സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം

തൃശൂർ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ഇന്ന് ആശുപത്രി വിട്ടിരുന്നു. സംഭവത്തിൽ സഹോദരൻ അൽജോ മരിച്ചതിന്റെ വിഷമം ഇപ്പോഴും അനോഷിൻറെ മനസിലുണ്ട്. സഹോദരന്റെ ഓര്‍മകൾ നിറഞ്ഞ് നിൽക്കുന്ന കോടാലായിലെ വീട്ടിലേക്ക് തത്കാലം അനോഷില്ല.

പകരം, കൊരട്ടി വഴിച്ചാല്‍ വാപറമ്പിലുള്ള ബന്ധുവായ പയ്യപ്പിള്ളി ജോജോയുടെ വീട്ടില്‍ കുറച്ചു നാൾ താമസിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ചികിത്സ പൂർത്തിയാക്കി ഇന്നാണ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അനോഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. അനോഷിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചാണ് ആശുപത്രി അധികൃതർഅനോഷിനെ യാത്രയാക്കിയത്. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറിയന്‍ ഷൈജു ദാമോദരന്‍ അനോഷിന് പിറന്നാള്‍ സമ്മാനമായി ജേഴ്‌സിയും ഫുട്‌ബോളും നൽകി.

തുടര്‍ന്ന്, ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി. പള്ളി വികാരിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അനോഷിന് നൽകിയത്. കൊരട്ടിമുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുല തുലാഭാരവും നടത്തി. തിരികള്‍ കത്തിച്ചും പള്ളിയിൽ കയറി പ്രാര്‍ത്ഥിച്ചും അനോഷിന്റെ കുടുംബം കുറച്ചധികം സമയം പള്ളിയിൽ ചെലവിട്ടു.

ഇക്കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് കോടാലിയിലെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന അനോഷിനും സഹോദരന്‍ അല്‍ജോയ്ക്കും പാമ്പുകടിയേറ്റത്. കുട്ടികള്‍ അസ്വസ്ഥതകള്‍ കാണിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. തുടര്‍ന്ന് കുട്ടികള്‍ കുഴഞ്ഞുവീണു. ഇതിനിടെ വീടിനകത്ത് വെള്ളികെട്ടന്‍ ഇനത്തില്‍പെട്ട പാമ്പിനെ കണ്ടെത്തി.

ഉടന്‍ തന്നെ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അൽജോയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗുരുതരാവസ്ഥയിലായിരുന്ന അനോഷിന് പ്രാഥമിക ചികിത്സ നൽകി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ ചികിത്സ കഴിഞ്ഞതോടെ കുട്ടി അപകടനില തരണം ചെയ്തു. തുടര്‍ന്ന് പൂർണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു

കെ. രവീന്ദ്രൻ നായർ  (റിട്ടയേർഡ് പി&റ്റി) (80) അന്തരിച്ചു

കെ. രവീന്ദ്രൻ നായർ (റിട്ടയേർഡ് പി&റ്റി) (80) അന്തരിച്ചു

ആറ്റിങ്ങൽ: മാമം കുറുപ്പ് ലൈൻ അഭയം വീട്ടിൽ (സി.റ്റി.ആർ.എ:21) കെ രവീന്ദ്രൻ നായർ (റിട്ടയേർഡ് പി&റ്റി)(80) അന്തരിച്ചു.

ഭാര്യ: എം പത്മകുമാരി അമ്മ (റിട്ടയേർഡ് പി&റ്റി).
മക്കൾ: ആർ അരുൺ കുമാർ (താലൂക്ക് ഓഫീസ്, ആറ്റിങ്ങൽ), ആർ കിരൺ കുമാർ (വിജിലൻസ് ഓഫീസ്, തിരുവനന്തപുരം), പി പൂർണ്ണിമ (അധ്യാപിക, ഡയറ്റ്, ആറ്റിങ്ങൽ).
മരുമക്കൾ: റ്റി ബിജുകുമാർ (സെക്രട്ടറിയേറ്റ്), ജി.എൽ ശ്രീപത്മം (അധ്യാപിക, എസ്.എൻ.വി എച്ച്.എസ്.എസ്,പനയറ), വി.കെ രേവതി (അധ്യാപിക, ഗവ:യു.പി.എസ് കൈലാത്തുകോണം).

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ, ഇടിമിന്നലിനും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. 3085 രൂപയാണ് കൊച്ചിയിലെ പുതിയ സിലിണ്ടര്‍ വില. തിരുവനന്തപുരത്ത് 3106 രൂപ. കോഴിക്കോട്ട് 3117.5 രൂപ എന്നിങ്ങനെയാണ്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂര്‍വമാണ്.

ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍, ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇടയാക്കിയേക്കും. ഇത് സാധാരണക്കാരന്റെ ബജറ്റിനെയും ബാധിക്കും.

ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ , മാര്‍ച്ച് 1ന് 28-31 രൂപ, മാര്‍ച്ച് 7ന് 115 രൂപ എന്നിങ്ങനെയും വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്, എല്‍പിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടുന്നതിന് കാരണമായിരുന്നു. അതിനിടെയാണ് ഇടിത്തീയായി വലിയ തോതിലുള്ള വില വര്‍ധനയും ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യ സര്‍വേഫലം. നേരിയ മുന്‍തൂക്കം യുഡിഎഫിനാണ് നല്‍കുന്നത്. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമ്പോള്‍, എല്‍ഡിഎഫ് 55മുതല്‍ 73 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. എന്‍ഡിഎ മൂന്ന് മുതല്‍ പതിനൊന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പറയുന്ന ഏക എകസ്റ്റിറ്റ് പോള്‍ സര്‍വേ ഫലമാണിത്.

യുഡിഎഫിന് ന്യൂനപക്ഷത്തിന്റെ പിന്തുണ യുഡിഎഫിനാണെന്നാണ് പ്രവചനം. മുസ്സീം വിഭാഗത്തില്‍ 62 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 53 ശതമാനവും യുഡിഎഫിനൊപ്പമാണ്. എന്നാല്‍ ഈഴവ, പട്ടിക ജാതി, വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനാണ്. നായര്‍ സമുദായം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ക്രിസ്ത്യാനികളുടെ വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് പതിനൊന്ന് ശതമാനത്തിന്റെ പിന്തുണമാത്രമാണ് സര്‍വേ പ്രവചിക്കുന്നത്.

നായര്‍ വിഭാഗം പതിനെട്ട് ശതമാനവും മുസ്ലീം 33 ശതമാനവും ഈഴവ 47 ശതമാനവും ക്രിസ്ത്യന്‍ 34 ശതമാനും പട്ടികജാതി വിഭാഗം 49 ശതമാനവും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് നായര്‍വിഭാഗത്തില്‍ 39 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. മുസ്ലീം വിഭാഗത്തില്‍ നിന്ന് നാല് ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ ഈഴവയില്‍ 32 ശതമാനവും പട്ടികജാതിയില്‍ നിന്ന് പതിനെട്ട് ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

‘കേരളത്തിന്റെ സ്വന്തം മീന്‍’; എവിടെയും മത്തി; ലഭ്യതയില്‍ 13% വര്‍ധന; റിപ്പോര്‍ട്ട്‌

‘കേരളത്തിന്റെ സ്വന്തം മീന്‍’; എവിടെയും മത്തി; ലഭ്യതയില്‍ 13% വര്‍ധന; റിപ്പോര്‍ട്ട്‌

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം ടൺ സമുദ്ര മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തേക്കാൾ ഇന്ത്യയിലാകെ മൂന്ന് ശതമാനത്തിൻ്റെ വർധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം മത്സ്യം പിടിച്ചത് തമിഴ്‌നാട്ടിലാണ്. 6.85 ലക്ഷം ടൺ. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവ് നീട്ടിയതിനാലും ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ശതമാനം വർധനവോടെ കേരളം മൂന്നാം സ്ഥാനം നിലനിർത്തി.

കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി 1.68 ലക്ഷം ടൺ ആയി. സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ, കൂന്തൽ, നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു.

മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

ശക്തമായ മഴയും ചരക്കു കപ്പല്‍ അപകടവും കാരണം മെയ്, ജൂണ്‍ മാസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മത്സ്യബന്ധന ദിവസത്തില്‍ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മീന്‍ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാര്‍ബറുകളില്‍ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നില്‍. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.

രാജ്യത്താകെ അയലയാണ് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം (2.70 ലക്ഷം ടണ്‍). സമുദ്ര മത്സ്യോല്‍പാദനത്തില്‍ കര്‍ണാടകയില്‍ 44 ശതമാനവും മഹാരാഷ്ട്രയില്‍ 18 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തി പോലുള്ള ചെറിയ മീനുകള്‍ക്ക് ഗുണകരമായതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവും സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റിലെ വിദ്യാര്‍ഥിനി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍; റിപ്പോര്‍ട്ട് തേടി വിസി
സമുദ്രമത്സ്യ മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനയുണ്ടായി. ഇന്ത്യയിലാകെ ലാന്‍ഡിംഗ് സെന്ററുകളില്‍ 69,254 കോടി രൂപയും (10.45 ശതമാനം വര്‍ധനവ്) ചില്ലറ വിപണിയില്‍ 97,702 കോടി രൂപയും (8.43 ശതമാനം വര്‍ധനവ്) വിറ്റുവരവുണ്ടായി. കേരളത്തില്‍ ലാന്‍ഡിംഗ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും (17.8% വര്‍ധനവ്), ചില്ലറ വിപണിയിലേത് 16,681 (11.1% വര്‍ധനവ്) കോടി രൂപയുമാണ്. വിപണന കാര്യക്ഷമതയില്‍ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം).