by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
മുനമ്പത്തെ തര്‍ക്കഭൂമി ഫാറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 1950ല്‍ കോളജിന് വഖഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ്, 2019ല്‍ വഖഫ് രജിസ്ട്രിയില്‍ വസ്തു രേഖപ്പെടുത്തി. 2020 മുതല്‍, ഈ പ്രദേശത്തെ താമസക്കാര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെയോ വസ്തുവകകളുടെയോ രേഖകള്‍ ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
1995ലെ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. വഖഫ് സ്വത്തിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വഖഫ് നിയമത്തിലെ 107-ാം വകുപ്പ് പ്രകാരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാമെന്ന് പറയുന്നു. ഇത് വിവേചനപരമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.
മുനമ്പവുമായി ബന്ധപ്പെട്ടത് ‘അടിസ്ഥാനപരമായി ഒരു സ്വത്ത് തര്‍ക്കം’ ആണെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ വി ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുവരെയോ സിവില്‍ കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ നേടുന്നത് വരെയോ സ്റ്റേ അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. എന്നാല്‍ കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവത്തിൽ തിരുവനന്തപുരം കല്ലാട്ടുമുക്ക് ഓക്‌സ്ഫെഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഉച്ചയ്ക്ക് ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
എല്‍കെജിയില്‍ പഠിക്കുന്ന കുട്ടിയെ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചത്. വൈകീട്ട് വീട്ടിലെത്തിയ ശേഷം മുത്തശ്ശി കുളിക്കാന്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുളിക്കാന്‍ വിസമ്മതിച്ചു കുട്ടി കരഞ്ഞു. തുടര്‍ന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്. മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവേല്‍പിച്ച പാട് കണ്ടു.
കുട്ടിയുമായി മുത്തശ്ശി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു. സിസിടിവി പരിശോധനയില്‍ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഇന്നു രാവിലെ തിരുവനന്തപുരം ഫോർട്ട് പൊലീസില്‍ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പരാതി നല്‍കി. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും എംപിയുമായ എംകെ രാഘവനെതിരെ മാടായി കോ ഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ഥി. നിയമനം നടത്തിയത് പണം വാങ്ങിയിട്ടാണെന്നും നിയമനം സുതാര്യമാണെന്ന എംപിയുടെ വാദം തെറ്റാണെന്നും അഭിമുഖത്തിനെത്തിയ കെബി നിതീഷ് പറഞ്ഞു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പാ വിവരങ്ങള്‍ പരിശോധിച്ചാല്‍ അഴിമതി പുറത്തുവരുമെന്നും നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ സുതാര്യമായിട്ടാണ് മാടായി കോളജില്‍ നിയമനം നടന്നതെന്നാണ് എംപി എംകെ രാഘവന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ശനിയാഴ്ച നടന്ന ഇന്റര്‍വ്യൂവില്‍ ഞാനും പങ്കെടുത്തിരുന്നു. രണ്ടാമതായിരുന്നു എന്റെ അഭിമുഖം. അപ്പോള്‍ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായ സര്‍ക്കാര്‍ പ്രതിനിധിക്ക് ഞാന്‍ ഒരു പരാതി നല്‍കിയിരുന്നു. എംകെ രാഘന്‍ എംപിയുടെ ബന്ധു ധനേഷ്, പയ്യന്നൂര്‍ സ്വദേശി എന്നിവര്‍ക്ക് നേരത്തെ തന്നെ ജോലി വാഗ്ദാനം ചെയ്തതായും അവരോട് അതിനായി സാമ്പത്തികവും വാങ്ങിയിരുന്നെന്ന് നിതീഷ് പറഞ്ഞു. അവരുടെ പേര് വച്ച് തന്നെയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ പറഞ്ഞവര്‍ക്ക് തന്നെയാണ് പിന്നീട് ജോലി കിട്ടിയത്. നിയമനത്തിനായി അവരില്‍ നിന്ന് പത്ത് ലക്ഷംരൂപ വാങ്ങിയിരുന്നു. ഇവരുടെ ബാങ്ക് ലോണുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും’ -നിതീഷ് പറഞ്ഞു.
കോളജിലെ നിയമനത്തില്‍ എംകെ രാഘവനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചിരുന്നു. മാടായിയില്‍ കല്യാശേരി, മാടായി ബ്ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരുമാണ് രാഘവനെതിരെ പ്രതിഷേധപ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തത്. അതിനുപിന്നാലെ നിയമനം സുതാര്യമാണെന്നും ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
എസ്സ്‌സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നത്. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു. സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു. സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എംകെ രാഘവന്‍ പറഞ്ഞു.
നിയമനം കിട്ടിയ ആള്‍ ബന്ധുവായിരിക്കാം. എന്നാല്‍ ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. തന്റെ കൈകള്‍ പരിശുദ്ധമെന്നും ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും എംകെ രാഘവന്‍ പറഞ്ഞു. മാടായി കോളജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് രാഘവന്‍ വ്യക്തമാക്കി. 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളജ് ആരംഭിച്ചത്. ഏഴ് മാസം മുന്‍പാണ് കോളജിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ കോലം കത്തിച്ചത് തന്നെ കത്തിച്ചതിന് തുല്യമാണ്. ഇളക്കി വിടുന്നവരെ തനിക്ക് അറിയാം. പേര് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെളളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തികൂടിയ ന്യുനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപത്തേക്കു നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അഞ്ച ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
by Midhun HP News | Dec 10, 2024 | Latest News, കേരളം
തൃശൂര്‍: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പാലിച്ച് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ സ്മൃതിദിനം ആചരിച്ചു. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്ക്ക് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഇളം മുറക്കാരന്‍ കൊമ്പന്‍ ഇന്ദ്രസെന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നുമാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് ദേവസ്വത്തിലെ 5 ആനകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് ശ്രീവല്‍സം അതിഥിമന്ദിര വളപ്പിലെത്തി കേശവന്‍ പ്രതിമയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്. ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ ആണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രം ശിരസിലേറ്റിയത്. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ചിത്രവും കൊമ്പന്‍ വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിലേറ്റി. ശ്രീവല്‍സത്തിന് മുന്നില്‍ ദേവസ്വം ആനകളായ അക്ഷയ കൃഷ്ണന്‍, ഗോപീകണ്ണന്‍, വിനായകന്‍, പീതാംബരന്‍, ദേവി എന്നിവര്‍ നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേര്‍ന്നു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.
സഹപാഠിയായ 19-കാരിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി നോക്കിയപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. പെൺകുട്ടിയാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയച്ചത്. ഇടുക്കി സ്വദേശികളായ ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അഭിജിത്ത് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
Recent Comments