ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി; നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തി, പരിക്കുകളില്‍ ലോഷന്‍ പുരട്ടി; നഴ്‌സിങ് കോളജിലെ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നു. വിദ്യാര്‍ത്ഥി കരയുന്നതിനിടെ ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും വീഡിയോയിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൂന്നുമാസത്തോളമാണ് ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചത്.

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് കോട്ടയം നഴ്‌സിങ് കോളജിലെ അഞ്ചു വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (22), വയനാട് നടവയല്‍ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ ഇടതു സംഘടനയായ കെജിഎസ്എന്‍എയുടെ ഭാരവാഹിയാണ്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൊബൈലില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗണേഷ് കുമാര്‍

മൊബൈലില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇതിന് പൊലീസ് നടപടി സ്വീകരിക്കണം. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

‘കാല്‍നട യാത്രക്കാരില്‍ പലരും റോഡില്‍ നടക്കുന്നത് മൊബൈല്‍ കാതില്‍ വച്ചുകൊണ്ടാണ്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചവര്‍ക്ക് എന്തിനാണ് സീബ്രാലൈന്‍ വച്ചതെന്ന് അറിയില്ല’ ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ്. പൊലീസ് വകുപ്പ് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അത് നടക്കും. കാല്‍ നടയാത്രക്കാരന്‍ വട്ടം ചാടിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താലും പിഴയൊന്നുമില്ല. പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ട കാര്യമാണ്. ഇപ്പോള്‍ വാഹനമോടിക്കുന്നവനേ പിഴയള്ളു. തോന്നിയപോലെ റോഡ് ക്രോസ് ചെയ്യുന്നവര്‍ക്കും മൊബൈലില്‍ സംസാരിച്ച് വട്ടം ചാടുന്നവര്‍ക്കും ഫൈനൊന്നുമില്ല. അതിന് പിഴ ഏര്‍പ്പെടുത്തണം. കുറെയങ്ങ് അപകടം കുറഞ്ഞ് കിട്ടും’ – ഗണേഷ് കുമാര്‍ പറഞ്ഞു.

ചേര്‍ത്തലയിലെ സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ചേര്‍ത്തലയിലെ സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. സജിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് യുവതി മരിച്ചത്. തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല.

മകള്‍ പരാതി നല്‍കിയതോടെ സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്.

പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ മറ്റ് കുറ്റങ്ങൾ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിനകത്ത് കോണിപ്പടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞിരുന്നത്.

സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് പത്തൊൻപതുകാരിയായ മകൾ അമ്മയെ അച്ഛൻ സോണി മർദ്ദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്. തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്. സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദ്ദനം. അച്ഛനു പലരുമായും ബന്ധമുണ്ടായിരുന്നു. അതിലൊക്കെയുള്ള ദേഷ്യമാണ് മദ്യപിച്ചു വന്ന് തന്നോടും അമ്മയോടും തീർത്തിരുന്നത്. അച്ഛൻ പലതവണ കത്തിയെടുത്ത് കുത്താൻ വന്നിട്ടുണ്ടെന്നും മകൾ വെളിപ്പെടുത്തിയിരുന്നു. വീണ്ടും കത്തിയുമായെത്തി അച്ഛൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മകൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

ഇന്നും നാളെയും ചുട്ടുപൊള്ളും; മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം

ഇന്നും നാളെയും ചുട്ടുപൊള്ളും; മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( വ്യാഴം, വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ സമൂഹ പൊങ്കാല സമർപ്പണം നടന്നു

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ സമൂഹ പൊങ്കാല സമർപ്പണം നടന്നു

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ സമൂഹ പൊങ്കാല സമർപ്പണം ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ നടയിൽ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാര അടുപ്പിൽ മേൽശാന്തി ഇടവ വെൺകുളം കാട്ടുവിള കൃഷ്ണരാജ മഠത്തിൽ ഗോപാലകൃഷ്ണ റാവു തീ പകർന്നതോടെ പൊങ്കാല മഹോത്സവത്തിനു തുടക്കമായി.

ക്ഷേത്ര പറമ്പിൽ ഒരുക്കിയ 50,000 അടുപ്പുകൾക്ക് പുറമേ ക്ഷേത്രസന്നിധിയിലേക്ക് 5 കിലോമീറ്റർ ചുറ്റളവിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പൊങ്കാല അടുപ്പുകൾ സജ്ജീകരിക്കാൻ സ്ഥലമൊരുക്കിയിരുന്നു. ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വനിതാ പോലീസുകാർ അടക്കം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഠിനമായ ചൂടിൽ പൊങ്കാലയിടുന്നവർക്ക് ആശ്വാസം പകരാൻ ശീതള പാനീയങ്ങൾ, പഴവർഗ്ഗങ്ങൾ, അന്നദാനം എന്നിവയും വിവിധ സംഘടനകൾ സൗജന്യമായി വിതരണം ചെയ്തു.

ഓർമ്മശക്തിയിൽ യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കി ആലംകോട് സ്വദേശിയായ വിദ്യാർത്ഥി

ഓർമ്മശക്തിയിൽ യു ആർ എഫ് ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കി ആലംകോട് സ്വദേശിയായ വിദ്യാർത്ഥി

ബ്രെയിൻ ഹാക്ക് അക്കാഡമി മെമ്മറി ട്രയിനർ ശാന്തി സത്യൻ അനിത് സൂര്യ സംഘടിപ്പിച്ച “മെമ്മറി മാരത്തോൺ” എന്ന പരിപാടിയിൽ ആലംകോട് ഫാത്തിമ വില്ലയിലെ ജമീറുദീൻ്റെയും, സോണി ജമീറുദീന്റെയും മകനായ മുഹമ്മദ് യാസിൻ ആണ് ഒരു മിനിറ്റിനുള്ളിൽ വലിപ്പ ക്രമത്തിൽ 125 രാജ്യങ്ങളുടെ പേര് ഓർത്ത് പറഞ്ഞു കൊണ്ട് അപൂർവമായ പ്രകടനം കാഴ്ചവച്ചത്.

ഇത് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം (URF) അംഗീകരിച്ചു. ഈ നേട്ടത്തോടെ ഓർമ്മശക്തിയും പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന യുവ വിദ്യാർത്ഥികൾക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ് ഗവഃ എൽ.പി.സ്കൂൾ മേവർക്കിലെ 2ാം ക്ലാസുകാരനായ മുഹമ്മദ് യാസിൻ. പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും അവയുടെ അറ്റോമിക നമ്പരും ഓർത്ത് പറയുക, ലോകത്തിലെ മുഴുവൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും ഓർത്തു പറയുക, ഗണിതശാസ്ത്രത്തിലെ സ്ഥിരസംഖ്യയായ പൈയുടെ ദശാംശ സംഖ്യകൾ ഓർത്തു പറയുക തുടങ്ങിയ നിരവധി പരിശീലനങ്ങൾ ബ്രെയ്ൻ ഹാക്കിൽ, മെമ്മറിയിൽ ഗിന്നസ് വേൾഡ് റിക്കോർഡ് ഉൾപ്പെടെ നിരവധി ലോക റിക്കോർഡുകൾക്ക് ഉടമയായ പരിശീലക ശാന്തി സത്യൻ അനിത് സൂര്യ നടത്തിവരുന്നു. ഈ കടമ്പകളെല്ലാം കഴിഞ്ഞാണ് ബ്രെയിൻ ഹാക്കർ മുഹമ്മദ് യാസിൻ ഇപ്പോൾ ഏഷ്യൻ റെക്കോർഡിൽ എത്തി നിൽക്കുന്നത്.