by Midhun HP News | Dec 18, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം വലമ്പൂരില്‍ വാഹനം നടുറോഡില്‍ സഡന്‍ ബ്രേക്കിട്ടത് ചോദ്യം ചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു.
സ്കൂട്ടര്‍ നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. വാഹനം പെട്ടെന്ന് നിര്‍ത്തിയത് ശരിയല്ലെന്ന് ചോദിച്ചശേഷം താന്‍ വണ്ടിയുമായി മുന്നോട്ടുപോയി. അയാള്‍ വാഹനം വേഗത്തില്‍ കൊണ്ടു വന്ന് തടസ്സം വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഷംസുദ്ദീന് പറഞ്ഞു. കൂട്ടാളികളെയും ഇയാള്‍ വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറോളം നേരമാണ് റോഡരികില്‍ ഷംസുദീന്‍ ചോര വാര്‍ന്ന് കിടന്നത്. വഴിയിലൂടെ വന്നവര്‍ മദ്യപിച്ച് കിടക്കുകയാണോ എന്ന നിലയിലാണ് കൈകാര്യം ചെയ്തതെന്നും ഷംസുദ്ദീന് പറയുന്നു. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്മക്കള് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം ഏറ്റെടുത്ത കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു. ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതശരീരം വൈദ്യപഠനത്തിനായി വിട്ടു നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് പെണ്മക്കള് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ലോറന്‍സ് മരിക്കുന്നത്. അതിനു പിന്നാലെ അതി നാടകീയ നടപടികളിലൂടെയാണ് കടന്നുപോയത്. നേരത്തെ ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കിയതിനെതിരെ മകള്‍ ആശ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളുകയായിരുന്നു. രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ ലോറന്‍സ് മകന് സജീവനോട് പറഞ്ഞിരുന്നു. ഈ മൊഴി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് മകളുടെ ആവശ്യം തള്ളിയത്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് നടത്തിയ ഹിയറിങ്ങിലാണ് മറ്റൊരു മകളായ സുജാത സഹോദരി ആശയുടെ നിലപാടിനെ അനുകൂലിച്ചത്. ഡിവിഷന് ബെഞ്ചില്‍ ആശ നല്കിയ അപ്പീലിനെയും സുജാത പിന്തുണച്ചു. പാര്‍ട്ടിയും മകനും ചേര്‍ന്ന് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയായിരുന്നു. പെണ്മക്കളായ തങ്ങളോട് ഇക്കാര്യം ആലോചിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ സംസ്കാരം മതാചാര പ്രകാരം നടത്തണം. ലോറന്‍സിന്റെ ഭാര്യ മതവിശ്വാസിയാണ്. ലോറന്‍സും മതങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല. അതിനാല്‍ ലോറന്‍സിന്റെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെന്നും പെണ്മക്കള് ആവശ്യപ്പെട്ടിരുന്നു. ലോറന്‍സിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മകളുമായി സംഘര്‍ഷം അരങ്ങേറിയിരുന്നു.
by Midhun HP News | Dec 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് പരിഗണിക്കുക.
എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന് ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര് അജിത് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനുമാണ്. ഇരുവര്‍ക്കും അടുത്തു വരുന്ന ഒഴിവുകളില്‍ ഡിജിപി റാങ്കിലേക്ക് പ്രമോഷന് നല്‍കാനാണ് സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്.
വിജിലന്‍സ് അന്വേഷണം നേരിടുന്നത് പ്രമോഷന് നല്‍കുന്നതിന് തടസ്സമില്ലെന്ന് സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തി. സര്‍വീസ് ചട്ടപ്രകാരം ഒരാള്‍ സസ്പെന്‍ഷനിലാകുകയോ, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാലോ മാത്രമാണ് തുടര്‍ സ്ഥാനക്കയറ്റത്തില്‍ നിന്നും പരിഗണിക്കാതിരിക്കൂ. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. അനധികൃത സ്വത്തു സമ്പാദനം, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ചാണ് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറായ അഷ്റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി അകന്നു കഴിയുകയാണ്. ഇതിനു കാരണം ഭാര്യാപിതാവായ അഷ്റഫ് ആണെന്നും ഈ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നുമാണ് സജീര്‍ പൊലീസിനോട് പറഞ്ഞത്. സജീര്‍ മുമ്പും വധഭീഷണി മുഴക്കുകയും അഷ്റഫ് താമസിക്കുന്ന സ്ഥലത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പൊലീസിന് പരാതി ലഭിച്ചിരുന്നു.
by Midhun HP News | Dec 18, 2024 | Latest News, കായികം
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര് അശ്വിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്സി അണിഞ്ഞ അശ്വിന് 537 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും ഈ വെറ്ററന്‍ താരം നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. ടെസ്റ്റില്‍ 3503 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 707 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.
by Midhun HP News | Dec 18, 2024 | Latest News, കേരളം
ബ്രിസ്ബെയ്ന്‍: മഴ രസംകൊല്ലിയായ ബ്രിസ്ബെയ്ന്‍ ടെസ്റ്റ് ഒടുവില്‍ സമനിലയില്‍ അവസാനിച്ചു. 275 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങി അധികം വൈകാതെ തന്നെ മഴ കളി മുടക്കി. സ്കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് ചേര്‍ത്തപ്പോഴേക്കും മഴ എത്തി. ഇതോടെ ഫല പ്രതീക്ഷയില്ലാത്ത മത്സരം അവസാനിപ്പിച്ചു.
യശസ്വി ജയ്സ്വാള്‍ (4), കെഎല്‍ രാഹുല്‍ (4) എന്നിവര്‍ ക്രീസില്‍ നില്ക്കുമ്പോള് മോശം വെളിച്ചവും മഴയും കാരണം ടീ ബ്രേക്ക് എടുത്തു. എന്നാല്‍ മഴ മാറാതെ നിന്നതോടെ മത്സരം തുടരേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
നേരത്തെ രണ്ടാം ഇന്നിങ്സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇന്നിങ്സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച മത്സരത്തില്‍ ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
Recent Comments