by Midhun HP News | Feb 13, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് മലയോര മേഖലയില്‍ താമസിക്കുന്നവരുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പണിയുന്ന മലയോര പാതയിലെ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ പൂര്‍ത്തീകരിച്ച റീച്ച് ആയ കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ 34.3 കിലോമീറ്റര്‍ ദൂരം വരുന്ന പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
195 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റോഡിന് 12 മീറ്റര്‍ വീതിയുണ്ട്. റോഡിന്റെ ഇരുവശത്തും ഡ്രെയിനേജ് സംവിധാനം, ഭൂഗര്‍ഭ കേബിളുകള്‍ക്കും പൈപ്പുകള്‍ക്കുമുള്ള സൗകര്യങ്ങള്‍, സോളാര്‍ ലൈറ്റുകള്‍, സിഗ്‌നല്‍ സംവിധാനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഈ പാതയിലെ പ്രമുഖ സ്ട്രീറ്റുകളില്‍ ബസ് സ്റ്റോപ്പുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, ഗാര്‍ഡ് റെയിലുകള്‍ എന്നിവയുമുണ്ട്. കൂടരഞ്ഞിയിലെ കൂമ്പാറ, വീട്ടിപ്പാറ എന്നിവിടങ്ങളിലെ രണ്ട് പാലങ്ങളും റോഡിന്റെ ഭാഗമാണ്.
ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.’ഈ റോഡിന്റെ വികസനത്തിന്റെ അടുത്ത ഘട്ടം കക്കാടംപൊയില്‍ മുതല്‍ നിലമ്പൂര്‍ വരെയാണ്. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോടഞ്ചേരി-കക്കാടംപൊയില്‍ റോഡ് പുല്ലൂരാംപാറയില്‍ വെച്ച് തിരുവമ്പാടി-മരിപ്പുഴ റോഡില്‍ ചേരുന്നു. ഇത് നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കല്ലാടി-മേപ്പാടി തുരങ്ക പാതയിലേക്ക് നയിക്കുന്നു,’- കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.
മലയോര ഹൈവേ അഥവാ സംസ്ഥാന പാത 59 കാസര്‍കോടിലെ നന്ദരപടവ് മുതല്‍ തിരുവനന്തപുരത്തെ പാറശ്ശാല വരെ നീളുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മൂന്ന് റീച്ചുകളിലാണ് ഹൈവേയുടെ നിര്‍മ്മാണം നടക്കുന്നത്. അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ഇപ്പോള്‍ തുറന്നുകൊടുക്കാന്‍ പോകുന്നത്. ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് ഈ റോഡ് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
കക്കാടംപൊയില്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന എലന്തുകടവിലെ ഇരുവഞ്ഞിപ്പുഴ, തുഷാരഗിരി വെള്ളച്ചാട്ടങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് ടൂറിസത്തിനും ഗുണം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച റീച്ചിനായി ഭൂമി വിട്ടുകൊടുത്തവര്‍ക്കായി സംരക്ഷണ ഭിത്തികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സംസ്ഥാന പാതയാണ്. 54 റീച്ചുകളിലെ പ്രവൃത്തികള്‍ക്ക് കിഫ്ബി സാമ്പത്തിക സഹായം നല്‍കുന്നു. ഹൈവേയുടെ 793.68 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിന് 3,593 കോടി രൂപ കിഫ്ബി അംഗീകരിച്ചിട്ടുണ്ട്.
506.73 കിലോമീറ്റര്‍ റോഡ് പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും 481.13 കിലോമീറ്ററിന്റെ പ്രവൃത്തി കരാര്‍ ആയിട്ടുണ്ട്. ഇതുവരെ, 1,288 കോടി രൂപ ചെലവില്‍ 166.08 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായി. 2025 ഡിസംബറോടെ ഏകദേശം 250 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന്‍ നീക്കവുമായി വിജിലന്‍സ്. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി. 262 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
പട്ടികയില്‍ കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥിരമായി കേസില്‍പ്പെടുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അഴിമതിക്കാരെ കണ്ടെത്താന്‍ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഫയലുകള്‍ ദീര്‍ഘകാലം വെച്ചുതാമസിപ്പിക്കുന്നവര്‍, ഫയല്‍ നീക്കാന്‍ പണം ആവശ്യപ്പെടുന്നവര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ മാസത്തില്‍ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നും വിജിലന്‍സ് എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍ വിജിലന്‍സിലുണ്ടെന്നും ഡയറക്ടര്‍ വിമര്‍ശിച്ചു. പ്രവര്‍ത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം.
ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍ ആര്‍സിയുമായി ബന്ധിപ്പിക്കുന്ന വിധം:
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ടാക്‌സ്, ഇ- ചലാന്‍, തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും വാഹന ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. അതിനായി www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച ശേഷം ഓണ്‍ലൈന്‍ സര്‍വീസസില്‍ vehicle related services ക്ലിക്ക് ചെയ്ത് സ്റ്റേറ്റ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി മുന്നോട്ടുപോയാല്‍ വാഹന സംബന്ധമായ ഒരുപാട് സര്‍വീസുകളുടെ ഐക്കണ്‍ കാണാന്‍ സാധിക്കും. അതില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ ഓപ്പണ്‍ ചെയ്ത് വാഹനം സംബന്ധമായതും ആധാറുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളും മൊബൈല്‍ ഒടിപിയും നല്‍കി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.
മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്ത ഐക്കണ്‍ ആയ അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ ഓപ്പണ്‍ ചെയ്ത് വാഹനം സംബന്ധമായതും ആധാറിലെ വിശദാംശങ്ങളും മൊബൈല്‍ ഒടിപിയും നല്‍കിയാല്‍ ഒരു ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആകും. ഇതിന്റെ രശീത് പ്രിന്റ് എടുക്കുകയും വേണം. തുടര്‍ന്ന് അപ്ലോഡ് ഡോക്യൂമെന്റ്‌സില്‍ പോയി അപേക്ഷകന്റെ ഒരു അപേക്ഷ, മൊബൈല്‍ നമ്പര്‍ ഉള്ള ഇ- ആധാറിന്റെ പകര്‍പ്പ് അടക്കം മൂന്ന് രേഖകള്‍ അപ്ലോഡ് ചെയ്ത് ഫൈനല്‍ സബ്മിഷന്‍ നല്‍കേണ്ടതാണ്. തുടര്‍ന്ന് രേഖകളുമായി ആര്‍ടിഒ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ ഡോക്യൂമെന്റ്‌സ് പെന്റിങ് ആയാല്‍ സ്റ്റാറ്റസ് എന്ന ഭാഗത്ത് പോയി റീപ്രിന്റ് എന്ന ഓപ്ഷനില്‍ ഡോക്യൂമെന്റ്‌സ് അപ്ലോഡ് ചെയ്യാവുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ withdrawal application എന്ന ഭാഗത്ത് പോയി അപേക്ഷ പിന്‍വലിക്കാവുന്നതുമാണെന്ന് എംവിഡി അറിയിച്ചു.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
പെരുമാതുറ: രണ്ടാമത് പെരുമാതുറ പ്രീമിയർ ലീഗിന് (PPL) ഇന്ന് തുടക്കമാകും. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സാജൻ ബി.എസ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ റോയൽസ് നോ നെയിം ഇലവനെ നേരിടും. റോയൽസ്, നോ നെയിം 11 എന്നിവ കൂടാതെ റെഡ് റാപ്പ്റ്റേഴ്സ്, എം.സി.സി, പൊഴിക്കര ബോയ്സ്, പുതുക്കുറിച്ചി പാന്തേഴ്സ്, എന്നിവയാണ് മറ്റു ടീമുകൾ. ഉദ്ഘാടന മത്സരത്തിൽ ഷെഹിൻ നയിക്കുന്ന റോയൽസ് ആദിൽ നയിക്കുന്ന നോ നെയിം ഇലവനെ നേരിടും.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാർത്ഥി യുവജനങ്ങളെ ലഹരിയിലും മറ്റും നിന്നും വഴിമാറ്റി സ്പോർട്സിന്റെ ലഹരിയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. PPL ഒന്നാം സീസണിൽ സ്റ്റോo ചെയ്സേഴ്സ് ആണ് കപ്പുയർത്തിയത് പെരുമാൾ ഫൈറ്റേഴ്‌സ് നെയാണ് ഫൈനലിൽ അവർ നേരിട്ടത്. ലീഗ് മത്സരങ്ങളാണ് ആദ്യം നടക്കുക. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ഫൈനൽ.
by Midhun HP News | Feb 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആര്‍എസ്എസിന് പുതിയ ഓഫീസ്. ‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസില്‍ പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.
ഹിന്ദുത്വ ആശയം ഉള്‍ക്കൊള്ളുന്ന 75,000ത്തിലധികം ആളുകളില്‍ നിന്ന് ഫണ്ട് സ്വരുപിച്ചാണ് പുതിയ കെട്ടിടം പണിതത്. 3.75 ഏക്കറില്‍ 5ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് ഗുജറാത്ത് സ്വദേശിയായ അനൂപ് ദവേയാണ്. ആധുനിക സാങ്കേതിക വിദ്യയും പുരാതന വാസ്തുവിദ്യാരീതികളും സംയോജിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഓരോ ആംബുലൻസുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്. നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം.
ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.
നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നൽകണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിങ് ചാർജ്.
ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസുമുള്ള ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാർജ്. കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം ഇളവ് നൽകണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
Recent Comments