സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയികാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു. അവിടേക്ക് പോകുന്ന വഴിയിലും കാൽനട യാത്രക്കാരനായ ഒരാളിനെ കാത്തുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്. ജയിൽ കോമ്പൗണ്ടിലെ റബ്ബർ തോട്ടം കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ഇവിടെ എത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്. ഇതിനെ ജയിൽ കോമ്പൗണ്ടിൽ നിന്ന് വനത്തിലേക്ക് തുരത്തിയില്ലെങ്കിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പറയുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി വനം വകുപ്പിന് വിവരം ഇക്കാര്യത്തിൽ വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രൂപ റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണി നേട്ടത്തില്‍

രൂപ റെക്കോര്‍ഡ് താഴ്ചയില്‍; ഓഹരി വിപണി നേട്ടത്തില്‍

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പത്തുപൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.ഒരു ഡോളറിന് 85.25 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഓഹരി വിപണി അനുകൂലമായിട്ടും രൂപയ്ക്ക് രക്ഷ ഉണ്ടായില്ല. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് പുറമേ അസംസ്‌കൃത എണ്ണ വില കൂടുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച നാലു പൈസയുടെ നഷ്ടത്തോടെ 85.15 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. 455 പോയിന്റിന്റെ നേട്ടത്തോടെ 78,800 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അഞ്ചുതെങ്ങ് കടലിൽ കാണാതായ കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂർ ആയാൻ്റവിള സ്വദേശി അരുൺ (അപ്പു) (21) ൻ്റെ മൃതദേഹമാണ് കോസ്റ്റ്ഗാർഡിന്റെ ഷിപ്പും, മറൈൻഎൻഫോഴ്‌സ്മെന്റിന്റെയും, അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയും നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കടലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചുതെങ്ങ് പഞ്ചായത്ത്ഓഫീസ് – ഗ്രൗണ്ട് കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.

മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

‘എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും’; നികത്താനാവാത്ത ശൂന്യതയെന്ന് രാഹുൽ ഗാന്ധി

‘എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും’; നികത്താനാവാത്ത ശൂന്യതയെന്ന് രാഹുൽ ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ കഥകളെല്ലാം കേരളത്തിന്‍റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും.മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്‍റെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവൻ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.

താഴെ വെട്ടൂരിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തിയ സംഭവം: മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധം

താഴെ വെട്ടൂരിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തിയ സംഭവം: മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധം

വർക്കല താഴെ വെട്ടൂരിൽ വെട്ടി കൊലപ്പെടുത്തിയ ഗൃഹനാഥൻറെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വർക്കല പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധവുമായി എത്തി. താഴെ വെട്ടൂർപ്രദേശത്ത് ലഹരിവസ്തുക്കളുടെയും , ലഹരി മാഫിയയുടെയും അഴിഞ്ഞാട്ടം ഉണ്ടെന്നുള്ള പരാതി നിരവധി തവണ ജമാഅത്തിന്റെ ഭാഗത്തുനിന്നും നൽകിയെങ്കിലും പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു അരുംകൊല വർക്കലയിൽ നടക്കില്ലായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ വെട്ടൂർ ആശാൻമുക്ക് സ്വദേശിയായ ജാസിം ഇതിനോടകം വിദേശത്തേക്ക് കടന്നതായും ഇത് പോലീസിൻറെ പിടിപ്പുകേടാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കേസിൽ പരാതിക്ക് പോകുന്നവരെയും സാക്ഷി പറയുന്നവരെയും വെട്ടി കൊന്നുകളയുമെന്ന് പ്രതികളുടെ നിരന്തരമായ ഭീഷണിയുണ്ടെന്നും ഇത് കാണിച്ച് പ്രതികളുടെ ഫോട്ടോ സഹിതം പോലീസിന് പരാതി നൽകിയിട്ടും പോലീസ് പ്രതികളെ അന്വേഷിക്കുന്നതിൽ ഊർജ്ജസ്വലത കാട്ടിയിരുന്നില്ല എന്നുമാണ് ആരോപണം.

എന്നാൽ എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് വർക്കല എസ് എച്ച് ഒ പ്രവീൺ സ്ഥലത്തെത്തി നാട്ടുകാർക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയതിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ട്രാവിസ് ഹെഡിനെ പൂജ്യത്തില്‍ പുറത്താക്കി ബുംറ; ഇന്ത്യ തിരിച്ചടിക്കുന്നു

ട്രാവിസ് ഹെഡിനെ പൂജ്യത്തില്‍ പുറത്താക്കി ബുംറ; ഇന്ത്യ തിരിച്ചടിക്കുന്നു

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 6 വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ക്കു പിന്നാലെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ സ്മിത്ത് 68 റണ്‍സുമായി ക്രീസില്‍ തുടരുന്നു. സ്മിത്തിനൊപ്പം 8 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലാബുഷെയ്ന്‍ (72) എന്നിവര്‍ നേരത്തെ അര്‍ധ സെഞ്ച്വറി നേടി. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ച്വറിയാണ് മെല്‍ബണില്‍ പിറന്നത്. പിന്നാലെ ഈ പരമ്പരയില്‍ ആദ്യമായി ഖവാജ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയും നല്‍കി.

അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്തു. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്‌സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്. ആ വിളിയെ പ്രകടന മികവിലൂടെ താരം ന്യായീകരിച്ചു.

മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. പിന്നാലെയാണ് ഖവാജയുടെ അര്‍ധ സെഞ്ച്വറി. താരം 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നാലെ ലാബുഷെയ്‌നിനെ വാഷിങ്ടന്‍ സുന്ദര്‍ മടക്കി. ഇന്ത്യക്ക് തലേദനയാകാറുള്ള ട്രാവിസ് ഹെഡ്ഡിനു ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. താരത്തെ ബുംറ മടക്കി. മിച്ചല്‍ മാര്‍ഷും തിളങ്ങിയില്ല. താരം 4 റണ്‍സില്‍ പുറത്ത്. വിക്കറ്റ് ബുംറയ്ക്ക് തന്നെ. അലക്‌സ് കാരി പിടിച്ചു നിന്നെങ്കിലും വലിയ സ്‌കോറിലെത്തിയത്. 31ല്‍ നില്‍ക്കെ കാരിയെ ആകാശ് ദീപ് പുറത്താക്കി.

ഇന്ത്യക്കായി ബുംറ വീണ്ടും തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ് ദീപ്, ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.