12 ലക്ഷമല്ല, 13.7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും നികുതിയില്‍ നിന്ന് ഒഴിവാകാം

12 ലക്ഷമല്ല, 13.7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും നികുതിയില്‍ നിന്ന് ഒഴിവാകാം

ഡല്‍ഹി: വര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായാണ് ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ 75000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ നിക്ഷേപവും ചേര്‍ത്ത് വര്‍ഷം 13.7 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.

സെക്ഷന്‍ 80CCD(2) പ്രകാരം, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) നിക്ഷേപിക്കുന്ന ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും. പഴയ നികുതി വ്യവസ്ഥയില്‍, ആനുകൂല്യം കുറവാണ്, അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം മാത്രമാണ് നികുതി ഇളവിന് പരിഗണിക്കുന്നത്. പ്രതിവര്‍ഷം 13.7 ലക്ഷം വരുമാനമുള്ള ഒരു വ്യക്തിക്ക് പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ വാര്‍ഷിക നികുതി ഇനത്തില്‍ ഏകദേശം 96,000 രൂപ ലാഭിക്കാന്‍ സാധിക്കും. എന്നിരുന്നാലും, തൊഴിലുടമ കമ്പനിയുടെ ചെലവിന്റെ ഭാഗമായി എന്‍പിഎസ് ആനുകൂല്യം വാഗ്ദാനം ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. ജീവനക്കാര്‍ക്ക് സ്വന്തമായി ഇത് തെരഞ്ഞെടുക്കാന്‍ കഴിയില്ല.

ഉദാഹരണം എന്ന നിലയില്‍ മൊത്തം വരുമാനത്തിന്റെ പകുതിയാണ് അടിസ്ഥാന ശമ്പളമായി പരിഗണിക്കുന്നതെങ്കില്‍ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് 6.85 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി വരിക. അങ്ങനെയെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്കുള്ള നിക്ഷേപം അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനമായ 95,900 രൂപയായിരിക്കും.

ഇതും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75000 രൂപയും കിഴിച്ചാല്‍ 11.99 ലക്ഷം രൂപയാണ് നികുതി വിധേയമായ തുകയായി വരിക. ബജറ്റില്‍ പുതിയ പ്രഖ്യാപനം അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. ഇതോടെ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ പൂര്‍ണമായി നികുതിയില്‍ നിന്ന് ഒഴിവാകും. ഇതേരീതിയില്‍ 16 ലക്ഷം രൂപ വരുമാനമുള്ളവരെ പരിഗണിച്ചാല്‍ എന്‍പിഎസ് നിക്ഷേപവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കിഴിച്ച് 91,950 രൂപ മാത്രമാണ് നികുതി ഒടുക്കേണ്ടതായി വരിക.

ഏകദേശം 10 വര്‍ഷം മുമ്പാണ് എന്‍പിഎസ് ആനുകൂല്യം നടപ്പിലാക്കിയത്. എന്നാല്‍ 22 ലക്ഷം വ്യക്തികള്‍ മാത്രമാണ് ഇത് ഇത് തെരഞ്ഞെടുത്തത്. നിലവില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ ഇപ്പോഴും ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഭാര്യാസഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അറസ്റ്റ്

ഭാര്യാസഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അറസ്റ്റ്

ലഖ്‌നൗ: ഭാര്യയുടെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ നിന്നുള്ള ആശിഷ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ കൊലപാതകം നടത്താന്‍ വാടകക്കൊലയാളികളെ നിയോഗിക്കാന്‍ വായ്പ എടുത്തതായി പൊലീസ് കണ്ടെത്തി. വാടകക്കൊലയാളികള്‍ക്കായി 40,000 രൂപയാണ് ഇയാള്‍ വായ്പ എടുത്തത്.

വാടകക്കൊലയാളികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജനുവരി 21 ന് മീററ്റിന് സമീപമായിരുന്നു ക്രൂരകൃത്യം നടന്നത്. വനത്തിന് സമീപത്തായി യുവതിയുടെ തലയോട്ടി കണ്ടെത്തുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങളും കണ്ടെത്തി.

പാതി കത്തിയ വസ്ത്രങ്ങള്‍, ചെരുപ്പ്, ആഭരണങ്ങള്‍ തുടങ്ങിയവ കണ്ടാണ് യുവതിയെ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് മൃതദേഹം പൊലീസ് വിശദപരിശോധനയ്ക്ക് അയച്ചു. കൊലപാതകത്തിന് മുമ്പ് സഹോദരിയുടെ ഭര്‍ത്താവും മറ്റു രണ്ടുപേരും ബലാത്സംഗം ചെയ്തുവെന്നും, തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് തെളിവു നശിപ്പിക്കുന്നതിനായി ശരീരം തീകൊളുത്തി. പ്രതിയുടെ ഭാര്യയുടെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട യുവതി. ഇവരുമായി പ്രതി വളരെക്കാലമായി അടുപ്പത്തിലായിരുന്നു. യുവതി തന്നെ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്യുമായിരുന്നുവെന്നും, ഇതില്‍ നിന്നും പുറത്തു കടക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം പ്രതി തേടി. ഇയാള്‍ ദീപക് എന്നയാളെയും കൂടെ കൂട്ടി. 30,000 രൂപയ്ക്ക് കൊലപാതകം നടത്താമെന്ന് ഇവര്‍ സമ്മതിച്ചു. തുടര്‍ന്ന് മുഖ്യപ്രതി ആശിഷ് 40,000 രൂപ വായ്പയെടുത്തു. 20,000 രൂപ അഡ്വാന്‍സായി നല്‍കി. കൃത്യം നടന്നശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍.

സംഭവ ദിവസം സ്‌കൂട്ടറില്‍ വന്ന യുവതിയെ പ്രതികളായ ആശിഷ്, ശുഭം, ദീപക് എന്നിവര്‍ മീററ്റ് നാനു കനാലിന് സമീപം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് ശരീരം കത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി ആശിഷ് കുറ്റം സമ്മതിച്ചതായി മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സല്‍ അറിയിച്ചു.

സിബിഎസ്ഇ 10,12 ക്ലാസ് വാര്‍ഷിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

സിബിഎസ്ഇ 10,12 ക്ലാസ് വാര്‍ഷിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: 10,12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ട് സിബിഎസ്ഇ. സ്‌കൂളുകള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റായ cbse.gov.in സന്ദര്‍ശിച്ച് പരീക്ഷാ സംഘം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്‌കൂള്‍ ലോഗിന്‍ വഴി മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകൂ. വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. അഡ്മിറ്റ് കാര്‍ഡ് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ നേരിട്ട് സ്‌കൂളുകളില്‍ എത്തണം.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 18 ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനാണ് അവസാനിക്കുക. രണ്ട് ക്ലാസുകളിലെയും പരീക്ഷകള്‍ രാവിലെ 10:30 മുതല്‍ ആരംഭിക്കുന്ന തരത്തില്‍ ഒറ്റ ഷിഫ്റ്റ് ആയാണ് നടത്തുക. ഈ വര്‍ഷം, ഇന്ത്യയിലും വിദേശത്തുമുള്ള 8,000 സ്‌കൂളുകളില്‍ നിന്നായി ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികള്‍ ആണ് 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുന്നത്.

വസ്ത്ര ധാരണരീതി, പരീക്ഷാ ഹാളിനുള്ളില്‍ അനുവദനീയവും പാടില്ലാത്തതുമായ ഇനങ്ങള്‍ അടക്കം വിദ്യാര്‍ഥികള്‍ പാലിക്കേണ്ടതായ കാര്യങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

cbse.gov.in സന്ദര്‍ശിക്കുക.

പരീക്ഷാ സംഘം പോര്‍ട്ടല്‍ തുറക്കുക

അടുത്ത പേജില്‍ ‘Continue’ല്‍ ക്ലിക്ക് ചെയ്യുക

സ്‌കൂള്‍ തെരഞ്ഞെടുക്കുക.

pre-exam activities tab തുറക്കുക

അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്ക് തുറക്കുക

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

സിബിഎസ്ഇ 10,12 ക്ലാസ് വാര്‍ഷിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ജെഇഇ മെയിന്‍ രണ്ടാം സെഷന്‍ പരീക്ഷ: അപേക്ഷ ഫെബ്രുവരി 25 വരെ

ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. jeemain.nta.nic.in വഴി ഫെബ്രുവരി 25ന് രാത്രി ഒന്‍പത് വരെ അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 25ന് രാത്രി 11.50 വരെ അടയ്ക്കാം. ഏപ്രില്‍ ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ജെഇഇ മെയിന്‍ 2025 സെഷന്‍ 1 എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവരുടെ മുന്‍ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരീക്ഷാ ഫീസ് അടയ്ക്കാം. അവര്‍ക്ക് പേപ്പര്‍, പരീക്ഷാ മാധ്യമം, നഗര മുന്‍ഗണന എന്നിവ മാറ്റാനും കഴിയും.

പുതിയ വിദ്യാര്‍ഥികള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ജെഇഇ മെയിന്‍ രണ്ടാം സെഷനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും വേണം. ഒരു വിദ്യാര്‍ഥിക്ക് ഒരു അപേക്ഷാ ഫോം മാത്രമേ പൂരിപ്പിക്കാന്‍ അനുവാദമുള്ളൂ.

പരീക്ഷാകേന്ദ്രങ്ങളെപ്പറ്റിയുള്ള മുന്‍കൂര്‍ അറിയിപ്പ്, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിങ്, പരീക്ഷാ ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട തീയതികള്‍/വിജ്ഞാപനങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ (സിഎഫ്ടിഐ), സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എന്‍ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് മുഖ്യമായും പരീക്ഷയുടെ പരിധിയില്‍ വരുന്നത്. എന്‍ഐടി കാലിക്കറ്റ്, ഐഐഐടി കോട്ടയം എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യിലെ എന്‍ജിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ ബിരുദ പ്രോഗ്രാമുകളുടെ (ബാച്ച്ലര്‍, ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ്) പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് ജെഇഇ മെയിന്‍ പേപ്പര്‍ ഒന്ന് പരീക്ഷ.

കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ സ്‌കൂളിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തു

കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ സ്‌കൂളിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തു

മാണ്ഡ്യ: കര്‍ണാടകയില്‍ എട്ടു വയസ്സുള്ള ബാലികയെ സ്‌കൂള്‍ വളപ്പിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. മാണ്ഡ്യ സിറ്റിയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് ജനുവരി 31 ന് ക്രൂരത നടന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ കേക്ക് കാണിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയശേഷം, കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അമിതരക്തസ്രാവം ഉണ്ടായത് കുട്ടിയുടെ അമ്മായിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാണ്ഡ്യ പൊലീസ് കുട്ടിയോട് സംഭവത്തെപ്പറ്റി ചോദിച്ചറിഞ്ഞു. സ്‌കൂള്‍ അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി വ്യക്തമല്ലെന്നും, കുട്ടിക്ക് കൗണ്‍സലിങ് നല്‍കി വരികയാണെന്നും മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദന്തി അറിയിച്ചു. മൂന്ന് ആണ്‍കുട്ടികളാണ് ആക്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ പേരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ആ കുട്ടികള്‍ അന്നേദിവസം സ്‌കൂളില്‍ വന്നിട്ടില്ലെന്ന് വ്യക്തമായി. കുട്ടിയെ ഉപദ്രവിച്ചത് കുട്ടികളാണോ മുതിര്‍ന്നവരാണോ എന്നതും വ്യക്തമല്ല. അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മാണ്ഡ്യ എസ്പി വ്യക്തമാക്കി.

മൂലമറ്റത്ത് മൃതദേഹം കണ്ടെത്തിയത് കൊലപാതകം, മരിച്ചത് മേലുകാവ് സ്വദേശി

മൂലമറ്റത്ത് മൃതദേഹം കണ്ടെത്തിയത് കൊലപാതകം, മരിച്ചത് മേലുകാവ് സ്വദേശി

തൊടുപുഴ: മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി മേലുകാവ് സ്വദേശി സാജന്‍ സാമുവലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സാജന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സൂചിപ്പിച്ചു. ഇതില്‍ ആറു പേര്‍ പിടിയിലായതായാണ് സൂചന.

ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പ് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും. അതേസമയം മൃതദേഹം സാജന്റേതാണെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.

എട്ടുപേരടങ്ങുന്ന സംഘമാണ് സാജനെ കൊലപ്പെടുത്തിയത്. മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നത്. ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കാപ്പ ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് സാജന്‍ സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഓട്ടോറിക്ഷയിലാണ് മൃതദേഹം തേക്കിന്‍കൂപ്പിലെത്തിച്ചത്. പന്നിയിറച്ചി ഉപേക്ഷിക്കാനാണെന്ന് പറഞ്ഞാണ് ഓട്ടോയില്‍ പൊതിഞ്ഞുകെട്ടിയ മൃതദേഹം കയറ്റുന്നത്. ആദ്യം വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍, പ്രതികള്‍ ഏറെ നിര്‍ബന്ധിച്ചതോടെയാണ് കയറ്റാന്‍ അനുവദിച്ചത്. പിന്നീട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കാഞ്ഞാര്‍ പൊലീസ് എസ്‌ഐയെ വിവരം അറിയിച്ചിരുന്നു. എസ്‌ഐ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണാവസ്ഥയിലായ മൃതദേഹം കണ്ടെത്തുന്നത്. സാജന്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും, അതിന് തിരിച്ചടിയായാണ് അയാളെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. എന്നാല്‍ പ്രതികള്‍ പറയുന്ന കാരണം പൂര്‍ണമായി മുഖവിലയ്‌ക്കെടുക്കാനാകില്ലെന്നും, വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.