സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. നിരക്കിൽ ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സ്വർണവില വർധന ഇന്നലെയാണ് നിന്നത്. ചൊവ്വാഴ്ച പവന് 58,640 രൂപയിലാണ് വ്യാപാരം നടന്നത്. 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തിയിരുന്നു. അതാണ് ഇന്ന് വീണ്ടും കൂടിയത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവ​ദിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും നീണ്ട നാളായി ജയിലിൽ ആണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികായയിരുന്നു അനുശാന്തി.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. തിരുവനന്തപുരം വനിതാ ജയിലിലാണ് തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.

2014 ഏപ്രിലിലാണ് സംഭവം നടന്നത്. മകൾ സ്വാസ്‌തികയും ഭർത്താവിൻ്റെ അമ്മയായ ഓമനയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തിക്കൊപ്പം ജീവിക്കാനാണ് നിനോ മാത്യു കൊലകൾ നടത്തിയത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

2016 ഏപ്രിലിൽ പ്രതി നീനോ മാത്യുവിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അനുശാന്തിയ്‌ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഹൈക്കോടതി നിനോ മാത്യുവിൻ്റെ വധശിക്ഷ 25 വർഷം തടവായി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല.5 വർഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.

അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻ നടയിൽ തിരുവാതിര വിളക്ക് മഹോത്സവം നടന്നു

അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻ നടയിൽ തിരുവാതിര വിളക്ക് മഹോത്സവം നടന്നു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻ നടയിലെ തിരുവാതിര വിളക്ക് മഹോത്സവം ജനുവരി 13 ന് നടന്നു. വെളുപ്പിന് ഹരി, അരുൺ തുടങ്ങിയ തന്ത്രിമാരുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച് കലശപൂജ, പൊങ്കാല, സമൂഹസദ്യ, സ്പെഷ്യൽ ദീപാരാധന, ഭഗവതിസേവ, വർല കേരള വാദ്യ സംഘം പി ഷൈജകുമാർ, കലാമണ്ഡലം അനന്തു എന്നിവർ നേതൃത്വം നൽകിയ ചെണ്ടമേളം, സ്പെഷ്യൽ വിളക്ക്, ആകാശദീപകാഴ്ച എന്നീ പരിപാടികളോട് കൂടി ഉത്സവം സമാപിച്ചു.

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി. കഥ മെനയാന്‍ ശ്രമിക്കരുത്. ചുമ്മാ നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം എങ്ങനെ റദ്ദു ചെയ്യണമെന്ന് അറിയാം. വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള നാടകമാണോ ഇതെന്നു കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. ബോബിയെ ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാം. ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണണെന്ന് കോടതിക്ക് അറിയാം. തനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുന്ന നടപടിയാണ് ബോബി ചെമ്മണൂര്‍ ചെയ്തത്.

വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായി സംസാരിച്ചിരുന്നു. ഇന്നലെ തന്നെ ജാമ്യ ഉത്തരവ് നല്‍കിയതായി അറിയിച്ചിട്ടുണ്ട്. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കേണ്ട. നിയമത്തിന് മുകളിലാണെന്ന് ബോബിക്ക് തോന്നുന്നുണ്ടോ? മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്? മറ്റു പ്രതികളുടെ വക്കാലത്ത് ബോബി എടുക്കേണ്ടതില്ല. അതിന് നീതിന്യായ വ്യവസ്ഥ ഇന്നാട്ടിലുണ്ട്

മാസ്റ്റേഴ്‌സിന്റെ വാർഷിക ആഘോഷം ‘മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025’ എന്ന പേരിൽ സംഘടിപ്പിച്ചു

മാസ്റ്റേഴ്‌സിന്റെ വാർഷിക ആഘോഷം ‘മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025’ എന്ന പേരിൽ സംഘടിപ്പിച്ചു

മാസ്റ്റേഴ്‌സിന്റെ 22-ാം വാർഷിക ആഘോഷങ്ങൾ ‘മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025’ എന്ന പേരിൽ അവനവഞ്ചേരി ശിവശക്തി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ് ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളൂം അനുമോദനചടങ്ങും നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ആർ എസ് അനൂപ് നിർവഹിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാസാംസ്‌കാരിക മേഖലകളിൽ സേവനമനുഷ്‌ഠിച്ച പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിച്ചു.

ഇന്ന് ദേശീയ കരസേന ദിനം; ഇത്തവണ ആഘോഷം പുനെയിൽ

ഇന്ന് ദേശീയ കരസേന ദിനം; ഇത്തവണ ആഘോഷം പുനെയിൽ

ന്യൂഡൽഹി: രാജ്യം ഇന്ന് 77-ാമത് കരസേന ദിനം ആചരിക്കും. പുനെയിലാണ് ഇത്തവണ ആഘോഷങ്ങൾ നടക്കുക. 1949 മുതൽ കരസേന ദിനം ആഘോഷിക്കാൻ തുടങ്ങിയ ശേഷം ഡൽഹിയ്ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. കരസേനയുടെ ആറ് വിഭാ​ഗങ്ങൾ ആഘോഷത്തിന്റെ ഭാ​ഗമായ പരേഡിൽ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്‌ക്കായാണ് ജനുവരി 15ന് കരസേന ദിനമായി ആചരിക്കുന്നത്. കരസേന ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധ പ്രദർശനം സംഘടിപ്പിച്ചു.

നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായിട്ട് പാങ്ങോട് സൈനിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം. യുദ്ധ സാമഗ്രികളുടെ പ്രദർശനത്തിന് പുറമേ ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്ര‍ദർശനത്തിന്‍റെ ഭാഗമായിരുന്നു. ഇന്ത്യൻ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യൻ കരസേന. അതിർത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്‌ക്കും വേണ്ടി പ്രവർത്തിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുകയും അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് കരസേനയുടെ പ്രധാന ധർമ്മങ്ങൾ.