by Midhun HP News | Feb 3, 2025 | Latest News, കേരളം
കൊച്ചി: മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടോയെന്ന് സര്‍ക്കാരിനോട് വീണ്ടും ഹൈക്കോടതി. വഖഫ് വസ്തുവായി പ്രഖ്യാപിച്ചു കഴിഞ്ഞ ഭൂമിയില്‍, ട്രൈബ്യൂണലിന് മുന്നില്‍ തീരുമാനത്തിനായി ഇരിക്കവെ, എങ്ങനെയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കഴിയുക എന്നതാണ് ചോദ്യം. സര്‍ക്കാരിന് അതിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോ?. ടേം ഓഫ് റഫറന്‍സ് എവിടെ?. കുടിയിറക്കല്‍ ഭീഷണി നേരിടുന്ന ആളുകള്‍ കൈവശം വച്ചിരിക്കുന്ന രേഖകളുടെ നിയമപരമായ സാധുത എന്താണ് എന്നും കോടതി ചോദിച്ചു. മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ജുഡീഷ്യറി അന്വേഷണ കമ്മീഷനെ സ്റ്റേ ചെയ്യണണെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതിയാല്‍ തീര്‍പ്പാക്കപ്പെട്ട വിഷയത്തില്‍ കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്ന് കേരള വഖഫ് സംരക്ഷണ വേദിയുടെ അഭിഭാഷകന് വാദിച്ചു. 2019 ല്‍ വഖഫ് ബോര്‍ഡ്, ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. തീര്‍പ്പാക്കപ്പെട്ട സ്വത്തവകാശം വീണ്ടും തുറക്കാന്‍ കഴിയില്ല. കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച ഭൂമിയില്‍ അന്വേഷണ കമ്മീഷന് രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
സർക്കാർ നിയോഗിച്ചത് അന്വേഷണ കമ്മീഷന് അല്ലെന്നും, വസ്തുതാ പരിശോധന കമ്മീഷനാണെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. അതിന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. മുനമ്പം ഭൂമിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുകയാണ് ലക്ഷ്യം. ഫറൂഖ് കോളജിനോട് സ്വത്ത് വഖഫ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വഖഫ് സ്വത്തായി വഖഫ് ബോര്‍ഡ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു.
മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ട്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് സ്വത്താണെന്ന കണ്ടെത്തലും ഒരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് കഴിയുമോയെന്ന ചോദ്യം നിലനില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് വഖഫ് സംരക്ഷണ വേദി കുറ്റപ്പെടുത്തി.
by Midhun HP News | Feb 3, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.
കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ 20 നാണ് സംഭവം. നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ് സിസിഎഫ് നീതു ലക്ഷ്മി അന്വേഷണം നടത്തി. കേസ് കെട്ടിച്ചമച്ചതാണെന്നും പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും കണ്ടെത്തി.
ഇതോടെ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി അനിൽ കുമാർ ഉൾപ്പെടെ ഒൻപതു ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. സരുണിന്റെ പരാതിയിൽ 13 ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു. സരുൺ സജിക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് വനം വകുപ്പു പിൻവലിക്കുകയും ചെയ്തു.
കേസിൽ ബി രാഹുൽ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരും അറസ്റ്റിലാകുകയും റിമാൻഡിൽ കഴിയേണ്ടി വരികയും ചെയ്തു. മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. സരുൺ സജിയുടെ കുടുംബവും ഉള്ളാട മഹാസഭയും നടത്തിയ സമരത്തെ തുടർന്ന് പ്രതികളായ വനവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കി.
2024 ജനുവരിയിൽ പ്രോസിക്യൂഷൻ അനുമതി തേടി പൊലീസ് സർക്കാരിന് കത്ത് നൽകി. എന്നാൽ പ്രതികളുടെ സ്വാധീനം മൂലം ഒരു വർഷത്തിനു ശേഷമാണ് അനുമതി നൽകിയത്. അധികം വൈകാതെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
by Midhun HP News | Feb 3, 2025 | Latest News, കായികം
മുംബൈ: ടി20യില്‍ കൂടുതല്‍ റിസ്കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. കളി തോല്‍ക്കുമെന്ന് തങ്ങള്‍ ഭയക്കുന്നില്ലെന്നും കൃത്യമായ വഴിയിലൂടെ തന്നെയാണ് ടീം മുന്നോട്ടുപോകുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ടി20യില്‍ എല്ലാ മത്സരത്തിലും 250- 260 റണ്‍സ് നേടുകയാണ് ടീമിന്റെ ബാറ്റിങ് നയം. ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്തതില്‍ ആ മനോഭാവം പ്രകടമായിരുന്നെന്നും മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
പൂനെയില്‍ നടന്ന നാലാം ടി20യില്‍, വിക്കറ്റുകള്‍ വീണിട്ടും ഇംഗ്ലണ്ടിനെതിരെ തകര്‍പ്പനടി തുടര്‍ന്നു, ഒടുവില്‍ 9 വിക്കറ്റിന് 181 റണ്‍സ് നേടിയതിലൂടെ ഇന്ത്യ വിജയത്തിലെത്തി. അവസാന മത്സരത്തില്‍ മുംബൈയില്‍ ഇന്ത്യ 9 വിക്കറ്റിന് 247 റണ്‍സ് നേടി. ‘ഇത്തരത്തിലുള്ള ടി20 കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല. ചില മത്സരങ്ങളില്‍ 120 റണ്‍സിന് ഓള്‍ഔട്ടായേക്കാം. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത് കൃത്യമായ വഴിയിലൂടെ തന്നെയാണ്. ഇത്തരത്തില്‍ ഭയപ്പാടില്ലാത്ത മത്സരം കാഴ്ചവച്ച് മുമ്പോട്ട് പോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അഭിഷേക് ശര്‍മയെ പോലെയുള്ള താരങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കും.’- ഗംഭീര്‍ പറഞ്ഞു.
‘നിലവില്‍ ടീമിലെ താരങ്ങളില്‍ ഭൂരിഭാഗം പേരും ഭയപ്പാടില്ലാത്ത ക്രിക്കറ്റ് എന്ന പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടവരാണ്. 140- 150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന ബോളര്‍മാര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ട് അഭിഷേക് സെഞ്ച്വറി സ്വന്തമാക്കി. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ് മത്സരത്തില്‍ പിറന്നത്. ഇപ്പോള്‍ ടീമില്‍ കളിക്കുന്ന താരങ്ങളൊക്കെയും പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയും.’- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തെയും ഗംഭീര്‍ പ്രശംസിച്ചു. ‘ഐപിഎല്ലില്‍ നിന്ന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു. മികച്ച രീതിയിലായിരുന്നു പന്തെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയില്‍ ഏറ്റവും അധികംവിക്കറ്റുകള്‍ നേടിയതും വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.
‘മത്സരങ്ങള്‍ നമ്മുടെ പരിധിയിലേക്ക് വരാന്‍ തുടങ്ങുമ്പോള്‍ എല്ലാം നമുക്ക് അനുകൂലമായി മാറും. ബാറ്റിങില്‍ കൂടുതല്‍ റണ്‍സ് എടുക്കാനും നമ്മള് ശ്രമിക്കണം. ആദ്യ 7 ബാറ്റര്‍മാരുടെയും പ്രകടനം നിര്‍ണായകമാണ്. മത്സരത്തില്‍ മുന്‍കൂട്ടി ബാറ്റിങ് ഓര്‍ഡര്‍ നിശ്ചയിച്ചിരുന്നില്ല. ഓപ്പണര്‍മാരുടെ സ്ഥാനം മാത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ ആക്രമണ ശൈലിയില്‍ തന്നെ കളിക്കാനാണ് ഞങ്ങള്‍ ചിന്തിച്ചിരുന്നത് ഗംഭീര്‍ പറഞ്ഞു. 140- 150 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുമ്പോള്‍ എന്താണ് വേണ്ടത് എന്ന് നമ്മുടെ കളിക്കാര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 3, 2025 | Latest News, കേരളം
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ജയരാജന് സെക്രട്ടറിയാകുന്നത്. 50അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, എംവി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി ജയരാജന് ഒഴിഞ്ഞപ്പോഴാണ് എംവി ജയരാജന് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.
എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായ ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി, പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ചെയര്മാന്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്മാന്, ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു.
ജില്ലാകമ്മിറ്റി അംഗങ്ങള്‍: എം വി ജയരാജന്, എം പ്രകാശന്, എം സുരേന്ദ്രന്, കാരായി രാജന്, ടികെ ഗോവിന്ദന്, പിവി ഗോപിനാഥ്, പി ഹരീന്ദ്രന്‍, പി പുരുഷോത്തമന്, എന്‍ സുകന്യ, സി സത്യപാലന്, കെവി സുമേഷ്, ടിഐ മധുസൂദനന്, പി സന്തോഷ്, എം കരുണാകരന്, പികെ ശ്യാമള, കെ സന്തോഷ്, എം വിജിന്, എം ഷാജര്‍, പികെ ശബരീഷ്കുമാര്‍, കെ മനോഹരന്, എംസി പവിത്രന്, കെ ധനഞ്ജയന്, വികെ സനോജ്, എംവി സരള, എന്‍വി ചന്ദ്രബാബു, ബിനോയ്കുര്യന്‍, സിവി ശശീന്ദ്രന്, കെ പത്മനാഭന്, അഡ്വ. എം രാജന്, കെഇ കുഞ്ഞബ്ദുള്ള, കെ ശശിധരന്, കെസി ഹരികൃഷ്ണന്, എംകെ മുരളി, കെ ബാബുരാജ്, പി ശശിധരന്, ടി ഷബ്ന, പെി സുധാകരന്, കെവി സക്കീര്‍ ഹുസൈന്, സാജന് കെ ജോസഫ്
പുതുമുഖങ്ങള്‍: വി കുഞ്ഞികൃഷ്ണന്, എംവി നികേഷ്കുമാര്‍, കെ അനുശ്രീ, പി ഗോവിന്ദന്, കെപിവി പ്രീത, എന്‍ അനില്‍കുമാര്‍, സിഎം കൃഷ്ണന്, മുഹമ്മദ് അഫ്സല്, സരിന് ശശി, കെ ജനാര്ദ്ദനന്, സികെ രമേശന്
by Midhun HP News | Feb 3, 2025 | Latest News, കേരളം
കണ്ണൂര്‍: മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു.
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി പറഞ്ഞു. മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തിയാല്‍ ഇരക്കൊപ്പം തന്നെ പാര്‍ട്ടിയും സര്‍ക്കാരും നില്ക്കും. കുറ്റവാളികളെ സംരക്ഷിക്കില്ല. അതുവരെ ഈ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്രീമതി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്ക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്.
by Midhun HP News | Feb 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായാണ് ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ 75000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും നാഷണല്‍ പെന്ഷന് സിസ്റ്റത്തിലെ നിക്ഷേപവും ചേര്‍ത്ത് വര്‍ഷം 13.7 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.
സെക്ഷന്‍ 80CCD(2) പ്രകാരം, നാഷണല്‍ പെന്ഷന് സിസ്റ്റത്തില്‍ (എന്‍പിഎസ്) നിക്ഷേപിക്കുന്ന ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും. പഴയ നികുതി വ്യവസ്ഥയില്‍, ആനുകൂല്യം കുറവാണ്, അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം മാത്രമാണ് നികുതി ഇളവിന് പരിഗണിക്കുന്നത്. പ്രതിവര്‍ഷം 13.7 ലക്ഷം വരുമാനമുള്ള ഒരു വ്യക്തിക്ക് പെന്ഷന് പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ വാര്‍ഷിക നികുതി ഇനത്തില്‍ ഏകദേശം 96,000 രൂപ ലാഭിക്കാന്‍ സാധിക്കും. എന്നിരുന്നാലും, തൊഴിലുടമ കമ്പനിയുടെ ചെലവിന്റെ ഭാഗമായി എന്‍പിഎസ് ആനുകൂല്യം വാഗ്ദാനം ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. ജീവനക്കാര്‍ക്ക് സ്വന്തമായി ഇത് തെരഞ്ഞെടുക്കാന്‍ കഴിയില്ല.
ഉദാഹരണം എന്ന നിലയില്‍ മൊത്തം വരുമാനത്തിന്റെ പകുതിയാണ് അടിസ്ഥാന ശമ്പളമായി പരിഗണിക്കുന്നതെങ്കില്‍ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് 6.85 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി വരിക. അങ്ങനെയെങ്കില്‍ നാഷണല്‍ പെന്ഷന് സിസ്റ്റത്തിലേക്കുള്ള നിക്ഷേപം അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനമായ 95,900 രൂപയായിരിക്കും.
ഇതും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് ആയ 75000 രൂപയും കിഴിച്ചാല്‍ 11.99 ലക്ഷം രൂപയാണ് നികുതി വിധേയമായ തുകയായി വരിക. ബജറ്റില്‍ പുതിയ പ്രഖ്യാപനം അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. ഇതോടെ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ പൂര്‍ണമായി നികുതിയില്‍ നിന്ന് ഒഴിവാകും. ഇതേരീതിയില്‍ 16 ലക്ഷം രൂപ വരുമാനമുള്ളവരെ പരിഗണിച്ചാല്‍ എന്‍പിഎസ് നിക്ഷേപവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കിഴിച്ച് 91,950 രൂപ മാത്രമാണ് നികുതി ഒടുക്കേണ്ടതായി വരിക.
ഏകദേശം 10 വര്‍ഷം മുമ്പാണ് എന്‍പിഎസ് ആനുകൂല്യം നടപ്പിലാക്കിയത്. എന്നാല്‍ 22 ലക്ഷം വ്യക്തികള്‍ മാത്രമാണ് ഇത് ഇത് തെരഞ്ഞെടുത്തത്. നിലവില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ ഇപ്പോഴും ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Recent Comments