by Midhun HP News | Feb 11, 2025 | Latest News, കേരളം
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അനന്തുവിനെ പൊലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിലവിലെ അന്വേഷണ സംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്.
പാതിവില തട്ടിപ്പില്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദ കുമാര്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ഫറോഖിലും കേസെടുത്തു. കേരള ഗ്രാമ നിര്‍മ്മാണ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. 918 ആളുകളില്‍ നിന്നായി 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.
കെ എൻ ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി. പാതിവില തട്ടിപ്പിന്‍റെ തുടക്ക കാലങ്ങളിൽ ഇടുക്കിയിൽ നടന്ന പല യോഗങ്ങളിലും ആനന്ദകുമാർ പങ്കെടുത്തിരുന്നതായും ഇവർ പറയുന്നു. ഇടുക്കിയിലെ വണ്ടൻമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പിൽ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണൻ, ഷീബ തുടങ്ങിയവരും പ്രതികളാണ്.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ (76) ഇന്നലെ (10-02-2025) രാവിലെ 8.20 ന് സമാധി പ്രാപിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വാമികള്‍ ശിവഗിരി ശ്രീനാരയണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് സമാധിയായത്.
നിലവിലുളള ധര്‍മ്മസംഘം ട്രസ്റ്റ് അംഗങ്ങളില്‍ ഏറ്റവും സീനിയറായിരുന്നു സ്വാമികള്‍. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു. 1979 ലാണ് സുഗതന്‍ എന്ന പൂര്‍വനാമം ഉപേക്ഷിച്ചു അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്‍റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ കണ്ണിയായത്. പൂര്‍വാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനങ്ങളായ പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ എന്നീ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു ഗുരുധര്‍മ്മപ്രചരണത്തില്‍ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ഭരണസമിതിയിലും സ്വാമികള്‍ അംഗമായിരുന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 4 മണിക്ക് ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹം 5 മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തി. ശിവഗിരിയില്‍ സ്വാമിയുടെ ഭൗതികശരീരമെത്തിച്ചപ്പോള്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ത്രിരത്നതീര്‍ത്ഥര്‍, സ്വാമി പത്മാനന്ദ, സ്വാമി വിശാലനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, സ്വാമി ദേശീകാനന്ദയതി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫാ: കോശി ജോര്‍ജ് വരിഞ്ഞവിള, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍, തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധ തുറകളില്‍പ്പെട്ടവരും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും കേന്ദ്ര ജില്ലാതല ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. സമാധിയിരുത്തല്‍ ചടങ്ങിന് ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടന്നു. സമാധിയിരുത്തല്‍ ചടങ്ങില്‍ സന്യാസി ശ്രേഷ്ഠര്‍ക്കൊപ്പം ശിവഗിരി മഠത്തിലെ ബ്രഹ്മചാരികള്‍, വൈദികര്‍, അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത, മരണം
പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം വലിയവിളാകം വീട്ടിൽ സലാഹുദ്ധീൻ (65) നിര്യാതനായി.ദീർഘകാലമായി മുതലപ്പൊഴി ഹാർബറിലെ യൂണിയൻ തൊഴിലാളി ആയിരുന്നു ഇദ്ദേഹം.
ഭാര്യ: സീനത്ത്
മക്കൾ: മുഹമ്മദ് ഷാ, ഷെഹീൻഷാ, ബിജിൻഷാ, ഷഹാസ്, ഷിഹാസ്
മരുമക്കൾ: ഹഫ്‌സ, സബീദ, മുബീന
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
കൈപ്പറ്റിമുക്ക്, ഒലിപ്പുറം മാടൻനടയിലെ ഈ വർഷത്തെ ചിറപ്പ് മഹോത്സവം തൈപ്പൂയ ദിനമായ ഇന്ന് ആഘോഷപൂർവ്വം നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് രാവിലെ 05.30 മുതൽക്കുള്ള ഗണപതിഹോമം,കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം, ഉച്ചയ്ക്ക് 12.00 മുതൽ സമൂഹസദ്യ ഉണ്ടായിരിക്കുന്നതാണ്.
കുലവാഴ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര വൈകുന്നേരം 5.30 ന് കൈപ്പറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നതും , തുടർന്ന് പ്രത്യേക ദീപാരാധനയും ഭജനയും ആകാശക്കാഴ്ചയും ഉണ്ടായിരിക്കുന്നതുമാണ്.
by Midhun HP News | Feb 11, 2025 | Latest News, കേരളം
കൊച്ചി: സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്ന പവന്‍ അടുത്ത സൈക്കോളജിക്കല്‍ മാര്‍ക്ക് ആയ 65,000ല്‍ അതിവേഗം എത്തുമെന്നാണ് വിപണി വൃത്തങ്ങളുടെ പ്രവചനം.രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് : ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13 വ്യാഴാഴ്ച നടക്കും. രാവിലെ 10.15-ന് ക്ഷേത്രം മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാകും.
11.30-നുശേഷമാണ് നിവേദ്യ ചടങ്ങുകൾ ആരംഭിക്കുന്നത്. ക്ഷേത്രപ്പറമ്പിൽ മാത്രമാണ് ദേവസ്വം ബോർഡ് പൊങ്കാല അടുപ്പുകൾക്ക് സൗകര്യം ഒരുക്കുന്നത്. പൊങ്കാലയടുപ്പുകൾ ക്ഷേത്രപ്പറമ്പിൽ സജ്ജമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്.
മറ്റിടങ്ങളിൽ റെസിഡെൻസ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കി, ഹരിതചട്ടം പാലിച്ചാണ് പൊങ്കാല സമർപ്പിക്കേണ്ടത്. പൊങ്കാലയോടനുബന്ധിച്ച് ചിറയിൻകീഴ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ക്രമീകരണങ്ങൾ ഉറപ്പാക്കി. പൊങ്കാലദിനത്തിൽ കെ.എസ്.ആർ.ടി.സി. അധിക സർവീസുകൾ നടത്തും. ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് രാവിലെയും ഉച്ചയ്ക്കും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും.
ജല അതോറിറ്റി ക്ഷേത്രപ്പറമ്പിനു ചുറ്റുമായി 100 ടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും. കടയ്ക്കാവൂർ പഞ്ചായത്തും ചിറയിൻകീഴ് താലൂക്കാശുപത്രിയും കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങൾ നടത്തും. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയോടെമാത്രമേ ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യാൻ അനുവദിക്കൂ.
ശാർക്കര ക്ഷേത്രപരിസരത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടപടികൾ പൂർത്തിയായി. ഭക്തർക്കായി ബയോ ടോയ്‌ലറ്റ് സംവിധാനം, ആരോഗ്യസേവനം, ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കും.
ഭദ്ര ഓഡിറ്റോറിയത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം പ്രവർത്തിക്കും. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സുരക്ഷയൊരുക്കും.
ചിറയിൻകീഴ്, ആറ്റിങ്ങൽ, കഠിനംകുളം, കടയ്ക്കാവൂർ, മംഗലപുരം സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷയും ഒരുക്കും. പൊങ്കാലയ്ക്കുശേഷം ഹരിതകർമസേന ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
ചിറയിൻകീഴ് ശാർക്കര പൊങ്കാലയ്ക്ക് ഭക്തർക്ക് അടുപ്പു കൂട്ടുന്നതിനുള്ള ആറ്് ലോഡ് ചുടുകല്ല് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. വിഷ്ണുഭക്തൻ നൽകി. ക്ഷേത്ര മേൽശാന്തി വെൺകുളം കൃഷ്ണരാജമഠത്തിൽ ഗോപാലകൃഷ്ണ റാവു പോറ്റിക്കും ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.എസ്. പ്രവീൺ കുമാറിനും നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
32 വർഷമായി സി.വിഷ്ണുഭക്തൻ പൊങ്കാലയ്ക്ക് കല്ലുകൾ നൽകി വരുകയാണ്. ശാർക്കര മീനഭരണിയുടെ ഭാഗമായി ഉത്സവ നാളുകളിൽ 32 വർഷമായി നടത്തുന്ന വലിയകട മുതൽ ശാർക്കര വരെയുള്ള ദീപാലങ്കാരം ഇക്കുറിയും ഉണ്ടാകുമെന്നും സി.വിഷ്ണുഭക്തൻ അറിയിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശങ്കർ ശ്രീകുമാർ, സെക്രട്ടറി വ്യാസൻ, വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം മോനി ശാർക്കര, അശോകൻ ശ്രീനീസ് തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെമുതൽ ക്ഷേത്രപ്പറമ്പിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും, കോളിച്ചിറ റോഡിലും പാർക്ക് ചെയ്യണം. വലിയകട ഭാഗത്തുനിന്നുവരുന്നവ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസിൽ പാർക്ക് ചെയ്യണം.
Recent Comments