അലനയുടെ സ്പിന്നില്‍ കുരുങ്ങി ഇംഗ്ലണ്ട്; വനിതാ ആഷസ് ഉറപ്പിച്ച് ഓസ്‌ട്രേലിയ

അലനയുടെ സ്പിന്നില്‍ കുരുങ്ങി ഇംഗ്ലണ്ട്; വനിതാ ആഷസ് ഉറപ്പിച്ച് ഓസ്‌ട്രേലിയ

മെല്‍ബണ്‍: തുടരെ രണ്ടാം പോരാട്ടത്തിലും ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ വനിതാ ടീം ആഷസ് ഏകദിന പരമ്പര ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു ഓസീസ് മുന്നില്‍. രണ്ടാം മത്സരത്തില്‍ 21 റണ്‍സ് ജയമാണ് ഓസ്‌ട്രേലിയ ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 44.3 ഓവറില്‍ 180 റണ്‍സിനു പുറത്തായി. ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 48.1 ഓവറില്‍ 159 റണ്‍സിനു എല്ലാവരും പുറത്തായി.

ആദ്യ മത്സരത്തെ അപേക്ഷിച്ച് രണ്ടാം പോരാട്ടത്തില്‍ ഓസീസ് സ്‌കോര്‍ 200 കടക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടാന്‍ ഇംഗ്ലീഷ് വനിതകള്‍ക്കു സാധിച്ചു. എന്നാല്‍ അതേ നാണയത്തില്‍ മിന്നും ബൗളിങ്ങുമായി ഓസീസ് വനിതകളും കളം വാണതോടെ ഇംഗ്ലണ്ടിനു കാലിടറി.

10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ അലന കിങിന്റെ ബൗളിങാണ് ഇംഗ്ലീഷ് വനിതകളെ വെട്ടിലാക്കിയത്. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി കിം ഗാര്‍തും മികവ് പുലര്‍ത്തി. മെഗാന്‍ ഷുറ്റ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി അമി ജോണ്‍സ് 47 റണ്‍സുമായി പുറത്താകതെ നിന്നു പൊരുതിയെങ്കിലും അതു വിജയിക്കാന്‍ പര്യാപ്തമായില്ല. 35 റണ്‍സെടുത്ത നാറ്റ് സീവര്‍ ബ്രാന്‍ഡും പിടിച്ചു നിന്നു. മറ്റൊരാളും തിളങ്ങിയില്ല.

നേരത്തെ എല്ലിസ് പെറിയുടെ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ രക്ഷിച്ചത്. താരം 60 റണ്‍സെടുത്തു. ഓപ്പണര്‍മാരായ പോബ് ലിച്ഫീല്‍ഡ്, ക്യാപ്റ്റന്‍ അലിസ്സ ഹീലി എന്നിവര്‍ 29 റണ്‍സ് വീതമെടുത്തു മികച്ച തുടക്കം നല്‍കി. മറ്റാരും കാര്യമായ സംഭവാന നല്‍കിയില്ല.

ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ 4 വിക്കറ്റുകള്‍ സ്വന്തമാക്കി. അലിസ് കാപ്‌സി മൂന്നും ലോറന്‍ ബെന്‍ രണ്ട് വിക്കറ്റും ലോറന്‍ ഫിലര്‍ ഒരു വിക്കറ്റും നേടി.

ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; പരിഗണനയിലെന്ന് കെഡബ്ല്യുഎംഎല്‍

ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; പരിഗണനയിലെന്ന് കെഡബ്ല്യുഎംഎല്‍

കൊച്ചി: ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയില്‍. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് വഴിയുള്ള യാത്രയേക്കാള്‍ എളുപ്പത്തിലെത്താം എന്നതാണ് വാട്ടര്‍ മെട്രോയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. 12 കിലോമീറ്ററോളം ദൈര്‍ഘ്യം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഫീഡർ ബസുകള്‍ കൂടി സജ്ജമാക്കിയാല്‍ അര മണിക്കൂര്‍ കൊണ്ട് യാത്രക്കാരന് വിമാനത്താവളത്തില്‍ എത്താനാകും. എന്നാല്‍ പദ്ധതിക്കായി വിമാനത്താവള ഭാഗത്ത് മൂന്നു കിലോമീറ്ററോളം കനാല്‍ വികസനം നടത്തേണ്ടതുണ്ടെന്ന് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തയ്യാറാക്കുന്ന കൊച്ചിക്കായുള്ള പുതിയ സമഗ്ര ഗതാഗത പദ്ധതിയില്‍ (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍) സാധ്യതയുള്ള മൂന്ന് ജലഗതാഗത മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരാപ്പുഴ മുതല്‍ സിയാല്‍/കാലടി വരെ, കടമക്കുടി-കോട്ടപ്പുറം, ഇടക്കൊച്ചി-അരൂര്‍-പനങ്ങാട്-സൗത്ത് പറവൂര്‍ എന്നിവയാണത്. വാട്ടര്‍ മെട്രോ പദ്ധതി ആരംഭിച്ച ആദ്യത്തെ നഗരമാണ് കൊച്ചി.

വിജയകരമായ കൊച്ചി വാട്ടര്‍ മെട്രോ മാതൃക രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധ്യതാപഠന പട്ടികയില്‍ ഇടക്കൊച്ചിയേയും കൊല്ലത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊല്‍ക്കത്ത, പട്‌ന, പ്രയാഗ് രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ തുടങ്ങി രാജ്യത്തെ 18 ഇടങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതാണ് കേന്ദ്രം പരിഗണിക്കുന്നത്.

മകര സംക്രാന്തി ദിനത്തിൽ ‘അമൃത സ്നാന‘ത്തിന് 3 കോടി ഭക്തർ

മകര സംക്രാന്തി ദിനത്തിൽ ‘അമൃത സ്നാന‘ത്തിന് 3 കോടി ഭക്തർ

ലഖ്നൗ: ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സം​ഗമമായ മഹാ കുംഭമേളയിൽ ഇന്ന് സവിശേ ദിനം. മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനം ഇന്ന് നടക്കും. 45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. ഇന്ന് 3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്നാനത്തിനായി പ്രയാ​ഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷ.

ഇന്നലെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ആദ്യ ദിനമായ ഇന്നലെ ഒന്നരക്കോടിയിലേറെ പേർ ത്രിവേണി സം​ഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു. ശംഖ നാദങ്ങളും ഭജനാലാപനവും മുഴങ്ങിയ അന്തരീക്ഷത്തിൽ പൗഷ് പൗർണമിയിലെ പുണ്യ സ്നാനത്തോടെയാണ് കുംഭമേളയ്ക്ക് തുടക്കമായത്. ഷാഹി സ്നാൻ ചടങ്ങിനായി നിരവധി പേരാണ് ഇന്നലെ എത്തിയത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 30,000 പൊലീസുകാർ, എൻഡിആർഫ്, കേന്ദ്ര സേനകളും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകൾ, വെള്ളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മാലയും കമ്മലും മൊബൈൽ ഫോണും കാണാനില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വിസ്റ്റ് നടക്കുന്നു. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ

മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ

കൊച്ചി: വിവിധ മെട്രോസ്റ്റേഷനുകളിൽനിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്‌ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിനുസമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വൈകീട്ട് നാലിന്‌ മന്ത്രി പി രാജീവ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.

വ്യാഴാഴ്ച രാവിലെ മുതൽ ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി റൂട്ടുകളിൽ സർവീസ് ലഭ്യമാണ്‌. ഘട്ടംഘട്ടമായി മറ്റു റൂട്ടുകളിലും ആരംഭിക്കും. ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി-–മെഡിക്കൽ കോളേജ്, ഹൈക്കോടതി-എംജി റോഡ് സർക്കുലർ, കടവന്ത്ര-കെ പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് ജലമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്–കലക്ടറേറ്റ് എന്നി റൂട്ടുകളിലാണ് തുടക്കത്തിൽ സർവീസ്‌. ആലുവ-വിമാനത്താവള റൂട്ടിൽ 80, മറ്റു റൂട്ടുകളിൽ അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്‌.

പണമടച്ചും ഡിജിറ്റൽ പേയ്മെന്റ്‌ വഴിയും ടിക്കറ്റ്‌ എടുക്കാം. യുപിഐ, റുപേ ഡെബിറ്റ് കാർഡ്, കൊച്ചി വൺ കാർഡ്‌ ഉപയോഗിച്ചും ടിക്കറ്റ്‌ നേടാം. ശീതീകരിച്ച 15 ബസുകളാണ്‌ സർവീസിനുള്ളത്‌. ഒരോ ബസിലും 33 വീതം സീറ്റുകളുണ്ട്‌.

എൻ. രാഘവൻ ശാസ്ത്രി നിര്യാതനായി

എൻ. രാഘവൻ ശാസ്ത്രി നിര്യാതനായി

പൊയ്കമുക്ക് പൊയ്കയിൽ വീട്ടിൽ എൻ. രാഘവൻ ശാസ്ത്രി (93വയസ്സ്) (റിട്ടയർഡ് അദ്ധ്യാപകൻ St. സെബാസ്റ്റ്യൻ സ്കൂൾ ചെറുന്നിയൂർ) നിര്യാതനായി.

ഭാര്യ: ജി സുഭദ്ര
മക്കൾ: രാജീവ്‌ കുമാർ. എസ് ആർ (പുണ്യ ഡിജിറ്റൽ സ്റ്റുഡിയോ), നിഷാറാണി. ആർ
മരുമക്കൾ: സതീശൻ. എസ്, സിജിപ്രിയ