by Midhun HP News | Feb 16, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.
by Midhun HP News | Feb 16, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ഡ്രസ് ചെയ്ഞ്ചിങ് മുറിയിലും മരുന്ന് സൂക്ഷിക്കുന്ന മുറിയിലുമാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി.
അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു.
മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.
by Midhun HP News | Feb 16, 2025 | Latest News, കേരളം
തൃശൂര്‍: ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.
by Midhun HP News | Feb 16, 2025 | Latest News, കേരളം
കാസർകോട്: സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകർ തങ്ങളുടെ കുട്ടികളെ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നത് സമൂഹത്തിന് പൊതു വിദ്യാലയങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 120 അധ്യാപകരുടെ പട്ടിക കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണമാറ്റങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ നടപ്പാകും. അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 15, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്.
രണ്ട് കിഡ്നി, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു കിഡ്നി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനും മറ്റൊരു കിഡ്നി കിംസ് ആശുപത്രിയ്ക്കുമാണ് നൽകിയത്. നേത്രപടലം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഒഫ്താൽമോളജിയ്ക്കുമാണ് നൽകിയത്.
തിരുവനന്തപുരം വർക്കല, തോപ്പുവിള, കുരയ്ക്കണ്ണി, സ്വദേശിയായ ആർ.രാജേഷിനെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി എട്ടിന് ശനിയാഴ്ച പ്രവേശിപ്പിച്ചത്. ഫ്രെബുവരി 13ന് വ്യഴാഴ്ച മസ്തിഷ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാര്യ സംഗീത, മക്കൾ ഹരിശാന്ത്, ശിവശാന്ത് എന്നിവർ സമ്മതം നൽകിയതോടെയാണ് അവയവദാനത്തിന് വഴിയൊരുങ്ങിയത്.
സർക്കാരിന്റെ അവയവദാന പദ്ധതിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ കൈമാറ്റ നടപടിക്രമങ്ങളും സ്വീകർത്താക്കളെ കണ്ടെത്താനുള്ള നടപടിയും കാര്യക്ഷമമായി നടന്നത്. വേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
by Midhun HP News | Feb 15, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. 119 പേരടങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് രാത്രി പത്തുമണിക്ക് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സംഘത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഉള്‍പ്പെടുന്നു. ഗുജറാത്ത് (8), ഉത്തര്‍ പ്രദേശ് (3), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (2), ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരോ വ്യക്തികളുമാണ് പുതിയ സംഘത്തില്‍ ഉള്ളത്. നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ വിമാനം നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനധികൃതമായി താമസിക്കുന്നുവെന്ന് അമേരിക്ക കണ്ടെത്തിയ ഇന്ത്യക്കാരുടെ നാടുകടത്തല്‍ രണ്ടാഴ്ചയിലൊരിക്കല്‍ തുടരും, രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരെയും ആഴ്ചയില്‍ ഒരിക്കല്‍ അവിടെ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനാണ് നീക്കം.
അതേസമയം ഇന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ കൈകാലുകള്‍ ബന്ധിച്ചോണോ കൊണ്ടുവരുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം കുറിച്ചു. രാജ്യത്തിന്റെ നയതന്ത്രം പരീക്ഷിക്കുന്ന ഒന്നാകും ഇതെന്നും ചിദംബരം എക്‌സില്‍ കുറിച്ചു.
104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി അഞ്ചിന് സൈനിക വിമാനത്തില്‍ തിരിച്ചെത്തിച്ചിരുന്നു. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ പുതിയ സംഘത്തെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത്. 18,000 ത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി യുഎസില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
അതേസമയം, യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ പ്രതികരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ നിലപാട് അറിയിച്ചത്. നിയമപരമായ രേഖകളില്ലാതെ യുഎസില്‍ താമസിക്കുന്ന പൗരന്‍മാരെ ഇന്ത്യ സ്വീകരിക്കും. അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
Recent Comments