by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും.
ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മണികണ്ഠന്‍, പ്രാദേശിക നേതാക്കളായ ഭാസ്‌കരന്‍ വെളുത്തോളി, രാഘവന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. കേസിലെ രണ്ടാം പ്രതി സജി സി ജോര്‍ജിനെ, ഗൂഢാലോചന നടത്തി പൊലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.
പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തില്‍ 10 പ്രതികള്‍ക്ക് സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17 രാത്രി 7. 45 ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി : നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്.
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്. തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ ഇന്ന് ഹണി റോസിന്റെ മൊഴി എടുക്കും. ഇതിന് ശേഷം ബോബി ചെമ്മണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം.
ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസുകളില്‍ ഫെയ്സ്ബുക്കില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പൊലീസിന് മൊഴി നല്‍കിയ ഹണിറോസ് ഇന്‍സ്റ്റഗ്രാമില്‍ അടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം കൈമാറിയിട്ടുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സ്കൂൾ കലോൽത്സവത്തിൽ എച്ച് എസ് വിഭാഗം ദഫ് മുട്ടിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ. മോഡൽ വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
എസ്. എന്‍. ഡി. പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍റെ ആഭിമുഖ്യത്തിൽ 123-മത് എസ്.എൻ. ഡി പി യോഗം സ്ഥാപകദിനാഘോഷം യൂണിയന്‍ വൈസ് പ്രസിഡന്‍റ് വി. ഷാജിയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് എസ് ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയന്‍ കൗണ്‍സിലര്‍ കെ.സുധീര്‍, എസ്.സുജാതന്‍, ഷാജി.സി, റോയല്‍ അജി, ബി കെ സുരേഷ് ബാബു യൂണിയന്‍ വനിതാ സംഘം വൈസ് പ്രസിഡന്റ് പ്രശോഭ ഷാജി, ട്രഷര്‍ വി. രാധമണി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിന്ദു വിനു, ലത തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
by Midhun HP News | Jan 8, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സ്കൂൾ ഹൈസ്കൂൾ വിഭാഗം കലോത്സവത്തിൽ ചിത്രരചന (പെൻസിൽ), ചിത്രരചന (ജലച്ചായം) എന്നീ രണ്ട് ഇനങ്ങളിൽ ‘A’ ഗ്രേഡ് നേടി ശ്രീദേവ് ഹരീഷ്. തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷം ചിത്രരചന (ജലച്ചായം) ‘A’ഗ്രേഡ് നേടിയിരുന്നു. സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഡിജിറ്റൽ പെയിൻ്റിംഗിൽ ശ്രീദേവ് ഹരീഷ് ‘A’ ഗ്രേഡ് നേടിയിരുന്നു.
Recent Comments