by Midhun HP News | Jan 24, 2025 | Latest News, കേരളം
കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനല്‍കുമെന്ന് മന്ത്രി ഒആര്‍ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. നരഭോജി കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കടുവ ഈ പരിസരത്ത് തന്നെ കാണാന്‍ സാധ്യതയുണ്ട്. ഇതിനെ പിടികൂടാനായി ഇന്നുതന്നെ കൂട് സ്ഥാപിക്കും. ഫെന്‍സിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ടെണ്ടര്‍ നടപടികളില്‍ താമസം വന്നാല്‍ ജനകീയ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കുമെന്നും കേളു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന്് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പതിനൊന്നു മണിക്കാണു സംഭവം. രാവിലെ വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. അതിനുശേഷം മൃതദേഹം അല്‍പ്പദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പുല്‍പള്ളി അമരക്കുനിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി 9 ദിവസം ആയപ്പോഴാണു മറ്റൊരു കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ആദ്യമായാണ് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെടുന്നത്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ കടുവ യുവതിയെ കൊന്നുതിന്ന സംഭവത്തില്‍ സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കാതെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മൃതദേഹം എത്തിച്ച പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫീസ് വളഞ്ഞാണ് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നത്. അതിനിടെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ വെടിവെച്ചു കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്നതാണ് നാട്ടുകാരുടെ നിലപാട്.
സംഭവ സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിക്കാന്‍ എല്ലാതരത്തിലും ശ്രമിക്കുന്നുണ്ടെങ്കിലും ജില്ലാ കലക്ടറും ഡിഎഫ്ഒയും ഉടന്‍ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജില്ലാ കലക്ടര്‍ എത്താത്തിലും നാട്ടുകാര്‍ പ്രതിഷേധിച്ചു.
by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധിപ്പേര്‍ മരിച്ചതായാണ് സൂചന. സ്‌ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ 5 കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.
നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയില്‍ രാവിലെ 10.30ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കലക്ടര്‍ സഞ്ജയ് കോള്‍ട്ടെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തകര്‍ന്ന മേല്‍ക്കൂരയ്ക്ക് താഴെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ മേല്‍ക്കൂര തകര്‍ന്നുവെന്നും കുറഞ്ഞത് 12 പേരെങ്കിലും അതിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായും മിസ്റ്റര്‍ കോള്‍ട്ടെ പറഞ്ഞു. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. എക്‌സകവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ദൂരെ നിന്ന് പകര്‍ത്തിയ വിഡിയോയില്‍ ഫാക്ടറിയില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് ദൃശ്യമാണ്.
by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.
ഹിന്ദുക്കള്‍ സമാധാനപ്രിയരായ സമൂഹമാണ്. ഈ എംപി കുന്നിന്‍ മുകളില്‍ പോയി മാംസാഹാരം കഴിച്ചത് നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം കുന്നിന്‍മുകളിലേക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാനായി മുസ്ലീം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സ്ഥാനത്തുവച്ച് മാംസാഹാരം കഴിക്കുന്ന നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ വിഭാഗതീയതയുണ്ടാക്കുക ലക്ഷ്യമിട്ടാണ് എംപിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ചൊല്ലി മധ്യസ്ഥത വഹിക്കാനായാണ് താന്‍ എത്തിയതെന്നും താന്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 24, 2025 | Latest News, ജില്ലാ വാർത്ത
മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ “4 സീസൺസ് ” ജനുവരി 31 ന് തീയേറ്ററുകളിലെത്തുന്നു.
സംഗീത വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസൺസ്.
സ്കൂൾ ജീവിതത്തിൻ്റെ കലണ്ടർ ഇയറിൽ, മാറി വരുന്ന നാല് ഋതുക്കൾക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക, വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.
മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ബാനർ – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം, ഛായാഗ്രഹണം – ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – വിനോദ് പരമേശ്വരൻ, എഡിറ്റിംഗ് – ആർ പി കല്യാൺ, സംഗീതം – റാലേ രാജൻ (USA), ജിതിൻ റോഷൻ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, കോറിയോഗ്രാഫി – സുനിൽ പീറ്റർ, കിച്ചാ, ശ്രുതി ഹരി, അമീൻ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, വിതരണം – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ് & കൃപാനിധി സിനിമാസ്, ഡിസൈൻസ് – കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ.
by Midhun HP News | Jan 24, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് എഐ സെമികണ്ടക്ടറുകള്‍ വാങ്ങാനാണ് റിലയന്‍സിന്റെ ആലോചനയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2024 ഒക്ടോബറില്‍ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത ശ്രമം പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക്ക്വെല്‍ എഐ പ്രോസസ്സറുകള്‍ വിതരണം ചെയ്യുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്. സഹകരണം സംബന്ധിച്ചുള്ള പുതിയ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.
‘എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തിന് മുന്‍പാകെ തുല്യത കൊണ്ടുവരാനും നമുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ, ഇന്ത്യയ്ക്കും ഏറ്റവും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്,’- എഐ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയില്‍ എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകളില്‍ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തവും റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പ്രഖ്യാപിച്ചിരുന്നു.
Recent Comments