by Midhun HP News | Jan 24, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ്, ചീഫ് ഇമാം കുമ്മനം നിസാമുദീൻ അസ്ഹരി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്ലിയാർ, ഷിഹാബുദ്ദീൻ ഫൈസി, നിഹാൽ അൽ ഹാദി, ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തു.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.
കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.
വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറാ ട്രാപ്പുകലും പഞ്ചാരക്കൊല്ലിയില്‍ വിന്യസിപ്പിക്കും. കടുവയെ ആകര്‍ഷിക്കാന്‍ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകള്‍ പഞ്ചാരക്കൊല്ലിയില്‍ സ്ഥാപിക്കും. മുത്തങ്ങ ക്യാംപിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും. മാര്‍ട്ടില്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. കെഎസ് ദീപ ദൗത്യത്തിന്റെ മേല്‍നോട്ടം വഹിക്കും.
നാളെ കോണ്‍ഗ്രസ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാധയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യ ജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം എത്രയും വേഗം വേണമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാന്‍ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുവയെ പിടികൂടുന്നതിനു നടപടികള്‍ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവ ആക്രമണത്തില്‍ മരിച്ചത് അമ്മാവന്റെ ഭാര്യയാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണി. വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മിന്നുമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മിന്നുമണിയുടെ അമ്മാവന്‍ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച ശാന്ത.പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറാണ് അച്ചപ്പന്‍. കാപ്പി പറിക്കാന്‍ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണ് വിവരം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി….
by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ഐസിസി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇടം പിടിച്ചില്ല. 2024ല്‍ മികച്ച പ്രകടനം നടത്തിയ പതിനൊന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളായ ബുംറ, ജഡേജ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍.
പട്ടികയില്‍ നാലു പേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പേര്‍ വീതവും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഒരു കളിക്കാരനും ടീമില്‍ ഇടംപിടിച്ചു. 2024ല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പുരുഷ ഏകദിന ടീം കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ മല്‍സരങ്ങളിലെ മോശം പ്രകടനമാണ് ഈ ദയനീയ സ്ഥിതിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നാമത്തേത് സമനിലയില്‍ അവസാനിച്ചു.
കഴിഞ്ഞവര്‍ഷം അസലങ്ക 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 50.2 ശരാശരിയില്‍ 605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിയത് ശ്രീലങ്കയാണ്. 18 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക 12 എണ്ണത്തിലും വിജയിച്ചു. പാകിസ്ഥാന്‍ ഒമ്പത് ഏകദിന മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങള്‍ നേടി. അഫ്ഗാനിസ്ഥാന്‍ അവരുടെ 14 ഏകദിന മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു.
ഓള്‍ സ്റ്റാര്‍ ഇലവനില്‍ ഏഷ്യന്‍ അല്ലാത്ത ഏക കളിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആണ്. 2023ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റൂഥര്‍ഫോര്‍ഡ് വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 106.2 എന്ന അത്ഭുതകരമായ ശരാശരിയില്‍ 425 റണ്‍സ് നേടി.
ഐസിസി വനിതകളുടെ ടീമില്‍ ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ധാനയും ദീപ്തി ശര്‍മയും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 28കാരിയായ സ്മൃതി പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി 747 റണ്‍സ് അടിച്ചിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍ നേടിയതും സ്മൃതിയായിരുന്നു. ദീപ്തി പതിമുന്ന് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളും 186 റണ്‍സും നേടിയിരുന്നു.
by Midhun HP News | Jan 24, 2025 | Latest News, കേരളം
തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര്‍ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന്് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.
Recent Comments