by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേർത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് പൊലീസിന്‍റെ തീരുമാനം. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി ജോയ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റിക്ക് പിശക് ഉണ്ടായിട്ടുണ്ട്. ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങൾ പാർട്ടി ചെയ്യുമെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ തോട്ടട ഐടിഐയില്‍ കെഎസ് യുവും എസ് എഫ് ഐയും തമ്മില്‍ വന്‍ സംഘര്‍ഷം. കെഎസ് യു പ്രവര്‍ത്തകര്‍ ക്യാംപസില്‍ കൊടി കെട്ടിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, കെഎസ് യു പ്രവര്‍ത്തകര്‍ കെട്ടിയ കൊടി തകര്‍ത്തതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പുറത്തു നിന്നും കൂടുതല്‍ കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. കെഎസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. ഐടിഐയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കെ എസ് യു ക്യാംപസില്‍ യൂണിറ്റ് സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് ക്യാംപസില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയായിരുന്നു.
by Midhun HP News | Dec 11, 2024 | Latest News, കേരളം
ഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശി നാളില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദേവസ്വം ഭരണസമിതിക്കെതിരെയും തന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തന്ത്രിക്ക് ഏകപക്ഷീയമായി പൂജാ സമയം മാറ്റാന്‍ കഴിയുമോയെന്നും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂജാസമയത്തില്‍ മാറ്റം വരുത്താനാകുമോയെന്നും കോടതി ചോദിച്ചു.
തിരക്ക് നിയന്ത്രിക്കുകയെന്നത് ഭരണപരമായ കാര്യമാണ്. അതിന്റെ പേരില്‍ ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോയെന്നും കോടതി ചോദിച്ചു. ആചാരങ്ങളില്‍ മാറ്റം ഉണ്ടാകാന്‍ പാടില്ലെന്ന നിരീക്ഷണവും സുപ്രീംകോടിയുടെ ഭാഗത്തുനിന്നുണ്ടായി. കേസില്‍ എതിര്‍ കക്ഷിയായ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് അയച്ചുയ ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്ന പൂജ അതുപോലെ നിലനിര്‍ത്തണം. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി വേണമെന്നും കോടതി നിര്‍ദേശിച്ചു.
ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമന പൂജ ആചാരത്തിന്റെ ഭാഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു.
by Midhun HP News | Dec 11, 2024 | Latest News, ദേശീയ വാർത്ത
വാരാണസി: 24 മണിക്കൂറും പൂജ ചെയ്തിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് പുരോഹിതന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാല്‍പ്പതുകാരനായ പുരോഹിതന്‍ അമിത് ശര്‍മയാണ് കഴുത്തറുത്ത് ജീവനൊടുക്കിയത്.
പൂജാമുറിയില്‍ നിന്ന് ‘അമ്മേ കാളി പ്രത്യക്ഷപ്പെടൂ’ എന്ന നിലവിളി കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിയെത്തിയപ്പോഴാണ് ഇയാളെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ അയല്‍വാസികളും ചേര്‍ന്ന് പുരോഹിതനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളി പ്രത്യക്ഷപ്പെടുമെന്ന് കരുതി പൂജാമുറി പൂട്ടിയിട്ട് ഭര്‍ത്താവ് കഠിനമായ പൂജകള്‍ ചെയ്തിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു. കഠിനമായ പൂജകള്‍ നടത്തിയിട്ടും കാളിദേവി പ്രത്യക്ഷപ്പെടാത്തതില്‍ മനംനൊന്ത് ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസ് നിഗമനം. കട്ടര്‍ ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
by Midhun HP News | Dec 11, 2024 | Latest News, കേരളം
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന ആരോപണം ശ്രീലേഖ ഉന്നയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതേ കേസില്‍ ദിലീപിന് അനുകൂലമായ തരത്തില്‍ ശ്രീലേഖ പറഞ്ഞ പ്രസ്താവനകള്‍ വിവാദമായി കാലങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ശ്രീലേഖ മറ്റൊരു അഭിമുഖത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ദിലീപ് ഈ കേസില്‍ ശിക്ഷിക്കപ്പെടില്ലെന്ന് ശ്രീലേഖ ഐപിഎസ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശ്രീലേഖ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതി നടപടികളോടുള്ള അനാദരവാണെന്നാണ് അതിജീവിത ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വര്‍ഷങ്ങള്‍ക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസില്‍ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാണ് സാധ്യത.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.
വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില.
വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ ഹില്‍സ്‌റ്റേഷന്‍. അവിടുത്തെ തണുത്ത കാലാവസ്ഥയാണ് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നത്. 2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7% ആയിരുന്നു. ഈ വര്‍ഷം വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ഇത്തവണ വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം പറയുന്നു. ‘സ്‌കൂള്‍ പരീക്ഷകള്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും, അവധിക്കാലം ആരംഭിച്ചാല്‍, ടൂറിസം സീസണ്‍ നല്ലരീതിയിലേക്ക് മാറും, ജനുവരി പകുതി വരെ തിരക്ക് തുടരും,’ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് ഹില്‍ സ്റ്റേഷനില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുകയാണെന്നും മൂന്നാറിലെ സ്ഥിഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
Recent Comments