by Midhun HP News | Jan 21, 2025 | Latest News, കേരളം
കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് സംശയം. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.
സുമേഷ് തൂങ്ങിയ നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമേഷിന് കെഎസ്ഇബിയിൽ ആണ് ജോലി. മകൻ സ്ഥിരം മദ്യപിച്ചു വരുന്നയാളെന്ന് നാട്ടുകാർ പറയുന്നു. 62 കാരിയായ നിർമലയെ മകൻ കൊലപ്പെടുത്തിയെന്നാണ് ഉയരുന്ന സംശയം. രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി വീടിന് പുറത്ത് ആരേയും കണ്ടിരുന്നില്ല. സംശയം തോന്നിയ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ കൊണ്ടുവന്ന് ഇന്‍സ്റ്റഗ്രാം. റീല്‍സ് വിഡിയോയ്ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം, ലേഔട്ടിലെ മാറ്റം എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.
റീല്‍സിന്റെ ഫോര്‍മാറ്റ് പരമ്പരാഗത സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി(1:1 വീക്ഷണാനുപാതം മാറ്റി 4:3 അനുപാതം) പ്രൊഫൈല്‍ ഗ്രിഡാണ് പുതിയ മാറ്റം. റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങള്‍ ഇഷ്ടാനുസൃതമാക്കാനും പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. ഷോര്‍ട്ട്-ഫോം വിഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കന്‍ഡ് വരെയുള്ള റീലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളെന്നും എന്നാല്‍ ദൈര്‍ഘ്യം തീരെ കുറവാണെന്ന പരാതി പരിഗണിച്ച് 3 മിനിറ്റായി വര്‍ധിപ്പിച്ചെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു. ടിക്ടോക് 2022-ല്‍ത്തന്നെ ഹ്രസ്വ വിഡിയോ സമയ പരിധി 10 മിനിറ്റായി വര്‍ധിപ്പിച്ചിരുന്നു.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 നക്‌സലൈറ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു സുരക്ഷാസൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്‌റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നക്‌സല്‍ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേന ഏറ്റുമുട്ടലില്‍ 14 നക്‌സലുകളെ വധിച്ചതായും അമിത് ഷാ വ്യക്തമാക്കി.
by Midhun HP News | Jan 21, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
by Midhun HP News | Jan 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്.
കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര. ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. ഭർത്താവുമായി താമസിച്ചു വരികയായിരുന്നു. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം. ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം ലഭിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ മുതല്‍ ടി20 പോരാട്ടമാണ് നടക്കുന്നത്. പിന്നാലെ ഏകദിന മത്സരങ്ങളും അരങ്ങേറും. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് കളിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം ബൗളിങ് വിഭാഗത്തിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തി എന്നതാണ് ടീമിലെ സവിശേഷ മാറ്റം. സ്പിന്‍ ഓണ്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നതും നിര്‍ണായക മാറ്റമാണ്.
ഇന്ത്യ ഓപ്പണിങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യത്തെ തന്നെ കളിപ്പിക്കും. മൂന്നാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കും. ശേഷിക്കുന്ന ബാറ്റിങ് സ്ഥാനങ്ങള്‍ മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് മാറിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
മത്സരം സമയക്രമം
ടി20 പോരാട്ടങ്ങള്‍
ഒന്നാം ടി20- ജനുവരി 22, വൈകീട്ട് 7 മുതല്‍
രണ്ടാം ടി20- ജനുവരി 25, വൈകീട്ട് 7 മുതല്‍
മൂന്നാം ടി20- ജനുവരി 28, വൈകീട്ട് 7 മുതല്‍
നാലാം ടി20- ജനുവരി 31, വൈകീട്ട് 7 മുതല്‍
അഞ്ചാം ടി20- ഫെബ്രുവരി 2, വൈകീട്ട് 7 മുതല്‍
ഏകദിന പോരാട്ടങ്ങള്‍
ഒന്നാം ഏകദിനം- ഫെബ്രുവരി 6, ഉച്ചയ്ക്ക് 1.30 മുതല്‍
രണ്ടാം ഏകദിനം- ഫെബ്രുവരി 9, ഉച്ചയ്ക്ക് 1.30 മുതല്‍
മൂന്നാം ഏകദിനം- ഫെബ്രുവരി 12, ഉച്ചയ്ക്ക് 1.30 മുതല്‍
ലൈവായി കാണാം
ടെലിവിഷന്‍ വഴി ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയും ആരാധകര്‍ക്ക് ലൈവായി പോരാട്ടം കാണാന്‍ കഴിയും.
Recent Comments