by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. തണുപ്പുകുറഞ്ഞ് പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.
മഴ ലഭിച്ചാലും കേരളത്തില്‍ ചൂടുകൂടുന്ന പ്രവണത തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബറില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില (37.4 ഡിഗ്രി സെല്‍ഷ്യസ്) കേരളത്തിലാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കന്‍കേരളത്തിലാണ് ചൂടു കൂടുതല്‍ അനുഭവപ്പെടുന്നത്.അതേസമയം, ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. 14-നും 15-നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലും മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
by Midhun HP News | Jan 13, 2025 | Latest News, കേരളം
തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീന ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു മരണം.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. സഹോദരി: ക്രിസ്റ്റീന. വെള്ളത്തില്‍ വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തില്‍പ്പെട്ട മൂന്നുപേര്‍. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഹിമയുടെ വീട്ടില്‍ എത്തിയ ഇവര്‍ റിസര്‍വോയര്‍ കാണാന്‍ പോയതായിരുന്നു. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
നാളെ മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ശരണ മന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ ഉൾപ്പെടെ നൂറുകണക്കിനുപേർ ഘോഷയാത്രയെ അനുഗമിക്കുന്നു.
വൃശ്ചികം ഒന്നുമുതൽ സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. തുടർന്ന് വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനുവച്ചു. വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമ്മ രാജയുടെ അഭാവത്തിൽ ഇളയതമ്പുരാൻ അവിട്ടംനാൾ രവിവർമ്മ രാജയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്
പതിനൊന്നോടെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് രവിവർമ്മ രാജയെ രാജശേഖര മണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണ പേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും ആനയിച്ചു.
മേൽശാന്തി പൂജിച്ചുനൽകിയ ഉടവാൾ പല്ലക്കിൽ ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് കൈമാറി. കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന് മുകളിൽ വട്ടമിട്ടുപറന്നു. ഗുരുസ്വാമി ഗംഗാധരൻ പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസിലേറ്റി ക്ഷേത്രത്തിൽ നിന്ന് പുറത്തെത്തിയതോടെ ഘോഷയാത്ര പുറപ്പെട്ടു. അടൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഒപ്പമുണ്ട്. ഘോഷയാത്ര ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. ഇന്നു രാത്രി ളാഹ വനംവകുപ്പ് സത്രത്തിൽ വിശ്രമം.നാളെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും. വൈകിട്ട് പതിനെട്ടാം പടി കയറിയെത്തിക്കുന്ന തിരുവാഭരണം സോപാനത്തിൽ വച്ച് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തും. ദീപാരാധനയ്ക്കു ശേഷം നട തുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകര നക്ഷത്രവും തെളിയും.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ സമരം.
സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ത്ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. സമരത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സിന്റെ നേതൃത്വത്തില്‍ സമരം.
സമരത്തില്‍ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ത്ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയത്. സമരത്തില്‍ നിന്നും പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
by Midhun HP News | Jan 13, 2025 | Latest News, കേരളം
കാസര്‍കോട്: പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ വെച്ചാണ് കുട്ടി പിസ്തയുടെ തൊലി കഴിച്ചത്.
തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.
എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
by Midhun HP News | Jan 13, 2025 | Latest News, കേരളം
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി.
സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
Recent Comments