by Midhun HP News | Feb 10, 2025 | Latest News, കേരളം
പാലക്കാട്: പട്ടാമ്പി നേര്‍ച്ചക്കിടെ ആന വിരണ്ടോടി നിരവധി പേര്‍ക്ക് പരിക്കേറ്റു. പട്ടാമ്പി ദേശീയോത്സവത്തിന്റെ ഭാഗമായ മതസൗഹാര്‍ദ-സാംസ്കാരിക ഘോഷയാത്ര അവസാനിക്കുമ്പോഴാണ് ‘പേരൂര്‍ ശിവന്’ എന്ന ആന ഇടഞ്ഞത്. രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്.
മേലെ പട്ടാമ്പിയില്‍നിന്ന് ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമെത്തിയപ്പോഴേക്കും ആനയെ നിയന്ത്രണ വിധേയമാക്കി. പാപ്പാന്മാര് ആനയുടെ വാലില്‍ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും നിരവധി പേര് തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ചെയ്തു.
അതിനിടെ, സമീപത്ത സ്കൂള്‍ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ വയസ്കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പി മുറിച്ച് ഇയാളെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
by Midhun HP News | Feb 10, 2025 | Latest News, ദേശീയ വാർത്ത
കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
കൊച്ചി: അക്രമാസക്തനായ പ്രതി എഎസ്ഐയുടെ തലയില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. എറണാകുളം തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് പരിക്കേറ്റത്. ഷിബിന്റെ തലയില്‍ ഏഴ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഇതരസംസ്ഥാനക്കാരനായ പ്രതി ധനഞ്ജയനെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൃക്കാക്കര ഡിഎല്‍എഫ് ഫ്ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ വാഹനങ്ങള്‍ തടയുകയും, റോഡില്‍ പരാക്രമം കാട്ടുകയും ചെയ്തത് അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
തുടര്‍ന്ന് പ്രതി പൊലീസ് സംഘത്തിന് നേര്‍ക്ക് പാഞ്ഞടുത്തു. പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി. പൊലീസുകാരുടെ വിസില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് റോഡില്‍ കിടന്ന കല്ലെടുത്ത് എഎസ്ഐയുടെ നേര്‍ക്ക് എറിയുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എഎസ്ഐയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്ണമിയില് ആര് എല്‍ ആദര്‍ശ് (36) ആണ് മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകനാണ് ആദര്‍ശ്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രാത്രി എട്ടരയോടെയാണ് അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര് വശത്തൂകൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ഫോഴ്സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് കയറി. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ലോറി ഡ്രൈവര്‍ക്കും സാരമായ പരുക്കുണ്ട്. ലുലുവിലെ ടെക്നിക്കല്‍ മാനേജരായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകന്: ആര്യന്. സഹോദരന്: ഡോ. ആശിഷ്.
by Midhun HP News | Feb 10, 2025 | Latest News, കേരളം
കോഴിക്കോട്: കൊറിയര്‍, പാഴ്സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. പാഴ്സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ് ചാര്‍ജ് വര്‍ധന. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ പറയുന്നു.
ഒന്നു മുതല്‍ അഞ്ചു വരെ കിലോ (200 കിലോമീറ്ററിന്) 110 രൂപ. 5-15 കിലോ 132 രൂപ, 15-30 കിലോ 158 രൂപ, 30-45 കിലോ 258 രൂപ, 45-60 കിലോ 309 രൂപ, 60 -75 കിലോ 390 രൂപ, 75 -90 കിലോ 468 രൂപ, 90-105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. കിലോമീറ്റര്‍ ദൂരം കൂടുന്നതിന് അനുസരിച്ച് ചാര്‍ജ് ആനുപാതികമായി വര്‍ധിക്കും.
നേരത്തേ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്കെയില്‍ നിശ്ചയിച്ചിരുന്നത്. ഒന്നു മുതല്‍ 30 വരെ കിലോ അയക്കുന്നതിന് 110 രൂപയായിരുന്നു ഇടാക്കിയിരുന്നത്. ഇപ്പോള്‍ 1 മുതല്‍ 2 കിലോ, 5 മുതല്‍ 15, 15 മുതല്‍ 30 എന്നിങ്ങനെ മൂന്ന് സ്കെയിലാക്കി തിരിച്ചു.
90 കിലോക്ക് മുകളിലുള്ള സാധനം 200 കിലോമീറ്റര്‍ ദൂരപരിധിയില്‍ അയക്കാന്‍ നേരത്തേ 430 രൂപ മതിയായിരുന്നെങ്കില്‍ പുതുക്കിനിശ്ചയിച്ച നിരക്ക് പ്രകാരം 516 രൂപ വേണം. കുറഞ്ഞ ചാര്‍ജ് ഈടാക്കിയിരുന്ന കൊറിയര്‍ സര്‍വീസ് വഴി കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു.
by Midhun HP News | Feb 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ മാസം ഏഴിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്.ജനുവരി 17 ന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസമാണ് നിയമസഭ സമ്മേളിക്കുക.
Recent Comments