വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; വിദ്യാര്‍ഥിയുടെ ഭീഷണിയില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; വിദ്യാര്‍ഥിയുടെ ഭീഷണിയില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്.

വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ആനക്കര ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്.പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥി കൊലവിളി നടത്തിയത്.

പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. ഭീഷണി മുഴക്കിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.

പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്നു വിജിലൻസിനു പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശുപാർശ ചെയ്തു. പിന്നാലെയാണ് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിട്ടത്.വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റി​ഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.

കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 6.5 ശതമാനം വര്‍ധന

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 6.5 ശതമാനം വര്‍ധന

തിരുവനന്തപുരം: കഴിഞ്ഞ സമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 ല്‍ 90,228.84 കോടി രൂപയില്‍നിന്ന് നികുതി വരുമാനം 96,071.93 കോടി രൂപയായതായി നിയമസഭയില്‍ വച്ച വരവു–ചെലവ്‌ സംബന്ധിച്ച ‘അക്കൗണ്ട്‌സ് അറ്റ് എ ഗ്ലാന്‍സ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 71,968.16 കോടി രൂപയില്‍ നിന്ന് 74,329.01 കോടി രൂപയായും കേന്ദ്ര നികുതികളുടെ വിഹിതം 18,260.68 കോടി രൂപയില്‍ നിന്ന് 21,742.92 കോടി രൂപയായും ഉയര്‍ന്നയായി കണക്കുകള്‍ പറയുന്നു. മൊത്തം റവന്യൂ വരുമാനമായ 1,24,486.15 കോടി രൂപയില്‍ നികുതി വരുമാനം 96,071.93 കോടി രൂപയും നികുതിയേതര വരുമാനം 16,345.96 കോടി രൂപയും ഗ്രാന്റ്-ഇന്‍-എയ്ഡ് 12,068.26 കോടി രൂപയുമാണ്.

സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ഗണ്യമായി കുറഞ്ഞു. 2022-23 ല്‍ 27,377.86 കോടി രൂപയായിരുന്ന ഗ്രാന്റുകള്‍ 2023-24 വര്‍ഷം 12,068.26 കോടി രൂപയായി കുറഞ്ഞു. 2023-24 ലെ മൊത്തം ഗ്രാന്റുകളായ ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ 7,245.69 കോടി രൂപയും കേന്ദ്ര സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ 3,918.86 കോടി രൂപയും മറ്റ് ഗ്രാന്റുകള്‍ 903.71 കോടി രൂപയുമാണ്.

റവന്യൂ വരുമാനത്തിന്റെ 73.36%, അതായത് 1,24,486.15 കോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ക്കായി മാറ്റി. ഇതില്‍ ശമ്പളച്ചെലവ് 38,572.84 കോടി രൂപയും പലിശയായി അടച്ചത് 27,106.22 കോടി രൂപയും പെന്‍ഷനായി 25,644.24 കോടി രൂപയുമാണ് ചെലവഴിച്ചത്. ജിഎസ്ഡിപിയുടെ അനുപാതത്തില്‍, 2023-24 ല്‍ റവന്യൂ കമ്മി 1.58% ആയി വര്‍ധിച്ചു, ധനക്കമ്മി 2.99% ആയി വര്‍ദ്ധിച്ചു, മൊത്തം കടബാധ്യതകള്‍ 36.23% ആയി കുറഞ്ഞു. 2022-23 ല്‍ ഇവ യഥാക്രമം 0.88%, 2.44%, 36.80% എന്നിങ്ങനെയായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം 12.79% കുറഞ്ഞു. 2022-23 ല്‍ 15,843.71 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചപ്പോള്‍ 2023-24 ല്‍ ഇത് 13,817.96 കോടി രൂപയായി കുറഞ്ഞു. 2023-24 ല്‍ മൊത്തം പദ്ധതിച്ചെലവ്, 34,310.52 കോടി രൂപ, മൊത്തം ചെലവിന്റെ 21.51% ഉം ജിഎസ്ഡിപിയുടെ 2.99% ഉം ആയിരുന്നു. മുന്‍ വര്‍ഷം ഇത് യഥാക്രമം 20.63% ഉം 3.20% ഉം ആയിരുന്നു.

‘കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, തലേദിവസം അവള്‍ പറഞ്ഞിരുന്നു’….

‘കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, തലേദിവസം അവള്‍ പറഞ്ഞിരുന്നു’….

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് ആതിര തിങ്കളാഴ്ച പറഞ്ഞിരുന്നു.

എന്നാൽ ഇത് രാജീവ് പുറത്തു പറഞ്ഞിരുന്നില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു.

ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി. അതേസമയം ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി ട്രെയിനിൽ കയറി കടന്നു കളഞ്ഞെന്നാണ് നി​ഗമനം. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി സംഭവ സ്ഥലത്തു നിന്നും കടന്നത്. സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറു വയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.

ആതിരയെ എട്ട് വർഷം മുൻപാണു രാജീവ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം

കൊല്‍ക്കത്ത: ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.
മത്സരം കാണാന്‍

മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം കാണാം. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം കാണാം.

പിച്ച് റിപ്പോര്‍ട്ട്

പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. എന്നാല്‍ മഞ്ഞുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആദ്യം ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമാണ് കൊല്‍ക്കത്തയില്‍. ക്രിക്കറ്റ് ആരാധകര്‍ക്ക് മുഴുവന്‍ ഓവര്‍ മത്സരവും കാണാം.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

കഴക്കൂട്ടം മുതല്‍ കിഴക്കേ കോട്ട വരെ, രണ്ടു റൂട്ടുകള്‍; തിരുവനന്തപുരം മെട്രോ അലൈന്‍മെന്റ് ഈ മാസം

കഴക്കൂട്ടം മുതല്‍ കിഴക്കേ കോട്ട വരെ, രണ്ടു റൂട്ടുകള്‍; തിരുവനന്തപുരം മെട്രോ അലൈന്‍മെന്റ് ഈ മാസം

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ അലൈന്‍മെന്റിന്റെ അന്തിമരൂപരേഖയ്ക്ക് ഈ മാസം അവസാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും. ഇക്കാര്യത്തില്‍, വ്യത്യസ്ത അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങളില്‍ ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കിയതും ഉള്‍പ്പെടുന്നു. അത് പൂര്‍ണ്ണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായ അലൈന്‍മെന്റ് ഏതാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബെഹ്റ പറഞ്ഞു.

അലൈന്‍മെന്റ് തീരുമാനിച്ചുകഴിഞ്ഞാല്‍, പദ്ധതി കേന്ദ്ര സര്‍ക്കാരിന് അയയ്ക്കുന്നതിന് മുമ്പ് കെഎംആര്‍എല്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും. എന്തെങ്കിലും മാറ്റം ഉണ്ടായാല്‍, പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വീണ്ടും മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

ഒന്നിലധികം അലൈന്‍മെന്റ് ഓപ്ഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും, എല്ലാം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കടന്നുപോകുന്നത്. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. നിര്‍ദേശിക്കപ്പെട്ട അലൈന്‍മെന്റുകളില്‍ ഒന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎന്‍ജി വഴി കടന്നുപോകുമ്പോള്‍, മറ്റൊന്ന് പട്ടം ജങ്ഷന്‍ വഴിയാണ് പോകുന്നത്.

കോഴിക്കോട് മെട്രോ

കോഴിക്കോട് മെട്രോയ്ക്കുള്ള പദ്ധതി രൂപരേഖ (ഡിപിആര്‍) സമര്‍പ്പിക്കാനും കെഎംആര്‍എല്‍ ഒരുങ്ങുകയാണ്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കല്‍ കെഎംആര്‍എല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോയാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് സാധാരണ മെട്രോയിലേക്ക് മാറി ചിന്തിച്ചിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് പീക്ക് അവര്‍ പീക്ക് ഡയറക്ഷന്‍ (പിഎച്ച്പിഡി) ട്രാഫിക് 15,000-ത്തില്‍ കൂടുതലാണ്. കോഴിക്കോട്, പിഎച്ച്പിഡി അല്പം കുറവാണ്, എന്നാല്‍ അവിടെയും പരമ്പരാഗത മെട്രോയാണ് നിര്‍ദേശിക്കുന്നത്. ഏകദേശം 18 കിലോമീറ്റര്‍ അലൈന്‍മെന്റ് വരും. കോഴിക്കോടിനായി സമഗ്ര മൊബിലിറ്റി പ്ലാനും മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കെ എംആര്‍എല്‍ ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.