ഒന്നാം റാങ്ക് നിലനിര്‍ത്തി, ചരിത്ര നേട്ടത്തില്‍ ബുംറ

ഒന്നാം റാങ്ക് നിലനിര്‍ത്തി, ചരിത്ര നേട്ടത്തില്‍ ബുംറ

ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ഒന്നാം റാങ്കില്‍ സ്ഥാനം നിലനിര്‍ത്തി, ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനൊപ്പവും താരമെത്തി.

ഇതിഹാസ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറയും പേരെഴുതി വച്ചത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളാണ് ബുംറ ഇത്തവണ കുറിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബുംറ 9 വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരത്തിന് 14 റേറ്റിങ് പോയിന്റുകള്‍ അധികമായി ലഭിച്ചു. മൊത്തം 904 പോയിന്റുകളോടെയാണ് താരം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലുള്ള കഗിസോ റബാഡയേക്കാള്‍ 48 റേറ്റിങ് പോയിന്റുകളാണ് ബുംറയ്ക്കുള്ളത്.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം റാങ്കില്‍. സമീപ കാലത്ത് വിരമിച്ച ആര്‍ അശ്വിനാണ് നാലാം റാങ്കില്‍.

ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് വന്‍ നഷ്ടം സംഭവിച്ചു. താരം ആറാം സ്ഥാനത്തു നിന്നു നാല് സ്ഥാനമിറങ്ങി പത്തിലേക്ക് വീണു.

മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി: ധനസഹായം വര്‍ധിപ്പിച്ച് അല്ലു അര്‍ജുനും പുഷ്പ 2 ടീമും

മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി: ധനസഹായം വര്‍ധിപ്പിച്ച് അല്ലു അര്‍ജുനും പുഷ്പ 2 ടീമും

പുഷ്പ 2 പ്രീമിയറിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ച് നടന്‍ അല്ലു അര്‍ജുനും പുഷ്പ 2 ടീമും. യുവതിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോടി രൂപ അല്ലു അര്‍ജുനും പുഷ്പ 2 നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയും ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപയുമാണ് നല്‍കുക. രണ്ട് കോടിയുടെ ചെക്ക് അല്ലു അരവിന്ദ് തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ദില്‍ രാജുവിന് കൈമാറി.

പുഷ്പ 2 കാണാന്‍ അല്ലു അര്‍ജുന്‍ സന്ധ്യ തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. ഇവരുടെ എട്ട് വയസുകാരനായ മകന്‍ ശ്രീതേജ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അല്ലു അരവിന്ദ് വ്യക്തമാക്കി. നേരത്തെ വെന്റിലേറ്ററിലായിരുന്ന കുട്ടി. ആരോഗ്യനില മെച്ചപ്പെട്ടതോടെ വെന്റിലേറ്റര്‍ മാറ്റി. എത്രയും വേഗം കുട്ടി സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്ലു അരവിന്ദ് പറഞ്ഞു.

അവൾ ഇനി ‘സ്നിഗ്ദ’; അമ്മത്തൊട്ടിലിൽ കിട്ടിയ പെൺകുഞ്ഞിന് പേരിട്ടു

അവൾ ഇനി ‘സ്നിഗ്ദ’; അമ്മത്തൊട്ടിലിൽ കിട്ടിയ പെൺകുഞ്ഞിന് പേരിട്ടു

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

നിർദ്ദേശിക്കപ്പെട്ട പേരുകളിൽ നിന്ന് നറുക്കെടുത്താണ് കുഞ്ഞിനുളള പേര് തിരഞ്ഞെടുത്തത്. മൂന്ന് കിലോഗ്രാമിനടുത്താണ് തൂക്കം. ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്.

കൈക്കൂലി ആരോപണം; മരിച്ച നവീൻ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്,

കൈക്കൂലി ആരോപണം; മരിച്ച നവീൻ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്,

കോഴിക്കോട്: കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളോ ഡിജിറ്റൽ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും.

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലൻസ് വ്യക്തമാക്കി.

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോർ‌ട്ട് നൽകിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

കടവന്ത്രയിലെ അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാരായ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കടവന്ത്രയിലെ അനാശാസ്യ കേന്ദ്രം; നടത്തിപ്പുകാരായ രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഎസ്‌ഐ ഉള്‍പ്പെടയുള്ള രണ്ട് പൊലീസകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരും ബിനാമികളായി പ്രവര്‍ത്തിക്കുകയായിരുന്നു. സാമ്പത്തികമായി എഎസ്‌ഐ രമേഷിന് ഒന്‍പത് ലക്ഷത്തോളം രൂപ നടത്തിപ്പുകാര്‍ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്.

എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. മറ്റരൊളുടെ പരിചരം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം ബത്തേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ തുടരുന്നു ഇരുവരുടെയും നില അതീവഗുരുതരമാണ്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എന്‍എം വിജയന്‍. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് ആയ കാലത്ത് ദീര്‍ഘകാലം പ്രസിഡന്റായിരുന്നു. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും ബന്ധപ്പെട്ട ചില തര്‍ക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.