ബ്രിസ്ബെയ്‌നില്‍ ത്രില്ലര്‍; 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്, 54 ഓവറില്‍ 275 അടിച്ചാല്‍ ഇന്ത്യയ്ക്കു ജയിക്കാം

ബ്രിസ്ബെയ്‌നില്‍ ത്രില്ലര്‍; 89ന് ഡിക്ലയര്‍ ചെയ്ത് ഓസീസ്, 54 ഓവറില്‍ 275 അടിച്ചാല്‍ ഇന്ത്യയ്ക്കു ജയിക്കാം

ബ്രിസ്‌ബെയ്ന്‍: ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം വെച്ച് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ 89 ന് ഏഴ് എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇന്നിങ്‌സ് തുടക്കത്തിലെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വേഗത്തില്‍ സ്‌കോര്‍ നേടുകയെന്നതായിരുന്നു ഓസീസിന്റെ തന്ത്രം. എന്നാല്‍ ബാറ്റര്‍മാരെ പെട്ടെന്ന് തന്നെ പുറത്താക്കി ഇന്ത്യ സ്‌കോറിങ് വേഗം കുറച്ചു. ഇതോടെ സമനിലയിലേക്ക് പോകുമെന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ ഹെഡ്(17), അലക്‌സ് കറെ(20),കമ്മിന്‍സ്(22) എന്നിവരാണ് ഓസീസിനായി ഭേദപ്പെട്ട റണ്‍സ് നേടിയത്.

ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 260 റണ്‍സിന് അവസാനിച്ചിരുന്നു. രാഹുലിന്റെയും(84) ജഡേജയും(77), 31 റണ്‍സെടുത്ത ആകാശ് ദീപിന്റെയും ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്.

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2025 ജനുവരി 12 മുതല്‍ 23 വരെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും. ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശന സൗകര്യമൊരുക്കും. ദര്‍ശനത്തിനായി സാധാരണ ക്യൂ കൂടാതെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍ ആരംഭിക്കും.

നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഗതാഗത നിയന്ത്രണത്തിനും മോഷണം തടയുന്നതിനും പൊലീസ് സേനയെ വിന്യസിക്കും. അനധികൃത മദ്യ വില്‍പ്പനയും ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഉത്സവ ദിവസങ്ങളില്‍ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയര്‍ ക്രൂവിന്റെ സേവനം ലഭ്യമാക്കും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തി.സമ്പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങള്‍ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.സമീപത്തെ കടകളില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്താനും യോഗം നിര്‍ദേശിച്ചു.

സ്വര്‍ണവില കുറഞ്ഞു, 57,000ന് മുകളില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1200 രൂപ

സ്വര്‍ണവില കുറഞ്ഞു, 57,000ന് മുകളില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.

11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ഒരാഴ്ചയ്ക്കിടെ 1200 രൂപയാണ് കുറഞ്ഞത്.

പുഷ്പ 2 അപകടം; ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 അപകടം; ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന 9 വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.

തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസ്സം മൂലം ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. കുട്ടി സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീതേജിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടും. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.

അതിനിടെ സംഭവം നടന്ന സന്ധ്യ തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ്. തിയറ്റര്‍ മാനേജിന്റെ ഭാഗത്തു നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തുന്ന വിവരം പൊലീസില്‍ അറിയിക്കാന്‍ വൈകിയെന്നും തിയറ്ററില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നുണ്ട്.

ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീ തേജ് സാൻവിക (7) എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. കേസിൽ അല്ലു അർജുൻ അറസ്റ്റിലായിരുന്നു.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ; 109 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ; 109 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്‍സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ്), മലയാളം, ഇം​ഗ്ലീഷ്, ​ഹിന്ദി, ​ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം തയ്യാറായി. ഈ മാസം 31ന്റെ ​ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം.

ത​ദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ ബോർഡ്/ കോർപ്പറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ എൽഡിവി/ എച്ഡിവി ഡ്രൈവർ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ. ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാൽ കെഎഎസിന്റെ രണ്ടാമത്തെ വിജ്ഞാപനം പിഎസ്‍സി തയ്യാറാക്കിയിട്ടില്ല. ഡിസംബർ 31നകം വിജ്ഞാപനം വന്നില്ലെങ്കിൽ പ്രായപരിധി പിന്നിടുന്നവർക്കു അവസരം നഷ്ടപ്പെടും.

ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ആരോപണ വിധേയരായ എം എസ് സൊലൂഷ്യന്‍സ് സി ഇ ഒ ഷുഹൈബ് ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘം ഇന്നലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇന്നത്തെ പരീക്ഷയിലെ സാധ്യതാ ചോദ്യങ്ങളുമായി ലൈവില്‍ കഴിഞ്ഞ ദിവസം ഷുഹൈബ് എത്തിയിരുന്നു. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്നും, വിദ്യാര്‍ത്ഥികള്‍ക്കായി ലൈവില്‍ എത്തിയത് ജീവന്‍ പണയപ്പെടുത്തിയാണെന്നും സ്ഥാപന ഉടമ ഷുഹൈബ് വീഡിയോയില്‍ പറയുന്നു.