by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
കുമാരനാശാൻ സ്മൃതിദിനത്തിന് കായിക്കരയിൽ വി മുരളീധരൻ പുഷ്പാർച്ചനയർപ്പിച്ചു. കുമാരനാശാന്റെ 101 മത് സ്മൃതിദിനത്തോട് അനുബന്ധിച്ചാണ് അഞ്ചുതെങ്ങ് കായിക്കര ആശാൻസ്മാരകത്തിലെ കുമാരനാശാൻ പ്രതിമയിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ പുഷ്പാർച്ചന അർപ്പിച്ചത്.
ചടങ്ങിൽ ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, കവി അശോകൻ കായിക്കര, ആശാൻ സ്മാരക അസോസിയേഷൻ സെക്രട്ടറി വി ലൈജു, അസോസിയേഷൻ അംഗം വക്കം ജെയിൻ, എൻ എസ് സജു, മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗം പൂവണത്തുംമൂട് മണികണ്ഠൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം സജി സുന്ദർ, അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും ലണ്ടനിലെ ഹീത്രുവിലേക്കും തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങുന്നു. എയർഏഷ്യയാണ് ബാങ്കോക്ക് സർവീസിനായി രംഗത്തുള്ളത്. ഇതോടെ തായ്‌ലാൻഡിലേക്കുള്ള സഞ്ചാരികൾക്ക് നേരിട്ടുള്ള സർവീസ് ലഭ്യമാവും. അദാനിയുടെ നടത്തിപ്പിലുള്ള ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസിന് ബാങ്കോക്കിലേക്ക് സർവീസുണ്ട്.അവരും തിരുവനന്തപുരത്തു നിന്നുള്ള ബാങ്കോക്ക് സർവീസിന് അനുമതിക്ക് ശ്രമിക്കുന്നുണ്ട്. ഓർഡർ ചെയ്തിരിക്കുന്ന പുതിയ വിമാനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് എയർഇന്ത്യ എക്സ്‌പ്രസ് ബാങ്കോക്ക് സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്.
നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ തായ്‌ലാൻഡിലേക്ക് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടും. അടുത്ത വേനൽക്കാല സീസണിൽ എയർഏഷ്യ തിരുവനന്തപുരം- ബാങ്കോക്ക് സർവീസ് പ്രഖ്യാപിച്ചേക്കും. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് എയർഇന്ത്യയുടെ സർവീസിനായും നടപടി പുരോഗമിക്കുകയാണ്. യു.കെയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രുവിലേക്ക് നേരിട്ടുള്ള സർവീസിനാണ് അനുമതി തേടിയത്.ഹീത്രു സർവീസ് വരുന്നതോടെ ലണ്ടനിൽ പഠനത്തിനും ജോലിക്കുമായി പോകുന്ന മലയാളികൾക്ക് നാട്ടിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യമൊരുങ്ങും. വേനൽക്കാല ഷെഡ്യൂളിൽ ഹീത്രു സർവീസ് പ്രഖ്യാപിക്കാനിടയുണ്ടെന്ന് വിമാനത്താവള അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.
ആസ്ട്രേലിയ, ന്യൂസിലാൻഡ്, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റിക്കായി മലേഷ്യയിലേക്ക് രണ്ട് വിമാനക്കമ്പനികൾ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നുണ്ട്. മലേഷ്യൻ എയർലൈൻസ്, എയർഏഷ്യ എന്നിവയ്ക്കാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് സർവീസുള്ളത്. കൊച്ചിയിലേക്കാൾ കുറഞ്ഞ നിരക്കിലാണ് മിക്കപ്പോഴും ഈ സർവീസുകൾ. തിരുവനന്തപുരത്ത് ഏറ്റവും യാത്രക്കാരുള്ളത് എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ, എയർഅറേബ്യ വിമാനക്കമ്പനികൾക്കാണ്.
100 സർവീസുകൾ ദിവസേന
പ്രതിദിനം ശരാശരി നൂറുസർവീസുകളിലായി 15000ത്തിലേറെ യാത്രക്കാരാണുള്ളത്. 11ഇന്ത്യൻ നഗരങ്ങളിലേക്കും 14വിദേശ നഗരങ്ങളിലേക്കും സർവീസുണ്ട്.
കഴിഞ്ഞവർഷം എയർ ട്രാഫിക് മൂവ്മെന്റുകൾ 32324ആയിരുന്നു.മുൻവർഷത്തേക്കാൾ 14.19% അധികമാണിത്.
അബുദാബി,ഷാർജ, ദുബായ്,ബംഗളുരു,ചെന്നൈ,ഡൽഹി എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരേറെയും
2024ൽ ആഭ്യന്തര യാത്രക്കാർ- 26.4 ലക്ഷം,അന്താരാഷ്ട്ര യാത്രക്കാർ- 22.7 ലക്ഷം എന്നിങ്ങനെയാണ്.
49.17ലക്ഷം
കഴിഞ്ഞവർഷത്തെ യാത്രക്കാരുടെ എണ്ണം. 2023ൽ 41.48ലക്ഷമായിരുന്നു. വർദ്ധന- 18.52%. 2022ൽ 31.11ലക്ഷം യാത്രക്കാരായിരുന്നു.ടെർമിനലുകളുടെ ശേഷി 45ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാണ്.
”യാത്രക്കാർ കൂടുതലുള്ള നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾക്കാണ് ശ്രമം”
-വിമാനത്താവള അധികൃതർ
by Midhun HP News | Jan 17, 2025 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിയ്ക്കും തടവ് ശിക്ഷ. ഇമ്രാന്‍ ഖാന് 14 വര്‍ഷവും ബുഷ്‌റ ബീവിക്ക് ഏഴ് വര്‍ഷവും ആണ് ശിക്ഷ.
മൂന്ന് തവണ മാറ്റി വെച്ച കേസില്‍ അഴിമതി വിരുദ്ധ കോടതി ജഡ്ജി നാസിര്‍ ജാവേദ് റാണയാണ് വിധി പറഞ്ഞത്. അദില ജയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.2023 ഡിസംബറില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. അല്‍ ഖാദിര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതില്‍ പൊതു ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇമ്രാനും ബുഷറയും മറ്റ് ആറു പേരുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഒഴികെയുള്ളവര്‍ വിദേശത്ത് ആയതിനാല്‍ വിചാരണ നടത്തിയിട്ടില്ല.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ആവണീശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആവണീശ്വരം പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് ഹൃദയപൂർവം ന്യൂസിലൂടെ ലൈവ് ആയി കാണാം.
by Midhun HP News | Jan 17, 2025 | Latest News, കേരളം
പാലക്കാട്: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസ (71)യെ കൊലപ്പെടുത്തിയ കേസിൽ പേരമകൻ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മണ്ണാർക്കാട് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.
2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ അനുനയിപ്പിച്ച് നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി.
22-ാം തീയതി രാത്രി ചീരക്കറിയില്‍ കീടനാശിനി ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും കാര്യമായ ശാരീരിക വിഷമതകൾ കാണാതിരുന്നതോടെ, രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. തുടര്‍ന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Recent Comments