ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന; ഇതുവരെ 54 കേസുകള്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പരിശോധന; ഇതുവരെ 54 കേസുകള്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളും വീടുകളും മറ്റു സ്ഥലങ്ങളും സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം എസ്ഐമാർ പരിശോധിച്ചു. ഇന്നലെ പുലർച്ചെ മുതലാണു സിറ്റി പരിധിയിൽ 306 ക്യാമ്പുകളിൽ പരിശോധന നടത്തിയത്. മിക്കയിടങ്ങളിൽ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെത്തി. വരും ദിവസങ്ങളിലും സമാനരീതിയിലുള്ള പരിശോധന സംഘടിപ്പിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് 54 കേസുകളാണ് വിവിധ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറെയും നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വച്ചതിനാണ്. ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതിൽ നിന്നും നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഹാൻസ് ,കൂൾ, ഗണേഷ്, തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകുന്നതും ഇവരാണെന്നും വിവരം ലഭിച്ചു. ഇത് കണക്കിലെടുത്ത് വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

വീണ്ടും സ്വര്‍ണവില കൂടി; 63,500ന് മുകളില്‍

വീണ്ടും സ്വര്‍ണവില കൂടി; 63,500ന് മുകളില്‍

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,520 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കൂടി. 50 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7940 രൂപയായി.

വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ 800 രൂപ ഇടിഞ്ഞത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; റിജോയെ ആരും സംശയിച്ചില്ല

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; റിജോയെ ആരും സംശയിച്ചില്ല

തൃശൂർ: നാട്ടിൽ ആഡംബര ജീവിതം നയിച്ച ചാലക്കുടി ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയിലേക്ക് ഒരിക്കലും ആരുടേയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ചു അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി.

ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബ യോ​ഗത്തിലും പ്രതി ഇതേക്കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’- എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കായി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ.

ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന അത്ര ആത്മവിശ്വാസത്തിലായിരുന്നു റിജോ. മങ്കി ക്യാപും അതിനു മുകളിലെ ഹെൽമറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കുമെന്നു കരുതി. ഇടയ്ക്ക് വഴിയിൽ വച്ച് വസ്ത്രം മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല.

ബാങ്കിൽ നിന്നു ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് പല ഇട റോഡുകൾ മാറി മാറിയാണ് സഞ്ചരിച്ചത്. ​ഗ്ലൗസ് ധരിച്ചതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്ക് മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി തിരികെ പിടിപ്പിച്ചും ആശയക്കുഴപ്പമുണ്ടാക്കാനും നോക്കി.

തിരുവനന്തപുരത്ത് 11കാരി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; അന്വേഷണം

തിരുവനന്തപുരത്ത് 11കാരി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍; അന്വേഷണം

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന.

ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടണം: സുരേഷ് ഗോപി

കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടണം: സുരേഷ് ഗോപി

തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ നല്‍കിയ ഇളവ് കേരളത്തിലുള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍ കേരളത്തിന് ഒന്നുമില്ലെന്ന് ചിലര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ സിറ്റിസണ്‍സ് ബജറ്റാണിത്. എല്ലാ ജില്ല ആശുപത്രികളിലും വികസനം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടിക്കായല്‍ വിനോദസഞ്ചാര പദ്ധതി അടക്കം രണ്ടു പദ്ധതികള്‍ കേരളത്തിനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്സലന്‍സി അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു.

‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; റിജോയെ ആരും സംശയിച്ചില്ല

ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; മോഷ്ടാവ് പിടിയില്‍, പ്രതി മലയാളി

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. 3 മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.