മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണി; പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം ഉല്‍ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുമ്പോള്‍ ആകും ചര്‍ച്ച നടക്കുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം നേരത്തെ തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിന്റെ നിലപാട്. അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങള്‍ ഡാം പരിസരത്ത് എത്തിക്കാനുള്ള നീക്കവും കേരളം അനുവദിച്ചില്ല. ഇതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തില്‍ വിഷയം ചര്‍ച്ചയായി. നിയസഭയില്‍ പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ ചോദ്യത്തിനാണ് ഡാം അറ്റാകുറ്റപ്പണിയില്‍ കേരളവുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സ്റ്റാലിന്റെ മറുപടി. പെരിയാറുടെ നവീകരിച്ച സ്മാരകം ഉത്ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുന്നുണ്ട്. മുഖ്യമന്ത്രിയാണ് പരിപാടിയുടെ അധ്യക്ഷന്‍. ഇരു സംസ്ഥാനങ്ങളിലെയും ചില മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന പരിപാടിക്ക് ശേഷം ആകും മുല്ലപ്പെരിയാര്‍ വിഷയത്തിലെ ചര്‍ച്ച.

‘ഭക്തര്‍ ക്ഷേത്രത്തില്‍ പോകുന്നത് ദൈവത്തെ കാണാന്‍; മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും മുഖം കാണാനല്ല’

‘ഭക്തര്‍ ക്ഷേത്രത്തില്‍ പോകുന്നത് ദൈവത്തെ കാണാന്‍; മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും മുഖം കാണാനല്ല’

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.

മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം അനുവദിച്ചതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡാണ് സ്ഥാപിച്ചിരുന്നത്. ഫ്‌ലെക്‌സില്‍ അതൃ്പതി അറിയിച്ച കോടതി ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്. ഭക്തര്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് ദൈവത്തെ കാണാനാണ്. അല്ലാതെ മുഖ്യമന്ത്രിയെയും എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരുടെ മുഖം കാണാനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണ്. ഇത്തരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.

പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

പോത്തൻകോട് തങ്കമണി കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തങ്കമണിയുടെ പക്കൽ നിന്നും കാണാതായ സ്വർണകമ്മൽ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം.

തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന സ്വർണകമ്മൽ നഷ്‌ടപ്പെട്ടിരുന്നു. പുലർച്ചെ പൂ പറിക്കാൻ പോയ തങ്കമണി മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പ്രതി തിരുവനന്തപുരം രാജാജി ന​ഗറിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് മം​ഗലപുരത്തെത്തിയത്. മറ്റൊരു വാഹനത്തിലാണ് സ്ഥലത്തു നിന്നും മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.

ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

ഡല്‍ഹി: ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് വരാനൊരുങ്ങുന്ന മലയാളികൾക്ക് തിരിച്ചടിയായി ആഭ്യന്തര വിമാന നിരക്ക് വര്‍ധന. ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതൽ 29,000 വരെയാണ്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസില്ല. പുലർച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളിൽ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകൾ. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും. ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബർ 15നു ശേഷം തേഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.

റേഡിയോ സിലോണിൽ മുഴങ്ങിയ മലയാളി ശബ്‌ദം; സരോജിനി ശിവലിം​ഗം അന്തരിച്ചു

റേഡിയോ സിലോണിൽ മുഴങ്ങിയ മലയാളി ശബ്‌ദം; സരോജിനി ശിവലിം​ഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിം​ഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പാലക്കാട് സ്വദേശിനിയായ സരോജിനി ശ്രീലങ്കക്കാരനായ ആർആർ ശിവലിം​ഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയിൽ എത്തുന്നത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടിയിൽ ആകൃഷ്ടയാവുകയും പിന്നീട് റേഡിയോ അവതാരകയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അക്കാലത്ത് ദിവസവും അരമണിക്കൂറായിരുന്നു റേഡിയോയിൽ മലയാളം പരിപാടി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശ്രോതാക്കളുടെ കത്തുകളുടെ അവതരണവും നാട്ടിലുള്ള കുടുംബാം​ഗങ്ങൾക്കായി സന്ദേശ ​ഗാനങ്ങൾ അവതരിപ്പിക്കുന്നതും ഏറെ ശ്രദ്ധേയമായിരുന്നു. മാരിവില്ല്, രാ​ഗസം​ഗമം, ശബ്ദലഹരി, വനിതാരം​ഗം തുടങ്ങിയ ഒട്ടേറെ റേഡിയോ പരിപാടികൾക്ക് തുടക്കമിട്ട സരോജിനി ശിവലിം​ഗത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1983ൽ ശ്രീലങ്കയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബമായി നാട്ടിലേക്ക് മടങ്ങി. വർഷങ്ങളായി കോയമ്പത്തൂരായിരുന്നു താമസം.

മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ല; ലോറന്‍സിന്റെ മൃതദേഹം രണ്ടരമാസമായി മോര്‍ച്ചറിയില്‍

മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ല; ലോറന്‍സിന്റെ മൃതദേഹം രണ്ടരമാസമായി മോര്‍ച്ചറിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ട് മധ്യസ്ഥനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലന്‍ ഹൈക്കോടതിയില്‍ നല്‍കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.

ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കൂ എന്നും വ്യക്തമാക്കിയായിരുന്നു അന്നത്തെ കോടതി നടപടി. തുടര്‍ന്നാണ് കുടുംബം മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി. സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീലിന് പുറമേ മറ്റൊരു മകള്‍ സുജാത ബോബനും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കാന്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തര്‍ക്കം പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ശരിയായ രീതിയിലല്ല സമിതി തങ്ങളെ കേട്ടത് എന്നു കാട്ടി ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.