by Midhun HP News | Feb 11, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് വീടിന്റെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് രാജവെമ്പാലയെ വനപാലകര്‍ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാര്‍ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്.
പാമ്പിന്റെ ശീല്‍ക്കാര ശബ്ദം കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ കൂറ്റന്‍ പാമ്പിനെ കണ്ടതോടെ ഉടന്‍ തന്നെ പുന്നേക്കാട് വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പുപിടിത്ത വിദഗ്ധനുമായി എത്തിയ വനപാലക സംഘം ഏറെ നേരത്തെ ശ്രമത്തിനുശേഷം സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.
പിടികൂടിയ പാമ്പിന് പതിനഞ്ച് അടിയിലേറെ നീളമുണ്ട്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് ഈ വീട്. ചൂട് കാലമായതിനാല്‍ തണുപ്പ് തേടിയാവാം പാമ്പ് എത്തിയതെന്നാണ് നിഗമനം. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ തുറന്നു വിട്ടു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാലത്തിന് അനുസൃതമായ അനിവാര്യമായ നടപടിയാണ് സ്വകാര്യ സര്‍വകലാശാലകളെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതില്‍ നിന്നും ഇനിയും നമുക്ക് മാറി നില്‍ക്കാനാകില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനും മുന്നേറ്റത്തിനും അനിവാര്യമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതോടൊപ്പം നിലവിലുള്ള സര്‍വകലാശാല നിയമങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള മറ്റൊരു ബില്ലും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞതായി മന്ത്രി ബിന്ദു പറഞ്ഞു. ആഗോളവത്കരണത്തിന്റെ മൂന്നര പതിറ്റാണ്ട് നാം പിന്നിട്ടു കഴിഞ്ഞു. ആഗോളവത്കൃത ലോകക്രമത്തിന്റെ ഭാഗമായി, വളരെ മത്സരാധിഷ്ഠിത സമൂഹമായി ഇന്ത്യയും മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരു ജനത എന്ന നിലയില്‍ നമുക്ക് പിടിച്ചു നില്‍ക്കണമെന്നുണ്ടെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങളിലൂടെ പോയേ തീരുവെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
സ്വകാര്യസര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍, കൃത്യമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയും മറ്റ് പൊതുസംവിധാനങ്ങളുടേയും കൃത്യമായ ജാഗ്രതയും ഇടപെടലും റെഗുലേഷനും ഉറപ്പാക്കുന്ന രീതിയിലാണ് ബില്ലിന്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി സാമൂഹ്യനിയന്ത്രണമുള്ള സംവിധാനമായിട്ടാണ് കേരളത്തിലെ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാല ബില്ലിനെ സിപിഐ എതിര്‍ത്തിരുന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും, അതെല്ലാം ഉള്‍ക്കൊണ്ട് ഐകകണ്‌ഠേനയാണ് ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചത്. സിപിഐ പൂര്‍ണമായി എതിര്‍ത്തിട്ടില്ല. ചെറിയ ചില കാര്യങ്ങളില്‍ സിപിഐ ചില മാറ്റം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസമന്ത്രി ഈ സര്‍വകലാശാലകലില്‍ വിസിറ്ററായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉണ്ടായിരുന്നു. അതിനു പകരം അതത് സര്‍വകലാശാലകളുടെ ജൂറിസ്ഡിക്ഷനുമായി ബന്ധപ്പെട്ട് പല മന്ത്രിമാരും ആകാവുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.
എന്നാല്‍ സ്വകാര്യസര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആ നിലയില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം സര്‍ക്കാരിന് കൃത്യമായ തലത്തില്‍ ഇടപെടാന്‍ കഴിയുന്ന പ്രൊവിഷന്‍ ഈ ബില്ലില്‍ ഉറപ്പാക്കിയിട്ടുണ്ട്. സമകാലിക സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത്, സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിന് മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കും. എത്രയോ കാലം മുമ്പ് നമ്മള്‍ കൈക്കൊണ്ട നിലപാടുകള്‍ക്ക്, ഇന്നത്തെ സാഹചര്യത്തില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. അതല്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നാം ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് പിന്തള്ളപ്പെടും. ഒരു മൂര്‍ത്ത സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്‌സിയന്‍ നിലപാടാണ്. മന്ത്രി ബിന്ദു പറഞ്ഞു.
ഇപ്പോഴത്തെ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മൂര്‍ത്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാലത്തിന് അനുസൃതമായിട്ടാണ് തീരുമാനമെടുക്കുക. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസകാലത്ത് ഇന്നത്തെ കാലത്ത് ഏറ്റവുമധികം എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണുള്ളത്. 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ കോളജുകള്‍. ആ സാഹചര്യത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അസ്പൃശ്യത കല്‍പ്പിക്കേണ്ടതില്ല. ലോകോത്തരമായ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാഹചര്യം ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം സംവരണം ഉള്‍പ്പെടെ ഉള്‍ച്ചേര്‍ത്താണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് വേഗ റെയില്‍ പാതയ്ക്ക് ( സില്‍വര്‍ ലൈന്‍) പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ തന്നെ തിരുവനന്തപുരം- കണ്ണൂര്‍ (430 കിലോമീറ്റര്‍) സെമി ഹൈസ്പീഡ് റെയില്‍ പാതയ്ക്ക് സര്‍ക്കാര്‍ സാധ്യത തേടുകയാണ്. ഇതിന് സാങ്കേതിക പിന്തുണയറിച്ച ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്.
ഒട്ടേറെപ്പേരെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. അതുകൊണ്ട് താരതമ്യേന കുറവു ഭൂമി ഏറ്റെടുക്കുന്ന വിധത്തിലാണ് ശ്രീധരന്‍ മുന്നോട്ടു വയ്ക്കുന്ന പുതിയ പാത. കൂടുതലും തുരങ്കങ്ങളിലൂടെയും തൂണുകളിലൂടെയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരുലക്ഷം കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
25-30 കിലോമീറ്റര്‍ ഇടവിട്ടായി മൊത്തം 15 സ്‌റ്റേഷനുകളുണ്ടാകും. പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. ദീര്‍ഘ ദൂര ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് ഒരുപോലെ സഹായകരമായ പദ്ധതിയാണിത്. റെയില്‍വെയുടെ 3,4 പാതകള്‍ക്കു സാധ്യതാ പഠനം നടക്കുന്നുണ്ടെങ്കിലും വളവു നികത്തി വേഗം കൂട്ടുക പ്രായോഗികമല്ല. ഗുഡ്‌സ്, പാസഞ്ചര്‍ ട്രെയിനുകള്‍ ഒരേ ട്രാക്കിലോടിക്കുന്നതില്‍ അപകട സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ പറയുന്നു.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുമ്പ് വിശദ പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കിയ തിരുവനന്തപുരം – കണ്ണൂര്‍ ഹൈസ്പീഡ് പാതയുടെ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈന്‍മെന്റ് കണ്ടെത്തുക. തുടര്‍ച്ചയായി നഗരങ്ങളുള്ള കേരളത്തില്‍ 350 കിലോമീറ്റര്‍ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റര്‍ മതിയെന്നുമാണ് ഇ ശ്രീധരന്റെ നിലപാട്. 135 കിലോമീറ്റര്‍ ശരാശരി വേഗത്തില്‍ ട്രെയിന്‍ ഓടിച്ചാല്‍ തിരുവനന്തപുരം-കണ്ണൂര്‍(430കിലോമീറ്റര്‍) ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ പിന്നിടാം. ഭാവിയില്‍ ചെന്നൈ-ബംഗളൂരു- കോയമ്പത്തൂര്‍ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിച്ച് ദേശീയ ഹൈസ്പീഡ് റെയില്‍ ശൃംഖലയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണ് പാത സ്റ്റാര്‍ഡേര്‍ഡ് ഗേജിലാക്കുന്നതെന്നും പറയുന്നു.
കെ റെയിലിനെയല്ല, ഡിഎംആര്‍സിയെയാണ് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കാനും പദ്ധതി നടത്തിപ്പിനും നിയോഗിക്കേണ്ടത് എന്നാണ് ശ്രീധരന്‍റെ നിര്‍ദേശം. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ എട്ടു മാസം കൊണ്ട് ഡിപിആര്‍ തയാറാക്കാം. അഞ്ചു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാമെന്നും ശ്രീധരന്‍ പറയുന്നു.
by Midhun HP News | Feb 11, 2025 | Latest News, കേരളം
കൊച്ചി: ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നിന്നെത്തിയ കുടുംബത്തിനാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം നേരിട്ടത്. പുല്ലേപടി ദാറുൽ ഉലൂം സ്കൂളിൽ ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ വാർഷിക സംഗമത്തിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഓട്ടോ ഡ്രൈവറുടെ ആക്ഷേപത്തിന് ഇരയായത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുല്ലേപടിയിലേക്ക് നിരക്ക് ചോദിച്ചപ്പോൾ 100 രൂപ ആകുമെന്ന് പറഞ്ഞ ഡ്രൈവറോട് ഇത് കൂടുതൽ അല്ലേയെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 100 രൂപ തരാമെങ്കിൽ കയറിയാൽ മതിയെന്നും മറ്റും പറഞ്ഞ് ഇയാൾ ആക്ഷേപിക്കുകയായിരുന്നു. മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോൾ 80 രൂപ പറഞ്ഞു.
അതിൽ കയറി പുല്ലേപടിയിലെത്തിയപ്പോൾ മീറ്ററിൽ 46 രൂപയാണ് കണ്ടതെങ്കിലും 80 രൂപ കൊടുക്കേണ്ടി വന്നു. ഓട്ടോക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഗതാഗത മന്ത്രിക്ക് ഇ മെയിലിൽ പരാതി അയച്ചതിനെ തുടർന്നാണ് നടപടി. മന്ത്രി ആർടിഒ ടി എം ജേഴ്സന് പരാതി കൈമാറി. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എംപി സുനിൽകുമാർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവർ ചെല്ലാനം സ്വദേശി പികെ സോളിയെ ആർടി ഓഫീസിൽ വിളിച്ചു വരുത്തി.
സംഭവ ദിവസം തന്റെ ഓട്ടോ സർവീസ് നടത്തിയിട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ ആദ്യ നിലപാട്. പരാതിക്കാരനെ വിഡിയോ കോളിൽ വിളിച്ച എഎംവിഐ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോൾ ഈ ഡ്രൈവർ തന്നെയാണെന്ന് പരാതിക്കാരൻ പറഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഗതാഗത നിയമ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു.
by Midhun HP News | Feb 11, 2025 | Latest News, കേരളം
കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
മോർച്ചറിയിൽ നിന്ന് ആശുപത്രി ജീവനക്കാർ പവിത്രനിൽ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.എകെജി ആശുപത്രിയിലെ ഡോക്ടർ പൂർണിമ റാവുവിൻ്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രൻ ആശുപത്രി വിട്ടത്. വീട്ടിൽ കഴിയുന്നതിനിടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു. പവിത്രൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു.
by Midhun HP News | Feb 11, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിന് പിന്നാലെ ചന്ദ്രികയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
തമിഴ്‌നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
വയലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും, മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ ജൂലൈയിലും നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്നു ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. രണ്ടു മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതു പേരാണ്. ഉള്‍ക്കാട്ടില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ സഹായവും നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
Recent Comments