by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരം: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദമായിരുന്നു. കേന്ദ്ര ഫണ്ടുകള്‍ക്ക് വേണ്ടി, യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് വഴിമാറിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
പിഎംശ്രീ പദ്ധതി പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സന്ദേശം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളിന്മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. പാര്‍ട്ടിയുടെ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളില്‍ സര്‍ക്കാര്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
സര്‍ക്കാരിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗിനും മറ്റ് മുസ്ലിം സംഘടനകള്‍ക്കുമിടയില്‍ ശക്തമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി ‘അറബിക്കടലില്‍ എറിയും’ എന്ന് ലീഗ് നേതാക്കള്‍ പ്രസ്താവിച്ചിരുന്നതാണ്.
‘ദേശീയ വിദ്യാഭ്യാസ നയം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള വഴിയാണ് പിഎം ശ്രീ പദ്ധതി. ഇത് സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് സംഘപരിവാര്‍ പ്രത്യയശാസ്ത്രം കടന്നുവരുന്നതിന് വഴിയൊരുക്കും. കേരളത്തില്‍ അത് സംഭവിക്കാന്‍ അനുവദിക്കില്ല.’ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മാത്രമല്ല, സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസൃതമായി പിണറായി വിജയന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ‘കാവിവല്‍ക്കരണം’ നടത്തിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. ആ നിലപാടില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത്, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതേസമയം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശനുമായി അടുത്ത വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘സര്‍ക്കാര്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.’ നേതാവ് വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുന്‍ എല്‍ഡിഎഫ്. സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം നിര്‍ബന്ധിതരായതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മുസ്ലിം ലീഗും അവകാശപ്പെടുന്ന സമയത്താണ് ഹൈക്കമാന്‍ഡിന്റെ ഈ ഇടപെടല്‍. പദ്ധതി ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ചുനില്‍ക്കുന്നുണ്ട്.
by Midhun HP News | Jul 7, 2026 | Latest News, കേരളം
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരായ രേവതി, പത്മപ്രിയ എന്നിവര്‍ രാജിച്ചു. നേരത്തെ സംഘടനയ്്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നെങ്കിലും രാജി നല്‍കിയിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഉന്നയിച്ച ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും സംഘടനയില്‍ പുരുഷാധിപത്യമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് രേവതിയും പത്മപ്രിയയും രാജിവിവരം അറിയിച്ചത്. ‘ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂര്‍വമായ കരുത്തുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ നടന്ന കൂട്ടരാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും, പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ അധികാര ഭ്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അമ്മ. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുര്‍ബലപ്പെടുത്തി. ഈ ഘട്ടത്തില്‍ അത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.
മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാന്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, നീതിയുക്തമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു.’ ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.

by Midhun HP News | Jul 7, 2026 | Latest News, കായികം
സിയാറ്റില്‍: വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവില്‍ ഫൊളാരിന്‍ ബലോഗന്‍ കളത്തിലിറങ്ങിയിട്ടും യുഎസ്എയ്ക്ക് രക്ഷയായില്ല. ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളോടെ തിളങ്ങിയ ചാള്‍സ് ഡി കെറ്റെലെയറാണ് ബെല്‍ജിയത്തിന്റെ വിജയശില്‍പി.
മത്സരത്തിന് തൊട്ടുമുമ്പ് വരെ അമേരിക്കന്‍ ക്യാമ്പില്‍ ഉയര്‍ന്നുകേട്ടത് ബലോഗന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകളായിരുന്നു. മുന്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് ഫിഫ ഇളവ് നല്‍കിയതിനെതിരെ ബെല്‍ജിയം നല്‍കിയ അപ്പീല്‍ തള്ളിയതോടെ താരം ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചു. എന്നാല്‍ തിബോ കോര്‍ട്ടോ നയിച്ച ബെല്‍ജിയം പ്രതിരോധത്തെ ഭേദിക്കാന്‍ അമേരിക്കന്‍ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.
മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ അമേരിക്കന്‍ പ്രതിരോധത്തെ പിളര്‍ത്തി കെറ്റിലെയര്‍ ബെല്‍ജിയത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച അമേരിക്കന്‍ നിര 31-ാം മിനിറ്റില്‍ മാലിക് ടില്‍മാനിലൂടെ സമനില പിടിച്ചു. എന്നാല്‍ അമേരിക്കയുടെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; രണ്ടു മിനിറ്റിനുള്ളില്‍ (33ാം മിനിറ്റ്) കെറ്റിലെയര്‍ തന്റെ രണ്ടാം ഗോളും നേടി ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു (2-1).
രണ്ടാം പകുതിയിലും ആധിപത്യം ബെല്‍ജിയത്തിനായിരുന്നു. ബെഞ്ചില്‍ നിന്നിറങ്ങിയ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡി ബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, ജെറമി ഡോക്കു എന്നിവര്‍ ബെല്‍ജിയത്തിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 57-ാം മിനിറ്റില്‍ ഹാന്‍സ് വനാകെന്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം സ്‌കോര്‍ 3-1 ആക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ അമേരിക്ക തിരിച്ചുവരവിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബെല്‍ജിയം ഡിഫന്‍സിനെയോ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെയോ മറികടക്കാന്‍ ബലോഗനോ പുലിസിക്കിനോ സാധിച്ചില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ (90+3 മിനിറ്റില്‍) സൂപ്പര്‍ താരം റൊമേലു ലുക്കാക്കു കൂടി ലക്ഷ്യം കണ്ടതോടെ അമേരിക്കയുടെ പതനം പൂര്‍ത്തിയായി.
കഴിഞ്ഞ മത്സരങ്ങളിലെ ആദ്യ ഇലവനില്‍ നിന്ന് കെവിന്‍ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു എന്നിവരെയടക്കം ബെഞ്ചിലിരുത്തിയാണ് ബെല്‍ജിയം കളി തുടങ്ങിയതെങ്കിലും, അവരുടെ ആക്രമണ മൂര്‍ച്ചയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ജയത്തോടെ 2014 ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിലെ ചരിത്രം ബെല്‍ജിയം വീണ്ടും ആവര്‍ത്തിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സ്‌പെയിനാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

by Midhun HP News | Jul 7, 2026 | Latest News, ദേശീയ വാർത്ത
ജക്കാർത്ത: മൂന്ന് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആകാശത്ത് വെച്ച് രാജകീയ സ്വീകരണം നൽകി ഇന്തോനേഷ്യൻ വ്യോമസേന. പ്രധാനമന്ത്രിയുടെ വിമാനം ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതു മുതൽ ജക്കാർത്തയിൽ ലാൻഡ് ചെയ്യുന്നത് വരെ ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു.
അമേരിക്കൻ നിർമ്മിത എഫ്-16 (F-16), റഷ്യൻ നിർമ്മിത സുഖോയ്-30 (Sukhoi-30) എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിനൊപ്പം ആകാശത്ത് ഫോർമേഷൻ തീർത്ത് സുരക്ഷാ അകമ്പടിയൊരുക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ തരംഗമായിക്കഴിഞ്ഞു. രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയുടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ-നയതന്ത്ര ബന്ധത്തിന്റെയും പ്രതീകമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ജക്കാർത്തയിലെ ഹലിം പെർദാനകുസുമ എയർബേസിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തി സ്വീകരിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ ഈ പ്രത്യേക കരുതലിനും സ്നേഹോഷ്മളമായ സ്വീകരണത്തിനും പ്രധാനമന്ത്രി മോദി എക്‌സിലൂടെ (X) നന്ദി അറിയിച്ചു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധ സഹകരണം, സമുദ്ര സുരക്ഷ, വ്യാപാരം എന്നിവയാണ് സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇന്തോനേഷ്യയിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും.

by Midhun HP News | Jul 7, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടിയായി മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈയെയും സമീപ ജില്ലകളെയും പാടെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ മതിലുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 18 മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ടണല്‍ 2ന് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗതാഗതം, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച രാത്രി പത്തു മണിയോടെ വീണ്ടും തുറന്നുകൊടുത്തത്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടവും ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുണെ ജില്ലയില്‍ മാത്രം തിങ്കളാഴ്ചയുണ്ടായ വ്യത്യസ്ത മഴക്കെടുതികളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ നാല് പേര്‍ മരിച്ചു. മാവല്‍ താലൂക്കിലെ പടാന്‍ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ടാണ് മൂന്ന് പേര്‍ മരിച്ചത്. മറ്റൊരാള്‍ മതില്‍ തകര്‍ന്നു വീണാണ് മരിച്ചത്. മണ്ണിടിച്ചിലും പ്രളയവും രൂക്ഷമായ പുണെയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

by Midhun HP News | Jul 7, 2026 | Latest News, ദേശീയ വാർത്ത
താഷ്‌കെന്റ് : ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്. സഹപാഠി സാവരിയയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തില്‍ സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി സദറുള്‍ അനം (22) പിടിയിലായി. ബുക്കാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. നാലു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.
സാവരിയയുടെ മൃതദേഹം ന്യൂഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകീട്ടോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും. സാവരിയയും സദറുള്‍ അനവും സുഹൃത്തുക്കളാണ്. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സാവരിയ. പെണ്‍കുട്ടിയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.
സാവരിയയും സുഹൃത്തായ സദറുള്‍ അനവും തമ്മില്‍ വഴക്കുണ്ടാകുകയും, തുടര്‍ന്ന് ലാപ് ടോപ്പ് കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Recent Comments