മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകം

മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകം

തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യം ഇന്നും തുടരും. കഴിഞ്ഞ ദിവസം കാടുകയറിയ കാട്ടാന ഇന്ന് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് തിരിച്ചെത്തിയത്. 14-ാം ബ്ലോക്കില്‍ ചാലക്കുടി പുഴ മുറിച്ചുകടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലാണ് ആന ഇപ്പോള്‍ ഉള്ളത്.കാട്ടാനക്കൂട്ടത്തോടൊപ്പമാണ് പരിക്കറ്റ ആന. കാട്ടാനക്കൂട്ടത്തില്‍ നാല് ആനകളാണ് ഉള്ളത്. ഇല്ലിക്കാടിന്റെ അപ്പുറം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍ തോട്ടമാണ്. റബര്‍ തോട്ടം കഴിഞ്ഞാല്‍ നിബിഡ വനമാണ്. ഈ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കാട്ടാനയെ മയക്കുവെടിവെച്ച് ചികിത്സ നല്‍കാനായിരിക്കും ദൗത്യസംഘത്തിന്റെ നീക്കം.

കഴിഞ്ഞദിവസം കാടുകയറി ആന പുഴയിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ദൗത്യസംഘം ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ ആന തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ഉചിതമായ സമയത്ത് ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കുന്ന നിര്‍ണായക ഘട്ടത്തിലേക്ക് ദൗത്യസംഘം ഇന്ന് കടന്നേക്കും. 15 മുതലാണ് മുറിവേറ്റ നിലയില്‍ ആനയെ തോട്ടത്തില്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വനം വകുപ്പ് ആനയെ നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞദിവസം ആന വെള്ളത്തിനു സമീപത്തു നിന്നതിനാല്‍ മയക്കു വെടിവയ്ക്കുന്നതിനു കഴിഞ്ഞില്ല.ആനയെ കരയ്ക്കു കയറ്റിയ ശേഷം മയക്കുവെടി വയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പുഴയില്‍ നിന്നു കരയ്ക്കു കയറാതെ നിന്നിരുന്ന ആനയെ പത്തരയോടെ പടക്കം പൊട്ടിച്ച് കരയ്ക്കു കയറ്റുകയായിരുന്നു. തുരുത്തില്‍ നിന്നു പ്ലാന്റേഷന്‍ തോട്ടത്തിലേക്കു കയറിയ ആന എസ്റ്റേറ്റ് റോഡ് മുറിച്ച് കടന്ന് പിന്നീട് കാടുകയറുകയായിരുന്നു.

ഒന്നാം സമ്മാനം 20 കോടി; ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു

ഒന്നാം സമ്മാനം 20 കോടി; ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു

തിരുവനന്തപുരം: ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു.വിതരണത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ വ്യാഴാഴ്ച വരെ 33 ലക്ഷത്തിത്തിലധികം (33,78,990) ടിക്കറ്റുകള്‍ വിറ്റു പോയി. 11 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് ക്രിസ്മസ്- നവവത്സര ബമ്പര്‍ നറുക്കെടുപ്പ്. ക്രിസ്മസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ്.

ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് ഏഴ് ലക്ഷത്തിനടുത്ത് (6,95,650) ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92, 290 ടിക്കറ്റുകള്‍ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയാണ്. 400 രൂപയാണ് ടിക്കറ്റ് വില.

20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്.

3200 രൂപ വീതം; രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

3200 രൂപ വീതം; രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക.ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.

അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊൽപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്നു തുടങ്ങുന്നത്. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.

കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാ​ദം തുടങ്ങാനിരുന്നതാണ്. എന്നാൽ പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്നു പ്രതിഭാ​ഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റി വയ്ക്കുകയായിരുന്നു.

കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കിണറ്റിലകപ്പെട്ട മദ്ധ്യവയസ്കനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: മണമ്പൂർ പഞ്ചായത്തിൽ മണമ്പൂർ ഹോസ്പിറ്റലിന് സമീപം ചരിവിള പുത്തൽ വീട്ടിൽ പ്രഗത്ഭൻ എന്നയാളാണ് 55 അടി താഴ്ചയും 6 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീസർ വ.സജ്ജുകുമാർ,ഗ്രേഡ് അസ്സി: സ്റ്റേഷൻഓഫീസർ സി.ആർ. ചന്ദ്രമോഹൻ, സീനിയർ ഫയർ ഓഫീസർ എം.എസ്. ബിജോയ്, ഫയർ ഓഫീസർമാരായ സനു,സാൻ, മിഥുൻ, അമൽജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, എച്ച്.ജി .ജയരാജ് എന്നിവരടങ്ങുന്ന ടീമാണ് നെറ്റും റോപ്പും ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചത്‌. ഫയർ ഓഫീസർ.മിഥുൻ ആണ് കിണറ്റിലിറങ്ങിയത്.

ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഗവൺമെന്റ് ഐടിഐ ആറ്റിങ്ങലിൽ 2025 ഫെബ്രുവരി ബാച്ചിലേക്കുള്ള ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറുമാസത്തെ എസ് സി വി ടി ട്രേഡ് ആയ ഡ്രൈവർ കം മെക്കാനിക് കോഴ്സിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രേഡ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് പൊതുമേഖല, പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഡ്രൈവർ തസ്തികയിലും ഓട്ടോമൊബൈൽ സർവീസ് സ്ഥാപനങ്ങളിൽ ടെക്നീഷ്യൻ തസ്തികയിലും നിരവധി അവസരങ്ങൾ.

ഉയർന്ന നിലവാരത്തിലുള്ള ഡ്രൈവിംഗ് വിജ്ഞാനവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടുന്ന പരിശീലനവും ആണ് ഈ ട്രെഡിലൂടെ ലഭിക്കുക. പൂർണ്ണമായും സൗജന്യമായി ഡ്രൈവിംഗ് പരിശീലനവും ശേഷം ഡ്രൈവിങ്‌ ലൈസൻസും കരസ്ഥമാക്കാം.

യോഗ്യത:

01 01 2025 ന് 18 വയസ്സ് തികഞ്ഞിരിക്കണം.

10 ആം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം.

അപേക്ഷ നൽകുന്നതിനായി ആറ്റിങ്ങൽ ഐടിഐയിൽ നേരിട്ട് എത്തി 100 രൂപ ഫീ ഒടുക്കി നിർദിഷ്ട ഫോമിൽ അപേക്ഷയും എസ്എസ്എൽസി, ആധാർ എന്നിവയുടെ പകർപ്പും നൽകുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31 -01 25 5 PM