by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം രജസിൽ (ആർ.ആർ.വി.ആർ.എ :150) റിട്ടയേർഡ് കെ.എസ്.സി.ഡി.സി അസിസ്റ്റന്റ് മാനേജർ എൻ രാഘവൻ (77) അന്തരിച്ചു.
ഭാര്യ: ഡി ലിസികുമാരി (റിട്ടയേർഡ് അധ്യാപിക, ഗവ: എൽ.പി.എസ് പരവൂർക്കോണം.)
മക്കൾ: റെനി ആർ(എഫ്.എ.സി.റ്റി,ആലുവ), ലിജിൻ ആർ(ആസ്ത്രേലിയ), റെജി ആർ (ദുബായ്).
മരുമക്കൾ: പിങ്കു പ്രദീപ് (ഐ.റ്റി ഇംപ്ളിമെന്റേഷൻ ലീഡ്, കൊച്ചി), ആശ വിജയൻ (ആസ്ത്രേലിയ), നിഖിതഭാസു (ദുബായ്).
by Midhun HP News | Jan 13, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 23 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവില്‍ 86.27 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.
ഓഹരി വിപണിയും കനത്ത ഇടിവ് നേരിട്ടു. ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ഇടിഞ്ഞു. നിലവില്‍ സെന്‍സെക്‌സ് 77,000ല്‍ താഴെയാണ്. നിഫ്റ്റി 23,250 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ടിസിഎസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി
by Midhun HP News | Jan 13, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നിന് 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം 58,000ല്‍ താഴെ പോയി. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്.
by Midhun HP News | Jan 13, 2025 | Latest News, കേരളം
തിരുവനന്തപുരം: മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ് അന്തരിച്ചു. 85 വയസ്സായിരുന്നു. 1997 ജൂൺ 5 മുതൽ ജൂൺ 30 വരെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജയിൽ ഡിജിപിയായും അബ്ദുൾ സത്താർകുഞ്ഞ് പ്രവർത്തിച്ചിട്ടുണ്ട്. 1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ് പൊലീസ് സർവീസിൽ ചേരുന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് ഇശാഅ് നമസ്കാരാനന്തരം പൂന്തുറ പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് പിടികൂടി. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയിരുന്നില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിൻറെ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തുടർന്ന് ചിറയിൻകീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്. ഒരു ബൈക്ക് വർക്ക്ഷോപ്പിന്‍റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സിസി ക്യാമറകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പൊലീസ് പ്രതിയെ പിടികൂടിയത്.
ബൈക്ക് ഉടമകൾ നൽകിയ പരാതി അന്വേഷിക്കുന്നതിനിടെ മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം നൗഫലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഫൽ എന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Jan 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുമ്പോഴുണ്ടായിരുന്ന രണ്ട് സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികള്‍ ചൂണ്ടിക്കാട്ടിയത്. ആയുധം കണ്ടെടുക്കുന്നത് കണ്ടെന്ന മെമ്മോയില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നെങ്കിലും അത് സമ്മര്‍ദം കൊണ്ടാണെന്നും അതിലെന്താണ് എഴുതിയിരുന്നത് എന്ന് അറിയുമായിരുന്നില്ലെന്നുമാണ് കൂറുമാറിയ സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍, ഈ മൊഴികള്‍ വിശ്വസനീയമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധംകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാത്രവുമല്ല, കൊലപാതകം നേരിട്ടുകണ്ട സാക്ഷികളുണ്ട്. വിശ്വസനീയമായ ദൃക്സാക്ഷിമൊഴികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ലെങ്കില്‍പ്പോലും കേസിനെ ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Recent Comments