by Midhun HP News | Feb 12, 2025 | Latest News, കേരളം
മുംബൈ: സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീമില്‍ നിന്നും ബുമ്രയെ ഒഴിവാക്കിയത്. പകരമായി യുവതാരം ഹര്‍ഷിദ് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. ബുമ്രയുടെ അസാന്നിധ്യം ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
ഈ മാസം പത്തൊന്‍പതിനാണ് ചാംപ്യന്‍സ് ട്രോഫി മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനാണ് വേദിയെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ആദ്യം പ്രഖ്യാപിച്ച ടീമില്‍ നിന്ന് യശസ്വി ജയ്‌സ്‌വാളിനെ ഒഴിവാക്കി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരെയാ ടി20 മത്സരത്തിലെ മികച്ച പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തിക്ക് തുണയായത്.
അടുത്തിടെ മാത്രം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഹര്‍ഷിത് റാണ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റത്തില്‍ മൂന്നു വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടു വീതം ടെസ്റ്റും ഏകദിനവും ഒരു ടി20 മത്സരവും മാത്രമാണ് റാണ കളിച്ചിട്ടുള്ളത്. 15 അംഗ ടീമിനു പുറത്തായെങ്കിലും യശസ്വിയെ മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം നോണ്‍ ട്രാവലിങ് സബ്സ്റ്റിറ്റിയൂട്ടായി ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Feb 12, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ജൂനിയര്‍ അസോസിയേറ്റ്സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) നിയമനത്തിനായുള്ള പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പുറത്തുവിട്ടു. ക്ലര്‍ക്ക് നിയമനത്തിനായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in. ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഹോംപേജില്‍ കരിയേഴ്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് സൗകര്യം. സ്‌ക്രീനില്‍ തെളിയുന്ന എസ്ബിഐ ക്ലര്‍ക്ക് പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡില്‍ ക്ലിക്ക് ചെയ്ത ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്താല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
14,191 ഒഴിവുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22, 27, 28, മാര്‍ച്ച് 1 തീയതികളിലാണ് നടക്കുക. ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ആകെ 100 മാര്‍ക്കുള്ള 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. പരീക്ഷയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. ഇംഗ്ലീഷ് ഭാഷ – 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്, 20 മിനിറ്റ്, ന്യൂമറിക്കല്‍ എബിലിറ്റി ടെസ്റ്റ് – 35 ചോദ്യങ്ങള്‍, 35 മാര്‍ക്ക്, 20 മിനിറ്റ്, റീസണിങ് എബിലിറ്റി ടെസ്റ്റ്- 35 ചോദ്യങ്ങള്‍, 35 മാര്‍ക്ക്, 20 മിനിറ്റ് എന്ന തരത്തിലാണ് പരീക്ഷ. ഓരോ തെറ്റായ ഉത്തരത്തിനും ഒരു ചോദ്യത്തിന് അനുവദിച്ചിരിക്കുന്ന മാര്‍ക്കിന്റെ നാലിലൊന്ന് (1/4) കുറയ്ക്കുന്ന തരത്തില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.
ഒഴിവുകളുടെ എണ്ണത്തിന്റെ ഏകദേശം 10 മടങ്ങ് പേരെ മെയിന്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കും. ക്ലര്‍ക്ക് മെയിന്‍ പരീക്ഷയില്‍ 200 മാര്‍ക്കുള്ള 190 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ആകെ 2 മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷ.
by Midhun HP News | Feb 12, 2025 | Latest News, കായികം
സിഡ്‌നി: ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. വ്യക്തിപരമായ കാരണങ്ങളാല്‍ ഓസിസ് ടീമില്‍ നിന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിന്‍മാറി. പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ടീമില്‍ ഇല്ലാത്തതിനാല്‍ സ്റ്റാര്‍ക്കില്‍ ആയിരുന്നു ഓസിസിന്റെ പ്രതീക്ഷ. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അപ്രതീക്ഷിത വിരമിക്കലും ടീമില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി.
സ്റ്റാര്‍ക്കിന്റെ തീരുമാനത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പൂര്‍ണ പിന്തുണ അറിയിച്ചു. ‘മിച്ചിന്റെ തീരുമാനത്തെ ഞങ്ങള്‍ ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു,’ ഓസിസ് ടീം സെലക്ഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു. രാജ്യത്തിനായി മിച്ചി നടത്തിയ പ്രകടനങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. മിച്ചി ടീമില്‍ ഇല്ലാത്തത് ഓസിസിസിന് വലിയ തിരിച്ചടിയാണ്. എന്നാല്‍ ഇത് ടൂര്‍ണമെന്റില്‍ മറ്റൊരു താരത്തിന് വ്യക്തി മുദ്ര പതിപ്പിക്കാന്‍ അവസരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
15 അംഗ ടീമില്‍ പേസര്‍മാരായ സ്‌പെന്‍സര്‍ ജോണ്‍സണ്‍, നേഥന്‍ എല്ലിസ്, ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താനായെന്ന് ബെയ്‌ലി പറഞ്ഞു. ഫ്രേസര്‍-മക്ഗുര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ലെഗ് സ്പിന്നര്‍ തന്‍വീര്‍ സംഘ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡ്വാർഷിയൂസ്, നേഥൻ എലിസ്, ജെയ്ക് ഫ്രേസർ മക്‌ഗൂർക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ, തൻവീസ് സാംഗ, മാത്യു ഷോർട്ട്, ആദം സാംപ
by Midhun HP News | Feb 12, 2025 | Latest News, ജില്ലാ വാർത്ത
കല്‍പ്പറ്റ: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെ വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് (27) മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഉരുള്‍പൊട്ടല്‍ ഉണ്ടായ ചൂരല്‍മലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് അട്ടമല. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എസ്റ്റേറ്റ് മേഖലയായ പ്രദേശത്ത് കാട്ടാനയും പുലിയും ഇറങ്ങുന്നത് പതിവാണ്. ഇവിടെ വനമേഖലയോട് ചേർന്നുള്ള തോട്ടമേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എങ്ങനെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചു.
by Midhun HP News | Feb 12, 2025 | Latest News, ജില്ലാ വാർത്ത
കയാക്കിംഗിനിടെ കായലിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അഞ്ചുതെങ്ങ് സ്വദേശിയായ ഗൈഡ് മുങ്ങിമരിച്ചു. കടവിൽ കടകത്തുവീട്ടിൽ മണിയൻ (61) ആണ് മരണപ്പെട്ടത്. കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിങ് ഗൈഡ് ആയി പ്രവർത്തിക്കുകയായിരുന്നു മരണപ്പെട്ട മണിയൻ. മണിയൻ അഞ്ചുതെങ്ങ് കായിക്കര സ്വദേശിയാണ്.
കായലിൽ കയാക്കിംഗ് നടത്തുന്നതിനിടയിൽ വിനോദസഞ്ചാരികളായ തമിഴ്‌നാട് സ്വദേശികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. കയാക്കിംഗ് നടത്തുന്നതിനിടയിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ വള്ളം അപകടത്തിൽപ്പെട്ടു. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗൈഡായ മണിയൻ്റെ കൈ കയാക്കിംഗ് വള്ളം ഘടിപ്പിച്ചിരിക്കുന്ന ഹുക്കിനിടയിൽപ്പെട്ടു. ഇതോടെ മണിയൻ സഞ്ചരിച്ചിരുന്ന കയാക്കിംഗ് വള്ളം മറിയുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മണിയനെ ഉടൻതന്നെ കരയ്ക്കത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ ലീല, മക്കൾ പ്രീത, മനീഷ്
by Midhun HP News | Feb 12, 2025 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അലഞ്ഞു തിരിഞ്ഞ് നാട്ടുകാര്‍ക്ക് പൊതുശല്യമായി മാറിയ കുതിരയെ പിടിച്ചുകെട്ടി. തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളില്‍ അലഞ്ഞ് നടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറിയിട്ട് ഏറെക്കാലമായി. തളിപ്പറമ്പിലെ ഒരു വ്യക്തി വലിയ വില കൊടുത്ത് വാങ്ങിയ കുതിരകളില്‍ രണ്ടെണ്ണം ചത്തുപോയിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായ ഉടമ ഈ കുതിരയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഉടമയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട്ടുവളപ്പുകളില്‍ തീറ്റ തേടി എത്തുന്ന കുതിര കാര്‍ഷിക വിളകള്‍ തിന്നു തീര്‍ക്കുകയും അലങ്കാര ചെടികളും മറ്റും നശിപ്പിക്കുന്നതും വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതും പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് കുതിരയെ നഗരസഭാ ജീവനക്കാര്‍ പിടിച്ചു കെട്ടിയത്.
Recent Comments