പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

പിവി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; രാജിയ്ക്ക് പിന്നാലെ നിയമനം

ഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ച പിവി അന്‍വറിന് പുതിയ ചുമതല. പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു. മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വൈകാതെ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതും നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേരെ നിയമിക്കുന്നതുള്‍പ്പടെയുള്ള തീരുമാനം നേതാക്കളുട സന്ദര്‍ശനത്തോടനുബന്ധിച്ച് ഉണ്ടാകും. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതല സുസ്മിത ദേബിനും മഹുവാ മൊയ്ത്രയ്ക്കുമാണ്. അവരുടെ നേതൃത്വത്തിലാവും സന്ദര്‍ശനം.

രാവിലെ സ്പീക്കര്‍ എഎന്‍ ഷംസീറിനെ കണ്ടാണു പിവി അന്‍വര്‍ രാജിക്കത്തു കൈമാറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതിനു പിന്നാലെയാണ്, അയോഗ്യത ഒഴിവാക്കാനായി അന്‍വര്‍ രാജിവച്ചത്. ശനിയാഴ്ചതന്നെ രാജിക്കത്ത് ഇമെയില്‍ അയച്ചിരുന്നെന്നും നേരിട്ടു നല്‍കേണ്ടതിനാലാണു ഇന്നു സ്പീക്കറെ കണ്ട് കത്തു കൈമാറിയതെന്നും അന്‍വര്‍ വ്യക്തമാക്കി. ഇടതുപക്ഷവുമായി തെറ്റിയശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്.

രാജി സ്പീക്കര്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ബംഗാളിലെത്തി മമതയെ കണ്ട് നേരിട്ട് ടിഎംസി മെമ്പര്‍ഷിപ്പ് എടുക്കുമെന്നും അന്‍വര്‍ പറഞ്ഞു. രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും മമത പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അന്‍വര്‍ പറഞ്ഞു.

എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ സംഘര്‍ഷത്തിന് പരിഹാരം

എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനത്തെ സംഘര്‍ഷത്തിന് പരിഹാരം

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷത്തിന് താല്‍ക്കാലിക പരിഹാരം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി രാത്രി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ 21 വൈദികര്‍ നടത്തിവന്ന പ്രാര്‍ഥനാ യജ്ഞം നിര്‍ത്തി. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികര്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസം സമയം വേണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആവശ്യം വൈദികര്‍ അംഗീകരിച്ചു.

പുലര്‍ച്ചെ ഒരുമണിക്കാണ് ചര്‍ച്ച അവസാനിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെത്തുടര്‍ന്നാണ് താല്‍ക്കാലിക പരിഹാരമായത്. ഏതാനും കാര്യങ്ങളില്‍ ധാരണയില്‍ എത്തിയെന്നും 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നും ചര്‍ച്ചയ്ക്ക് ശേഷം അതിരൂപ വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.

പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെന്നും പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചത്.

ഈ മാസം 20ന് അടുത്ത ചര്‍ച്ച നടത്തും. വൈദികര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ പഠിച്ച ശേഷം മാത്രമെന്നാണ് ഫാ.പാംപ്ലാനിയുടെ തീരുമാനം.

എം.ടി: ഓർമ്മമരം നട്ടു

എം.ടി: ഓർമ്മമരം നട്ടു

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം നട്ടു. ജീ .വി.ആർ.എം. സ്കൂൾഅങ്കണണത്തിൽകവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറം നാട്ടുമാവിൻ
തൈ നട്ടു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി വേണുകുട്ടൻ നായർ, ബാലവേദി സെക്രട്ടറി നന്ദിത, ശ്രീജിത്ത്, രാജശേഖരൻ, സ്വപ്ന, നിമിഷ, നന്ദു നാരായൺ, ദേവദേവൻ എന്നിവർ പങ്കെടുത്തു.

150 കോടിയുടെ അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്; പിവി അന്‍വര്‍

150 കോടിയുടെ അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്; പിവി അന്‍വര്‍

തിരുവന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. തന്നെ നിയമസഭയിലെത്തിച്ച ഇടതുമുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പതിനൊന്നാം തീയതി തന്നെ ഓണ്‍ലൈനായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എംഎല്‍എ സ്ഥാനംരാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി രാജിക്കത്ത് കൊടുക്കണമെന്നാണ് നിയമം. ഇന്ന് നേരിട്ടെത്തി രാജി നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്‌നങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും എംഎല്‍എ സ്ഥാനം രാജിച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിക്കുകയും ചെയ്തു.

പി ശശിക്കും അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളിപ്പറയുകയായിരുന്നു. പി ശശിക്കെതിരെ നടത്തിയ പോരാട്ടം അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് മനസിലായത്. മുഖ്യമന്ത്രിക്കെതിരെ വന്നതോടെ ഇടതുനേതൃത്വം തന്നെ പാടെ ഒഴിവാക്കുകയായിരുന്നു. ഒരുപാട് പാപഭാരങ്ങള്‍ പേറിയാണ് താന്‍ നടക്കുന്നത്. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി ശശിയാണ്. 150 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിട്ടുണ്ടെന്ന് പറഞ്ഞ് കൃത്യമായി ടൈപ്പ് ചെയ്തു തരികയായിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും നിയമസഭയില്‍ പ്രതിപക്ഷം ദയയില്ലാത്തവിധം ആരോപിച്ചപ്പോഴാണ് താന്‍ ഇത് ഏറ്റെടുത്തത്. അദ്ദേഹത്തിനോട് താന്‍ മാപ്പു ചോദിക്കുകയാണെന്നും വിഡി സതീശന്‍ തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

പത്തനംതിട്ട പീഡനം; പിടിയിലായവരുടെ എണ്ണം 39 ആയി

പത്തനംതിട്ട പീഡനം; പിടിയിലായവരുടെ എണ്ണം 39 ആയി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസില്‍ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 39 ആയി. വൈകീട്ടോടെ കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.

ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചു.

പ്രദേശവാസിയായ പി ദീപുവാണ് മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ദീപു പെണ്‍കുട്ടിയെ കാണുന്നു. കാറില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ദീപു, പെണ്‍കുട്ടിയെ മന്ദിരംപടിയിലെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിന് സമീപം എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയശേഷം ഇവര്‍ കടന്നുകളഞ്ഞു.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി. ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവെച്ചാണ് അതിക്രമത്തിന് ഇരയായത്. പത്തനംതിട്ട ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് പീഡിപ്പിച്ചു. രണ്ടുപേരാണ് പീഡിപ്പിച്ചത്. തോട്ടുപുറത്തെ അടച്ചിട്ടിരുന്ന കെട്ടിടത്തിന് സമീപം വാഹനം പാര്‍ക്കു ചെയ്താണ്, കാറിനുള്ളില്‍ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിനുശേഷം കാറില്‍ തന്നെ വീടിനു സമീപം കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നു.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലും കുട്ടിക്കെതിരെ അതിക്രമം നടന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പ്രതികളേയും കണ്ടെത്തിയത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിവരങ്ങളും സൈബര്‍ സെല്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തിരുവാതിര വിളക്ക് മഹോത്സവം

തിരുവാതിര വിളക്ക് മഹോത്സവം

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻനടയിലെ തിരുവാതിര വിളക്ക് മഹോത്സവം ഇന്ന് നടന്നു. രാവിലെ 5.30 ന് ഗണപതിഹോമം, 9 ന് പൊങ്കാല, 11ന് സമൂഹസദ്യയും സംഘടിപ്പിച്ചു. വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 7ന് ഭഗവതിസേവ, 7.30 ന് ചെണ്ടമേളം, 8.30 ന് വിളക്ക് തുടർന്ന് ആകാശദീപകാഴ്ചയോടെ സമാപിക്കും.