by Midhun HP News | May 5, 2026 | Latest News, കേരളം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു. ധർമടത്ത് കീഴത്തൂരിലും കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.

by Midhun HP News | May 5, 2026 | Latest News, സിനിമ
നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ് കെ നായര്‍. സന്തോഷ് തനിക്ക് ആ കാലം മുതലേ സുഹൃത്തും സഹോദരനുമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
“ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.
അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാഗത്തേക്കുള്ള യാത്രയില്‍ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷിനും പരുക്കേറ്റിട്ടുണ്ട്.
1982 ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

by Midhun HP News | May 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം അര്‍പ്പിച്ചതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്. പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി, എ എ റഹീം, വി ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്‌ലാറ്റില്‍ പാര്‍ട്ടി മുറി അനുവദിച്ചു. ചിന്താ ഫ്‌ലാറ്റിലെ 3എ, 3ബി ഫ്‌ലാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.

by Midhun HP News | May 5, 2026 | Latest News, കേരളം
കണ്ണൂർ: യുഡിഎഫ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മീൻ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്.
പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് കുഞ്ഞമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

by Midhun HP News | May 5, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.
ഇന്നലെ ധര്‍മ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ തുടര്‍ന്ന അദ്ദേഹം വാര്‍ത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതന്‍ വഴിയാണ് രാജ്ഭവനില്‍ എത്തിച്ചത്. ഗവര്‍ണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവല്‍ മുഖ്യമന്ത്രിയായി തുടരും.

by Midhun HP News | May 5, 2026 | Latest News, ജില്ലാ വാർത്ത
ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ മൂന്നു പേരാണ് വിജയിച്ചത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലായിട്ടാണ് ഇവരുടെ വിജയമെന്നതാണ് മറ്റൊരു സവിശേഷത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മകന്‍, മരുമകന്‍ എന്നിവരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് മത്സരിച്ച് വിജയിച്ചത്. മകളുടെ ഭര്‍ത്താവ് ആദവ് അര്‍ജുന വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ സ്ഥാനാര്‍ത്ഥിയായി വില്ലിവാക്കത്തു നിന്നാണ് തമിഴ്‌നാട് നിയമസഭയിലെത്തുന്നത്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍.
അതേസമയം പുതുച്ചേരി നിയമസഭയിലേക്കാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗര്‍ സീറ്റില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ ലച്ചിയ ജനനായക കക്ഷി സ്ഥാനാര്‍ത്ഥിയായാണ് ജോസ് ചാള്‍സ് വിജയിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ( എന്‍ഡിഎ) സഖ്യകക്ഷിയാണ് ലച്ചിയ ജനനായക കക്ഷി.
ഡിഎംകെയുടെ ഉരുക്കുകോട്ടയായി കരുതപ്പെടുന്ന ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് (എഐഎഡിഎംകെ) 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിവികെയുടെ കു പാ കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ഡിഎംകെ സ്ഥാനാര്‍ത്ഥി പരിവള്ളാല്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ഡിഎംകെയാണ് വിജയിച്ചിരുന്നത്.
ഡിഎംകെ ശക്തികേന്ദ്രമായ വില്ലിവാക്കത്തു നിന്നാണ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന വിജയിച്ചത്. ഡിഎംകെയുടെ കാര്‍ത്തിക് മോഹനെ 17,302 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഈ സീറ്റ് ഡിഎംകെയാണ് നേടിയിരുന്നത്. പുതുച്ചേരിയില്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ കാമരാജ് നഗര്‍ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി കെ ദേവദാസിനെതിരെ 10,205 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മത്സരരംഗത്തുണ്ടായിരുന്ന ഏറ്റവും ധനികരായ സ്ഥാനാര്‍ത്ഥികളില്‍ ഈ മൂന്ന് പേരും ഉള്‍പ്പെടുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,041 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ച ലീമയായിരുന്നു ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയില്‍ 597 കോടി രൂപയുമായി ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ഒന്നാമതെത്തിയപ്പോള്‍, ആദവ് അര്‍ജുന 442 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Recent Comments