഇടം പിടിക്കുന്നത് ഏറെ സന്തോഷം നിറഞ്ഞ കാര്യമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പരീക്ഷണാത്മക ടൂറിസം മോഡലിന്റെ വര്‍ധിച്ച സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള യാത്രികരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റ് അനുസരിച്ച്, സംസ്ഥാനത്തെ ശാന്തമായ കായലുകള്‍, സമൃദ്ധമായ പ്രകൃതിഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അസാധാരണമായ ആതിഥ്യമര്യാദയുടെ മാതൃകയാണ് കേരളമെന്ന് ബുക്കിങ് ഡോട്‌കോമിലെ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവയുടെ ചുമതലയുള്ള മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.

ഇന്‍സുലിന്‍ കുത്തിവെയ്ക്കണ്ട, പ്രമേഹത്തിന് ഇന്‍ഹേലര്‍; ആറ് മാസത്തിനകം വിപണിയില്‍

ഇന്‍സുലിന്‍ കുത്തിവെയ്ക്കണ്ട, പ്രമേഹത്തിന് ഇന്‍ഹേലര്‍; ആറ് മാസത്തിനകം വിപണിയില്‍

തിരുവന്തപുരം: പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ 6 മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തും. മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച അഫ്രെസ ഇന്‍ഹലേഷന്‍ പൗഡറിന്റെ വിതരണത്തിനും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസസേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. സീപ്ലയാണ് വിതരണക്കാര്‍.

ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത്. ഇന്‍സുലിന്‍ കുത്തിവെയ്ക്കുന്നതിനേക്കാള്‍ ഇന്‍ഹേലര്‍ ഫലം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കുത്തിവയ്ക്കുമ്പോള്‍ 3 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഹേലര്‍ ആറോ എട്ടോ യൂണിറ്റ് വേണ്ടിവരും. 3 തോതുകളിലുള്ള കാട്രിജിലാണ് ഇന്‍ഹേലര്‍ ഉപയോഗിക്കാനുള്ള മരുന്ന് ലഭിക്കുക. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്കും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തയിട്ടുണ്ട്.

തിരിച്ചുകയറി രൂപ, 87ല്‍ താഴെ തന്നെ; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

തിരിച്ചുകയറി രൂപ, 87ല്‍ താഴെ തന്നെ; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

ഡല്‍ഹി: ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.86 എന്ന നിലയിലാണ് രൂപ. വ്യാപാര കമ്മി വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിച്ചതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ഇന്നലെ പത്തുപൈസയുടെ നഷ്ടത്തോടെ 86.98 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ ചുമത്തുന്ന തീരുവയ്ക്ക് സമാനമായി ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കന്‍ നിലപാടും രൂപയെ ദുര്‍ബലമാക്കുന്നതായും വിപണി വിദഗ്ധര്‍ പറയുന്നു.

ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍. ഓഹരി വിപണി നഷ്ടത്തിലാണ്. 400ലധികം പോയിന്റ് നഷ്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്ന ഓഹരികള്‍.

ആറര മണിക്കൂർ നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു

ആറര മണിക്കൂർ നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കു വെടി വയ്ക്കാതെ തന്നെ പുലിയ കൂട്ടിൽക്കയറ്റി പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിനു പിന്നാലെയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയുടെ ആരോ​ഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

ഇന്നലെ രാത്രിയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. പിന്നാലെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പുലിയെ കിണറ്റിൽ നിന്നു പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിച്ചിരുന്നു. പുലിയെ കൂട്ടിൽക്കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാൽ മയക്കു വെടി വച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ അർധ രാത്രി 12.20 ഓടെ പുലിയ കൂട്ടിൽ കയറ്റി പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്.