by Midhun HP News | Dec 19, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: മുംബൈ ബോട്ട് അപകടത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവുമെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരന് അറിയിച്ചു. ജെഎന്‍പിടി ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.
മുംബൈയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് മലയാളി കുടുംബം. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ ചികിത്സയിലുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിയുകയും, പൂര്‍ണമായി മുങ്ങുകയുമായിരുന്നു. അപകടത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചികില്‍സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 101 പേരെ രക്ഷപ്പെടുത്തി.
by Midhun HP News | Dec 19, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യത. തുടര്‍ന്ന് വടക്കു ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം
തമിഴ്നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Dec 19, 2024 | Latest News, കേരളം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
കുല്‍ഗാം ജില്ലയിലെ ബെഹിബാഗ് പ്രദേശത്തെ കദ്ദറില്‍ ഭീകരരെന്ന് സംശയിക്കുന്നവരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്നലെ രാത്രിയാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശം വളഞ്ഞ സൈന്യം തിരച്ചില്‍ ആരംഭിച്ചു.
ഇതോടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്. കഴിഞ്ഞമാസം കശ്മീരിലെ ദച്ചിഗ്രാമില്‍ ലഷ്കര്‍ ഇ തയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു.
by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 1700ലധികം രൂപയാണ് കുറഞ്ഞത്.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്.ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളില്‍ ഇളവ് നല്‍കിയത്. ഇളവ് അനുവദിച്ചതോടെ പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയാകും. അതേസമയം, തെളിവുകള്‍ സംക്ഷിക്കണം എന്ന ആവശ്യവുമായി നവീന്‍ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
കേസില്‍ ആത്മഹത്യ പ്രേരണാക്കേസില്‍ റിമാന്‍ഡിലായ ദിവ്യയ്ക്ക് 11 ദിവസത്തിനു ശേഷം നവംബര്‍ എട്ടിനാണ് ജാമ്യം ലഭിച്ചത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
മലപ്പുറം: അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷന് പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് അജിത്തിനെതിരെ വിനീതിന്റ കുടുംബം. എസിയുടെ നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹോദരന് വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാംപില്‍ നിന്ന് സഹപ്രവര്ത്തകന് കുഴഞ്ഞുവീണപ്പോള്‍ അയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ എസി സമ്മതിച്ചില്ല. അതിന് പിന്നാലെ അജിത് കുമാറിനെതിരെ വിനീത് കുമാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിനുശേഷം വൈരനിര്യാതനബുദ്ധിയോടെയാണ് എസി പെരുമാറിയതെന്നും നിരന്തരമായി ബുദ്ധിമുട്ടിച്ചെന്നും സഹോദരന് മാധ്യമങ്ങളോട് പറഞ്ഞു.
ഉറങ്ങാന്‍ പോലും അവനെ അനുവദിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലെ ബാത്ത് റൂമിന്റെ ഡോറിന് മുന്നിലാണ് കിടത്തിയതെന്നും സഹോദരന് പറഞ്ഞു. 13വര്‍ഷമായി എസ്ഒജിയായി വിനീത് ജോലി ചെയ്തിരുന്നു. അവിടെയൊന്നും വിനിതിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അരീക്കോടെ ക്യാംപില്‍ എത്തിയപ്പോഴാണ് തുടര്‍ച്ചയായി പ്രശ്നങ്ങള്‍ ഉണ്ടായതെന്നും സഹോദരന് പറഞ്ഞു. അസിസ്റ്റന്‍ഡ് കമാന്‍ഡന്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അജിത്തിനെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തില്‍ താത്പര്യമില്ലെന്നും കുടുംബം വ്യക്തമാക്കി.
വിനീതിന്റെ ആത്മഹത്യക്ക് പിന്നാലെ എസി അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍ രംഗത്തെത്തിയിരുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ് വിനീതിനോട് വൈരാഗ്യം ഉണ്ടാകാന്‍ കാരണമെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
ആത്മഹത്യയ്ക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയാണെന്നും സഹപ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വിനീതിന്റെ സുഹൃത്ത് സുനീഷ് ക്യാംപിലെ ട്രെയിനിങ്ങിനിടെയാണ് മരിക്കുന്നത്. 2021ലാണ് സംഭവം. കുഴഞ്ഞു വീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എസി അജിത്ത് അതിനു സമ്മതിച്ചില്ല. ഇതു ചോദ്യം ചെയ്തതാണ് വിനീതിനോട് അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിരോധത്തിന് കാരണമായതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
സുനീഷിന്റെ മരണത്തില്‍ വിനീത് എസി അജിത്തിനെതിരെ ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നു. ഇതു വിരോധത്തിന് കാരണമായി എന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വിനീതിന്റെ മരണം അന്വേഷിക്കുന്നത്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് എസ് പി ആര് വിശ്വനാഥ് പറഞ്ഞത്.
Recent Comments