by Midhun HP News | Feb 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
by Midhun HP News | Feb 5, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങിനെത്തിയ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് സംഘം ആരോപിക്കുന്നത്. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അബാന്‍ ജംഗ്ഷനില്‍ വഴിയരികില്‍ നിന്ന വരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐയും സംഘവുമാണ് മര്‍ദ്ദിച്ചത് എന്നാണ് സംഘം പറയുന്നത്. പത്തനംതിട്ട സ്വദേശിയായ ഒരു സ്ത്രീയെ ഇറക്കുന്നതിനാണ് അബാന്‍ ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയത്. ഈ സ്ത്രീയുടെ ഭര്‍ത്താവിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസ് അകാരണമായി മര്‍ദ്ദിച്ചതെന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.
ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഒരു കാരണവുമില്ലാതെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സിത്താര മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെയാണ് മര്‍ദ്ദിച്ചത്. പൊലീസുകാരില്‍ കുറച്ചുപേര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും സിത്താര പറഞ്ഞു. അബാന്‍ ജംഗ്ഷനിലെ ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നും ആളുമാറി വിവാഹ സംഘത്തിന് നേരെ ലാത്തിവീശുകയായിരുന്നുവെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
by Midhun HP News | Feb 5, 2025 | Latest News, ദേശീയ വാർത്ത
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 699 പേർ ജനവിധി തേടുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട , ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെർഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ദില്ലി ജനത പോളിംഗ് ബൂത്തിലെക്ക് എത്തുന്നത്.തുടർച്ചയായി മൂന്നാം തവണ അധികാരം ലക്ഷ്യമിട്ടായിരുന്നു ആം ആദ്മിയുടെ പ്രചരണം. അധികാരം തിരിച്ചു പിടിക്കാൻ ബിജെപിയും കോൺഗ്രസും ഇളക്കി മറിച്ചുള്ള ക്യാമ്പയിൻ ആയിരുന്നു നടത്തിയത്. 35000 ത്തോളം പൊലീസ്, അർദ്ധ സൈനിക വിഭാഗത്തയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ എഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.
by Midhun HP News | Feb 5, 2025 | Latest News, കേരളം
മൂലമറ്റം: ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ. കേസിൽ ഇനി ഒരാളെ കൂടി പിടിയിലാവാനുണ്ട്.
മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരാണ് അറസ്റ്റിലായത്. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്.
കഴിഞ്ഞ 30ന് ആണ് ഗുണ്ടാനേതാവായ ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായിൽ പൊതിഞ്ഞ് പ്രതികൾ തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയത്. മേച്ചാലിൽ പെയ്ന്റിങ് ജോലിക്കെത്തിയതായിരുന്നു പ്രതികൾ. സാജനുമായി പ്രതികൾ വാക്കേറ്റമുണ്ടായി. സാജന്റെ വായിൽ തുണി തിരുകി കമ്പിവടികൊണ്ട് മർദിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. തുടർന്ന് പായയിൽ പൊതിഞ്ഞ മൃതദേഹം തേക്കിൻകൂപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹം കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടതുകൈ ഉയർന്ന നിലയിലായിരുന്നു. പ്രതികൾ ഈ കൈ വെട്ടിമാറ്റി സമീപം ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. ലഹരി, മോഷണ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവരെന്നും ഇവർ സാജനുമായി നേരത്തേയും പലതവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
by Midhun HP News | Feb 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുക്കും. 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ഉച്ചയ്ക്കകം ഇതുമുഴുവനും വിറ്റുപോകുമെന്നാണ് പ്രതീക്ഷ.
വില്‍പ്പനയില്‍ പാലക്കാടാണ് മുന്നില്‍. ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്-പുതുവത്സര ബംപര്‍.
XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റും ചേര്‍ന്ന് 22 പേരാണ് കോടിപതികളാകുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടിയാണ് ലഭിക്കുക. ഇതടക്കമാണ് 22 പേര്‍ ക്രിസ്തുമസ് ബംപറില്‍ കോടിപതികളാകുന്നത്.
മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
by Midhun HP News | Feb 5, 2025 | Latest News, കേരളം
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാല കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശങ്ങള്‍:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക
Recent Comments