ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി; തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ

ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി; തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.

ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽ വിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.

ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍

പാലക്കാട്: അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

ബുധനാഴ്ച രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്. ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

‘അല്‍പം പോലും കുറ്റബോധമില്ല’, ജയിലില്‍ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും

‘അല്‍പം പോലും കുറ്റബോധമില്ല’, ജയിലില്‍ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്‍ഡായ തടവുകാരിയാണെന്നും അധികൃതര്‍ പറയുന്നു. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്.

മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയുമാണ് ഗ്രീഷ്മയ്ക്കൊപ്പമുള്ളത്. ജയിലിൽ മകളുടെ ദുര്‍വിധി കണ്ട് അച്ഛനും അമ്മയും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മയുടെ ഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയിൽ അധികൃതർ‌ പറയുന്നു.

ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മയ്ക്ക് നല്‍കിയിട്ടില്ല. അറസ്റ്റ് കഴിഞ്ഞ് 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിലും ചുറ്റുപാടും പരിചിതമാണ്. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.

ആതിര കൊലപാതകം: കൂടെ വരാനുള്ള ആവശ്യം നിരസിച്ചത് കൊലയ്ക്ക് കാരണമെന്ന് പൊലീസ്

ആതിര കൊലപാതകം: കൂടെ വരാനുള്ള ആവശ്യം നിരസിച്ചത് കൊലയ്ക്ക് കാരണമെന്ന് പൊലീസ്

തിരുവനന്തപുരം: യുവതിയുടെ സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ആണ് കൃത്യം നടത്തിയതെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഒരു വർഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസൺ നൽകി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. നേരത്തെ യുവതി ജോൺസനുമായി പല സ്ഥലങ്ങളിലും പോയതായും പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്.

ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു. പിന്നീടാണ് യുവതിയെ എന്തോ നൽകി മയക്കിയതിന് ശേഷം കഴുത്തിൽ കത്തി കുത്തിവലിക്കുകയായിരുന്നു. അന്നേദിവസം രാവിലെ പ്രതി പെരുമാതുറ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് പ്രതി ജോൺസൺ.

മുന്‍ ഭാര്യയുമായി സൗഹൃദത്തിലായി, ഓട്ടോഡ്രൈവറെ കുത്തി കൊല്ലാന്‍ ശ്രമം, അറസ്റ്റ്

മുന്‍ ഭാര്യയുമായി സൗഹൃദത്തിലായി, ഓട്ടോഡ്രൈവറെ കുത്തി കൊല്ലാന്‍ ശ്രമം, അറസ്റ്റ്

കാസർകോട്: മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോ​പിച്ച് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിക്കിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

അഭിലാഷിന്റെ മുൻ ഭാര്യയുമായി അബൂബക്കർ സൗഹൃദത്തിലാണെന്ന് ആരോ​പിച്ചാണ് ആക്രമണം. കഴിഞ്ഞ ദിവസം മെഗ്രാല്‍ സ്കൂളിന് സമീപം ഒമിനി വാനിലെത്തി പ്രതികൾ അബൂബക്കറിലെ ആക്രമിക്കുകയായിരുന്നു. ഈ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ അഭിലാഷ്. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പൊലീസ് പിടിയിലായ അഹമ്മദ് കബീറും നേരത്തെ കേസില്‍ പ്രതിയാണ്.

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 60,200 എന്ന സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവില. ഗ്രാമിന് 7525 രൂപ നല്‍കണം.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി ഇന്നലെ സ്വര്‍ണവില കുതിക്കുകയായിരുന്നു. ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.