by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 7285ല്‍ എത്തി.
ഇന്നലെ പവന്‍ വില അറുന്നൂറു രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1240 രൂപയുടെ വര്‍ധന. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് വില താഴ്‌ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
നാട്ടിക പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്‍മുഖന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3 എന്നിങ്ങനെയായിരുന്നു. 9-ാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയര്‍ന്നു. തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ വാർഡ് കോൺഗ്രസും, കൊടുങ്ങല്ലൂർ നഗരസഭ വാർഡ് ബിജെപിയും നിലനിർത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.
കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 130 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് ( മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് സിപിഎമ്മിന്റെ പക്കല്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. താഴെപ്പറയുന്ന കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കാണ് ആനുകൂല്യം.
*കോഴ്സുകൾ*
2024 25 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലൂടെ എംബിബിഎസ്, എൻജിനീയറിങ്, എംസിഎ, എം ബി എ, എം എസ് സി, ബി എസ് സി നേഴ്സിങ്, ബിഡിഎസ്, ബി ഫാം, എം ഫാം, ബി എസ് സി ഫോറസ്ട്രി, എംഎസ് സി ഫോറസ്ട്രി, എം എസ് സി അഗ്രികൾച്ചർ, എം വി എസ് സി ബി വി എസ് സി, ബി എച് എം സി, ബി എ എം എസ്, എൽ എൽ ബി, എൽ എൽ എം, പോസ്റ്റ് ഡോക്ടറെൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. 2024 മാർച്ച് വരെ അംഗത്വമെടുത്ത തൊഴിലാളിക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. അപേക്ഷ ഫോം മറ്റു വിവരങ്ങൾ എല്ലാ ജില്ലാ ഓഫീസുകളിലും ലഭിക്കും *അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15*
by Midhun HP News | Dec 11, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കൊട്ടേക്കാട് പള്ളിയ്ക്ക് മുമ്പിൽ ഇന്നലെ ഒൻപതോടെയാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഇന്ത്യന്‍ വനിതകള്‍ നഗ്നരായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. മൃതശരീരം അങ്ങനെ കണ്ടെത്തുന്നതു തന്നെ കൊലപാതക സൂചനയാണെന്നും ജസ്റ്റിസ് പിബി സുരേഷ്‌കുമാറും സി പ്രദീപ്കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
പയ്യന്നൂരിലെ ലോഡ്ജില്‍ അഴീക്കല്‍ പുളിക്കല്‍ വീട്ടില്‍ ഷമ്മികുമാറിന്റെ ഭാര്യ രമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചാണ് ഉത്തരവ്. യുവതിയെ മദ്യം നല്‍കി മയക്കിയശേഷം ഭര്‍ത്താവ് ഷാളില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെയും വിചാരണക്കോടതിയുടെയും കണ്ടെത്തല്‍. ഷമ്മികുമാറിനും മൂന്നാം പ്രതിയായ അമ്മ പത്മാവതിക്കുമെതിരായ ഗാര്‍ഹിക പീഡനക്കുറ്റം ഒഴിവാക്കി അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലിലാണ് നടപടി.
ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ലോഡ്ജിലെത്തിയ യുവതിയെ 2010 ജനുവരി 22നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം മിക്കവാറും നഗ്‌നമായിരുന്നു. യുവാവും കുഞ്ഞും അപ്രത്യക്ഷരായതടക്കം സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളുമുണ്ടായി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദവും തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്റെ പരാമര്‍ശം കോടതി ഗൗരവത്തിലെടുത്തു.ഒരു ഇന്ത്യന്‍ സ്ത്രീയും അല്പവസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഹൈക്കോടതി പരിഗണിച്ചു.
യുഎഇയില്‍ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസില്‍ പറയുന്നത്. സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി യുവതി പരാതി നല്‍കിയതിലും വിരോധമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനുംദിവസംമുമ്പ് ആരുമറിയാതെ നാട്ടിലെത്തിയ ഷമ്മികുമാര്‍ ഭാര്യയെയും ഇളയമകളെയും ലോഡ്ജില്‍ എത്തിച്ചാണ് കൃത്യം നടത്തിയത്. കുഞ്ഞിനെ രാത്രിയില്‍ ഭാര്യയുടെ വീട്ടുമുറ്റത്ത് കൊണ്ടുവച്ച് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാര്‍ട്ടി ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്‌റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് സിപിഎം. ഇക്കാര്യത്തില്‍ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്ക് പിശക് പറ്റിപ്പോയി. അനാവശ്യമായി ഒരു വാര്‍ത്ത സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടായി. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ശ്രദ്ധ ഇനി പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേജ് കെട്ടിയത് മെയിന്‍ റോഡില്‍ അല്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ബൈ റോഡിലാണ്. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു. എന്തായാലും റോഡില്‍ സ്‌റ്റേജ് കെട്ടിയിരുന്നത് വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. നിലവില്‍ പൊലീസിനോടാണ് കോടതി വിവരം ചോദിച്ചിരിക്കുന്നത്. പൊലീസ് നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്.
കേസില്‍ കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചുള്ള കാര്യങ്ങളില്‍ അപ്പോള്‍ കോടതിയില്‍ പറയേണ്ടതായിട്ടുള്ള കാര്യമാണെന്നും വി ജോയി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ റോഡില്‍ പൊതുസമ്മേളനങ്ങളും സമരപരിപാടികളും നടത്താറുണ്ട്. സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത കാലത്ത് സെക്രട്ടേറിയറ്റ് നടയില്‍ വലിയ സമരം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന്റെ രണ്ട് ഗേറ്റുകളും അടച്ച് സ്‌റ്റേജും കെട്ടിയിരുന്നു. അതിലും പൊലീസ് കേസെടുത്തിരുന്നുവെന്ന് വി ജോയി പറഞ്ഞു. അതിനിടെ, തിരുവനന്തപുരത്ത് റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയതില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. സിപിഎം ഏരിയാ സെക്രട്ടറി അടക്കം കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. റോഡില്‍ സ്‌റ്റേജ് കെട്ടിയതില്‍ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
Recent Comments