പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചുപ്രണാമം

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചുപ്രണാമം

ബെംഗ്ലൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ബംഗളുരുവിൽ എത്തിയതായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയത് മലയാളിയായ ഡോ. കെ എം ചെറിയാൻ ആണ്.

ഡോ. കെ.എം ചെറിയാൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആർട്ടറി ബൈപാസ് സർജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കൽ, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാൻറ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയത് അദ്ദേഹമാണ്. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഡോ.എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് ഓണററി ഡോക്ടർ ഓഫ് സയൻസ് ലഭിച്ചിട്ടുണ്ട്. 1991-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ൽ അദ്ദേഹത്തിന് ഹാർവാർഡ് മെഡിക്കൽ എക്സലൻസ് അവാർഡ് ലഭിച്ചു. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡൻ്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്.

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.

ഭീതിയൊഴിയാതെ ജനങ്ങള്‍; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ഇന്ന്

ഭീതിയൊഴിയാതെ ജനങ്ങള്‍; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ഇന്ന്

കൽപ്പറ്റ: വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തില്‍ ഇന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേരും. രാവിലെ 11 മണിക്ക് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, വൈൽഡ് ലൈഫ് വാർഡൻ, ഡിഫ്ഒ മാർ, തഹസീൽദാർമാർ എന്നിവർ പങ്കെടുക്കും.

മാനന്തവാടിയിൽ കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് അറിയിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നത് കൂടുതൽ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പൊലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള നിർദേശം.

സംവിധായകൻ ഷാഫി അന്തരിച്ചു

സംവിധായകൻ ഷാഫി അന്തരിച്ചു

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കലൂർ കറുകപ്പള്ളി ജുമമസ്ജിദ് ഖബരിസ്ഥാനിൽ. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. ഉദരരോഗങ്ങളും അലട്ടിയിരുന്നു. സംവിധായകൻ റാഫിയുടെ സഹോദരനാണ്.

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺട്രീസ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ്. വൺമാൻഷോ ആണ് ആദ്യ ചിത്രം. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

പുതിയ പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍; കേന്ദ്രം വിജ്ഞാപനമിറക്കി

പുതിയ പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍; കേന്ദ്രം വിജ്ഞാപനമിറക്കി

ഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിജ്ഞാപനമിറക്കി.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് യുപിഎസ് ആനുകൂല്യം. എന്‍പിഎസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ കഴിയും. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്ക് മിനിമം യോഗ്യതാസര്‍വീസ് 25 വര്‍ഷമാണ്.

എന്‍പിഎസില്‍ ജീവനക്കാര്‍ പത്തുശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യുപിഎസില്‍ സര്‍ക്കാര്‍ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം പതിനായിരം രൂപ പെന്‍ഷന്‍ ലഭിക്കും. പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു. ഉദാഹരണത്തിന് 25 വര്‍ഷം സര്‍വീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസ ശമ്പളം ഉണ്ടെങ്കില്‍ ( അടിസ്ഥാന ശമ്പളം + ഡിഎ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കാം.

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും.

പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ്‌ പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ്‌ സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.

രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.