ഇന്ന് നാലു ജില്ലകളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ്

ഇന്ന് നാലു ജില്ലകളില്‍ കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക

സദാനന്ദപുരത്ത് ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 2 പേർ മരിച്ചു

സദാനന്ദപുരത്ത് ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 2 പേർ മരിച്ചു

കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലൻസും പിക്കപ്പും കൂട്ടിയിടിച്ച് രോഗി ഉൾപ്പെടെ 2 പേർ മരിച്ചു. അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. 7 പേർക്ക് പരിക്ക്. ലോറിയിൽ ഉണ്ടായിരുന്ന നാലുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അടൂർ താലൂക്ക് ആശുപത്രിയിൽ നിന്നും വന്ന ആംബുലൻസാണ് എതിരെ വന്ന പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചത്.
രാത്രി 12 മണിയോടെയാണ് അപകടം. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറത്തുവിട്ടു.

കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർത്തി നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017ൽ ആരംഭിച്ച ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച ശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. കഴിഞ്ഞദിവസങ്ങളിലെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്.

പി സുകുമാരൻ നായർ (85) അന്തരിച്ചു

പി സുകുമാരൻ നായർ (85) അന്തരിച്ചു

ആറ്റിങ്ങൽ: രാമച്ചംവിള പുതുവിളാകത്ത് വീട്ടിൽ പി സുകുമാരൻ നായർ (85) അന്തരിച്ചു.
ഭാര്യ: ഓമന എൽ.
മക്കൾ: അജിതകുമാരി ഒ, വേണുഗോപാൽ എസ്(ദുബായ്), സതീഷ് കുമാർ എസ്(ബിസിനസ്).
മരുമക്കൾ: നിഷ വേണുഗോപാൽ, മഞ്ജു സതീഷ്, പരേതനായ ബാബുലാൽ പി.

കോഴിക്കോട് ബസ് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് ബസ് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മാവൂരിലേക്ക് പോകുകയായിരുന്ന വെര്‍ടെക്‌സ് ബസ് മറ്റൊരു ബസുമായി ഉരസിയിരുന്നു.

തുടര്‍ന്ന് അമിതവേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മുന്നിലുണ്ടായിരുന്ന കാറിന് മുന്നിലേക്ക് വീണു. ബസ് ബൈക്കിന് മുകളിലൂടെ കയറി നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. മറിഞ്ഞ് നിരങ്ങിപ്പോയ ബസ് മേല്‍പ്പാലത്തിനോടു ചേര്‍ന്നുള്ള ട്രാഫിക് സിഗ്നല്‍ തൂണും തകര്‍ത്താണ് നിന്നത്. അപകടത്തില്‍ 56 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കല്ലമ്പലത്ത് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കല്ലമ്പലം മാവിൻമൂട് പാണംതറയിൽ കൊറിയർ സർവീസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥലത്തുനിന്നാണ് പുകയിലുൽപനങ്ങൾ പിടികൂടിയത്.

നിരവധി ചാക്കുകളിലായി വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹാൻസ്, ഗണേഷ്,കൂൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് കല്ലമ്പലം എസ് എച്ച് യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽ പിടിച്ചെടുത്തത്.