മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു, വകുപ്പുതല നടപടിക്ക് സാധ്യത

മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു, വകുപ്പുതല നടപടിക്ക് സാധ്യത

പത്തംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.

മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ‌ എടുത്തു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്.

വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ രാത്രി തന്നെ ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കി മടക്കി അയച്ചത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി.

ചോദ്യ ചോര്‍ച്ച; പരീക്ഷ റദ്ദാക്കുന്നതില്‍ തീരുമാനം പിന്നീട്, ഡിജിപിക്കു പരാതി നല്‍കിയെന്ന് മന്ത്രി

ചോദ്യ ചോര്‍ച്ച; പരീക്ഷ റദ്ദാക്കുന്നതില്‍ തീരുമാനം പിന്നീട്, ഡിജിപിക്കു പരാതി നല്‍കിയെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍, പത്താം ക്ലാസ് അര്‍ധ വാര്‍ഷിക പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഡിജിപിക്കു പരാതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ്‌വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോര്‍ന്നത്.

യൂട്യൂബ് ചാനലുകളില്‍ ചോദ്യപേപ്പര്‍ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ചോദ്യചോര്‍ച്ച പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ലെന്ന് മന്ത്രി പറഞ്ഞു.

ചോദ്യം ചോര്‍ന്ന പരീക്ഷകള്‍ റദ്ദാക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വണ്‍ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ബുധനാഴ്ച രാത്രി സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവന്നത്.

കളി, മഴ കൊണ്ടു പോയി! ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉപേക്ഷിച്ചു

കളി, മഴ കൊണ്ടു പോയി! ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഉപേക്ഷിച്ചു

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കൊണ്ടു പോയി. 13.2 ഓവര്‍ മാത്രമാണ് ഇന്ന് കളി നടന്നത്. മഴ നില്‍ക്കാത്ത സാഹചര്യത്തില്‍ ആദ്യ ദിനത്തെ കളി ഉപേക്ഷിച്ചു.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 13.2 ഓവറില്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് കളി തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 4 റണ്‍സുമായി നതാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍.

കഴിഞ്ഞ കളികളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹര്‍ഷിത് റാണയ്ക്ക് പകരം ആകാശ് ദീപും ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി.

ഓസീസ് നിരയില്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തി. ഹെയ്‌സല്‍വുഡിന്റെ പകരക്കാരനായി രണ്ടാം ടെസ്റ്റ് കളിച്ച സ്‌കോട്ട് ബോളണ്ടിനെ അന്തിമ ഇലവനില്‍ നിന്നു ഒഴിവാക്കി.

സീരിയൽ സംഘത്തെ വിറപ്പിച്ച് പടയപ്പ; വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു; ആളുകൾ ഓടി രക്ഷപ്പെട്ടു

സീരിയൽ സംഘത്തെ വിറപ്പിച്ച് പടയപ്പ; വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു; ആളുകൾ ഓടി രക്ഷപ്പെട്ടു

തൊടുപുഴ: മൂന്നാറിൽ ഷൂട്ടിങ് സംഘത്തെ വിറപ്പിച്ച് പടയപ്പ. സീരിയൽ സംഘത്തിന്റെ വാഹനത്തിന് നേരെയാണ് ആന ആക്രമണം നടത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തുകയായിരുന്നു. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്.

സൈലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. ഓടിയെത്തിയ ആന വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ആനയുടെ പരാക്രമത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.

അടുത്തിടെയായി പടയപ്പ അക്രമാസക്തനാകുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1160 രൂപ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 7140 ആയി.

ഇന്നലെ പവന്‍ വില 440 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപ.

കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പവന്‍ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വയും ബുധനുമായി 1240 രൂപയാണ് കൂടിയത്.

പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: പി വി അൻവർ എംഎൽഎ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നോട്ടിസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെ ഫോൺ സംഭാഷണങ്ങൾ നിയമവിരുദ്ധമായി ചോർത്തിയെന്നായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണു ഹൈക്കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത്, കൊലപാതകവും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണു ഫോൺ ചോർത്തിയതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഫോൺ ചോർത്തൽ. ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്. തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്കു വിദഗ്ധ ഏജൻസി വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.