കാല്‍ കഴുകുന്നതിനിടെ പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കാല്‍ കഴുകുന്നതിനിടെ പുഴയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

കൊല്ലം: ഇത്തിക്കരയാറ്റില്‍ വീണ് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. ആയൂര്‍ മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്.

ഫെസ്റ്റിനിടെ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടനെ ഫയര്‍ ഫോഴ്സ് സംഘവും കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്.

കിണറ്റില്‍ വീണ ആനയെ ഇന്ന് തന്നെ കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ

കിണറ്റില്‍ വീണ ആനയെ ഇന്ന് തന്നെ കാടുകയറ്റും; പ്രദേശത്ത് നിരോധനാജ്ഞ

മലപ്പുറം: അരീക്കോട്, ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ഇന്ന് കാടുകയറ്റും. മയക്കുവെടി വയ്ക്കില്ല, കാട്ടിലേക്ക് പോകാന്‍ മണ്ണുമാന്ത്രി ഉപയോഗിച്ച് വഴിയൊരുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ആനയെ കാടുകയറ്റുന്ന നടപടിയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആന അവശനിലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രദേശത്ത് ഒരുകോടി മുടക്കി ഹാങ്ങിന് ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. 15 മണിക്കൂറോളമായി കിണറ്റില്‍ കുടുങ്ങിയ കാട്ടാന അവശനിലയിലാണ്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.

ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ അകപ്പെടുന്നത്. കിണറ്റിലെ മണ്ണിടിച്ച് ആനക്ക് വഴിയൊരുക്കി കാട്ടിലേക്ക് കടത്തിവിടാനായിരുന്നു വനംവകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇത് സമ്മതിച്ചില്ല. മയക്കുവെടിവെച്ച് ആനയെ ദൂരസ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

കഠിനംകുളം ആതിര കൊലപാതകം: പ്രതി ജോണ്‍സണ്‍ കോട്ടയത്ത് പിടിയില്‍

കഠിനംകുളം ആതിര കൊലപാതകം: പ്രതി ജോണ്‍സണ്‍ കോട്ടയത്ത് പിടിയില്‍

കോട്ടയം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് മൂന്നുമണിയോടെ ജോണ്‍സണുമായി സാദൃശ്യമുള്ളയാളെ കണ്ടതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസില്‍ വിവരം ലഭിക്കുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിങ്ങവനം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ജോണ്‍സണ്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് കഠിനംകുളം പൊലീസ് കോട്ടയത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച പകല്‍ പതിനൊന്നുമണിയോടെയാണ് കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെ വീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്.

മകന്റെ മരണത്തില്‍ മനോവേദന; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി

മകന്റെ മരണത്തില്‍ മനോവേദന; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സമീപത്ത് നിന്നും സ്‌നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകന്റെ വേര്‍പാടില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ഏക മകന്‍ മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

97-ാമത് ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും

97-ാമത് ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും

2025ലെ ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് പ്രഖ്യാപനം. അക്കാദമിയുടെ ഡിജിറ്റൽ ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാഫറിലും എബിസി ന്യൂസിൻ്റെ ഗുഡ് മോർണിങ് അമേരിക്ക എന്ന പരിപാടിയിലും ഇതിൻ്റെ തത്സമയ സംപ്രേഷണം കാണാം.

യാങ്ങും റേസൽ സെന്നോട്ടിയും ചേർന്നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുക. സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിൽ വെച്ചായിരിക്കും പ്രഖ്യാപനം.
ജനുവരി 17 നായിരുന്നു നോമിനേഷനുകൾ പ്രഖ്യാപിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നത്.എന്നാൽ ലോസ് ഏഞ്ചൽസ് കാട്ടുതീയെ തുടർന്ന് ഇത് 19 ലേക്കും പിന്നീട് ഇന്നത്തേക്കും മാറ്റുകയായിരുന്നു. ഓസ്കർ നോമിനേഷനുകൾക്ക് വോട്ട് ചെയ്യാനുള്ള കാലാവധിയും ഇതിനൊപ്പം നീട്ടിയിരുന്നു.

സഹനടൻ, സഹനടി, ആനിമേറ്റഡ് ഷോർട്ട് ഫിലിം, കോസ്റ്റ്യൂം ഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മേക്കപ്പും ഹെയർസ്റ്റൈലിങ്ങും, സംഗീതം (ഒറിജിനൽ സ്കോർ), തിരക്കഥ(അവലംബിതം), തിരക്കഥ(ഒറിജിനൽ) എന്നീ വിഭാ​ഗങ്ങളിലെ നോമിനേഷനുകൾ ആണ് ആദ്യം പ്രഖ്യാപിക്കുക.മികച്ച നടൻ, മികച്ച നടി, ആനിമേറ്റഡ് ഫീച്ചർ ഫിലിം, ഛായാഗ്രഹണം, സംവിധാനം, ഡോക്യുമെന്ററി ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, ഫിലിം എഡിറ്റിംഗ്, അന്താരാഷ്ട്ര ഫീച്ചർ ഫിലിം, സംഗീതം(ഒറിജിനൽ), മികച്ച ചിത്രം, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദം, വിഷ്വൽ ഇഫക്റ്റ് എന്നീ വിഭാ​ഗങ്ങളിലെ നോമിനേഷനുകൾ രണ്ടാമത്തെ സെക്ഷനിലുമാകും പ്രഖ്യാപിക്കുന്നത്.

കങ്കുവ, ആടുജീവിതം, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ഇന്ത്യൻ ചിത്രങ്ങൾ ഇത്തവണ മത്സര രം​ഗത്തുണ്ട്. ബ്ലെസിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ആടുജീവിതം മികച്ച ചിത്രം എന്ന വിഭാ​ഗത്തിലാണ് മത്സരിക്കുന്നത്. 2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക.

ചെസ് റാങ്കിങ്; ഡി ഗുകേഷിന് നേട്ടം, നാലാം സ്ഥാനത്ത്

ചെസ് റാങ്കിങ്; ഡി ഗുകേഷിന് നേട്ടം, നാലാം സ്ഥാനത്ത്

ഡല്‍ഹി: ഏറ്റവും പുതിയ ഫിഡെ റാങ്കിങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ഇന്ത്യന്‍ യുവ താരവും ലോക ചാംപ്യനുമായ ഡി ഗുകേഷ്. ഏറ്റവും മികച്ച റാങ്കുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഗുകേഷ് മുന്നിലെത്തി. മുന്‍ ലോക ചാംപ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്‍ റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ദീര്‍ഘ നാളായി മുന്നിലുണ്ടായിരുന്ന ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗസിയായിരുന്നു. താരത്തെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗുകേഷ് നാലാം റാങ്കിലേക്ക് കയറിയത്. ഗുകേഷിനു 2784 റേറ്റിങ് പോയിന്റുകള്‍. എരിഗസിക്ക് 2779.5 പോയിന്റുകള്‍.

2832.5 റേറ്റിങ് പോയിന്റുകളുമായാണ് കാള്‍സന്‍ ഒന്നാം റാങ്കില്‍ തുടരുന്നത്. അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികരു നകാമുറ (2802) രണ്ടാം സ്ഥാനത്തും അമേരിക്കയുടെ തന്നെ ഫാബിയോ കരുവാന (2798) മൂന്നാം റാങ്കിലും നില്‍ക്കുന്നു.

ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് പുതിയ ലോക ചാംപ്യനായത്. ലോക ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് 18കാരന്‍ ചരിത്രമെഴുതിയത്. റഷ്യന്‍ ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. ഇതിഹാസ താരം ആനന്ദിനു ശേഷം ലോക ചെസിന്റെ നെറുകയില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കിയിരുന്നു.