ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകും

മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള പ്രഥാമിക സംഘത്തെ പ്രഖ്യാപിക്കാനുള്ള ഐസിസി നിശ്ചയിച്ച ദിവസം ഇന്നലെ അവസാനിച്ചിരുന്നു. പക്ഷേ ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നലെ ടീമിനെ പ്രഖ്യാപിച്ചു. പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും പ്രഖ്യാപനം നടത്തി. എന്നാല്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

12നു ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസിയോടു ബിസിസിഐ ഇളവു ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം 18, 19 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നു ടീമിനെ തിരഞ്ഞെടുക്കുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ചാംപ്യന്‍സ് ട്രോഫി ടീമുകളെയാണ് ഇനി പ്രഖ്യാപിക്കേണ്ടത്. ഫെബ്രുവരി 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ആദ്യ മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍.

പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു.

തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാര്‍ത്ഥിനികള്‍ റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു.

ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ചക്രവാതച്ചുഴി: വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ചക്രവാതച്ചുഴി: വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അന്നേദിവസം കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 02.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനില്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിന്‍ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ മരിച്ചത്. നേരത്തെ റഷ്യന്‍ അധിനിവേശ യുക്രൈനില്‍ നിന്നു ജെയിന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയിരുന്നു.

ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാന്‍ഡര്‍ക്ക് നല്‍കിയെങ്കിലും ഓര്‍ഡര്‍ മടക്കി അയക്കുകയാണ് ഉണ്ടായത്.

നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പള്ളിക്കൽ പോലീസിന്റെ പിടിയിൽ

നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പള്ളിക്കൽ പോലീസിന്റെ പിടിയിൽ

സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാബു എന്ന തീവെട്ടി ബാബു പള്ളിക്കൽ പോലീസിൻ്റെ പിടിയിലായി. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ 12 നു രാത്രി കത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് കൊല്ലം ഉളിയനാട് പുത്തൻകുളം ചിറക്കര ഭാഗത്ത് കുളത്തൂർക്കോണം നന്ദു ഭവനത്തിൽ 60 വയസുള്ള ബാബു @ തീവെട്ടി ബാബുവിനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി തകർത്താണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പരിസര പ്രദേശത്തെയും മറ്റും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്.

പള്ളിക്കൽ പോലീസ് സബ് ഇൻസ്പെക്ടർ രാജികൃഷ്ണ. ആർ, സുനിൽ ആർ,. CPO മാരായ കിരൺ, വിനീഷ്, സന്തോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് തമ്പാനൂർ റയിൽവേ പോലീസിൻ്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പ്രതിയെ ആറ്റിങ്ങൽ മജിസ്റ്റ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതാണ്.

വിശുദ്ധ ‘കല്ലറ’ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം; സമാധിക്ക് മുന്നില്‍ കിടന്ന് പ്രതിഷേധം, നാടകീയരംഗങ്ങള്‍

വിശുദ്ധ ‘കല്ലറ’ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം; സമാധിക്ക് മുന്നില്‍ കിടന്ന് പ്രതിഷേധം, നാടകീയരംഗങ്ങള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാനുള്ള പൊലീസ് ശ്രമത്തില്‍ സ്ഥലത്ത് സംഘര്‍ഷം. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്വാമിയുടെ വൃദ്ധയായ ഭാര്യ പ്രതിഷേധിച്ചത്. പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.

കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബത്തെ അനുകൂലിക്കുന്ന ഏതാനും ഹൈന്ദവ സംഘടനകളും രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും, ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നത് ശരിയല്ലെന്നും, പൊലീസിന്റെ നീക്കത്തിനെതിരെ കോടതിയെ അടക്കം സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇവരുടെ സ്ഥലം വഴിക്ക് വിട്ടുകൊടുക്കണമെന്നത് നേരത്തെ വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നാട്ടുകാരുടെ പരാതിക്ക് പിന്നിലെന്നും കുടുംബത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പൊലീസിന്റെ വാദം മാത്രമല്ല, വീട്ടുകാരുടെ നിലപാട് കൂടി കേള്‍ക്കാന്‍ സബ് കലക്ടര്‍ ബാധ്യസ്ഥനാണെന്ന് ഇവര്‍ വ്യക്തമാക്കി.

പൊലീസ് ബലംപ്രയോഗിച്ച് പിന്നീട് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ പൊലീസ് എത്തിയത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സേനയെയും സ്ഥലത്തെത്തിച്ചിരുന്നു. ഫോറന്‍സിക് സംഘം അടക്കം എത്തിയശേഷം നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് കല്ലറ പൊളിച്ച് പരിശോധന നടത്തുമെന്ന് സ്ഥലത്തെത്തിയ സബ് കലക്ടര്‍ അറിയിച്ചു.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് കല്ലറയില്‍ അടച്ചുവെന്നാണ് ഗോപന്‍ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും, ഗോപന്‍ സ്വാമി മരിച്ചതിനു ശേഷമാണോ, അതിനു മുമ്പാണോ കല്ലറയില്‍ അടക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. ​ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്.