കത്തിക്കുത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കത്തിക്കുത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. 36 വയസായിരുന്നു. രാത്രി 10 മണിയോടെയാണ് ശേഷമാണ് സംഭവമുണ്ടായത്. യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാഷ്ട്രീയ സംഘര്‍ഷമാണോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊരു യുവാവിനും കത്തിക്കുത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബശ്രീ യൂണിറ്റുകൾക്ക് ലോഷൻ നിർമ്മാണപരിശീലനം നൽകി തോന്നയ്ക്കൽ സ്കൂൾ

കുടുംബശ്രീ യൂണിറ്റുകൾക്ക് ലോഷൻ നിർമ്മാണപരിശീലനം നൽകി തോന്നയ്ക്കൽ സ്കൂൾ

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് ലോഷൻ നിർമ്മാണ പരിശീലനം നൽകി. എച്ച്. എം സുജിത്ത്.എസ് സ്വാഗതം പറയുകയും പി.ടി.എ. അംഗം വി. മധുസൂദനൻ നായർ അധ്യക്ഷത വഹിക്കുകയും കുടവൂർ വാർഡ് അംഗം തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

തുടർന്ന് പി.ടി. എ അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ.എസ്, കലാകരുണാകരൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ക്ലബ്ബ് കൺവീനർ ആശ.എസ് നന്ദി പറഞ്ഞു. സ്കൂളിലെ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക, വ്യക്തികളെ സ്വയം പര്യാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പി.ടി.എ അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ നാല്പതോളം പേർ പങ്കെടുത്തു.

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ് മഹോത്സവം ഏപ്രിൽ 4 മുതൽ

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ് മഹോത്സവം ഏപ്രിൽ 4 മുതൽ

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ് മഹോത്സവം 2025 ഏപ്രിൽ 4 മുതൽ ഏപ്രിൽ 12 വരെ നടക്കും.

മഹോത്സവത്തോടനുബന്ധിച്ച് തന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന ഗണപതി ഹോമം, ഉത്സവബലി, നാഗരൂട്ട് എന്നീ പൂജകളും ശ്രീഭൂതബലി, കലശപൂജ തുടങ്ങിയ ഉത്സവ ചടങ്ങുകളും, ചുറ്റു വിളക്ക്, പുഷ്പാഭിഷേകം, പൂമൂടൽ, പുഷ്പാലങ്കാരം, ഭഗവാൻ്റെ തിരു: എഴുന്നള്ളത്തിനും, ആവണിഞ്ചേരി പൂരത്തിനുമായുള്ള ആന, അന്നദാനത്തിനായുള്ള അരി, പച്ചക്കറി, പല വ്യഞ്ജനങ്ങൾ, ഉത്സവ വിളംബരയാത്രയിലെ വിവിധ കലാരൂപങ്ങൾ, വിവിധ സ്‌റ്റേജ് പ്രോഗ്രാമുകൾ, വൈദ്യുത ദീപാലങ്കാരത്തിൻ്റെ വിവിധ ഭാഗങ്ങൾ എന്നിവ വഴിപാടായി സമർപ്പിക്കുവാനും, കമാനങ്ങൾ എന്നിവയിൽ പരസ്യം ചെയ്യാനും താൽപര്യമുള്ള ഭക്തജനങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 8086027328, 8304843698

8086059323(സെക്രട്ടറി )
8943988847(പ്രസിഡന്റ്‌)

നിരക്കുകൾ

ഗണപതി ഹോമം, ഉത്സവബലി, നാഗരൂട്ട്: 3000 രൂപ
ചുറ്റുവിളക്ക്: 5000 രൂപ
ഒരു ചാക്ക് അരി: 2500 രൂപ
കലശപൂജ: 2500
പുഷ്പാഭിഷേകം: 10000 രൂപ
ശ്രീഭൂതബലി: 5000 രൂപ
പൂ മൂടൽ: 1000 രൂപ
ആന: 60000 രൂപ

കൊടും ചൂട് തന്നെ; 3 ​ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാം

കൊടും ചൂട് തന്നെ; 3 ​ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

നിർദ്ദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍

സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍

തിരുവനന്തപുരം: പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെ സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം, മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കം, മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിയ ഭാര്യ മരിച്ചു

തൃശൂര്‍: മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.