by Midhun HP News | Dec 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി പ്രാധിനിത്യം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷികൾ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ യൂണിയൻ യൂത്ത്മൂവ്മെൻ്റ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുൽദാസ്.
കഴിഞ്ഞ കാലങ്ങളിൽ ഈഴവ മഹാ ഭൂരിപക്ഷ പ്രദേശങ്ങളിലും സമുദായ അംഗങ്ങളെ ഒഴിവാക്കി സീറ്റുകൾ വീതം വെയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെ വരുന്ന തിരഞ്ഞെടുപ്പിൽ ശക്തമായ എതിർക്കുമെന്നും, ഇതിൻ്റെ മുന്നോടിയായി സംഘടന തലത്തിൽ കുടുംബ സംഗമങ്ങൾ നടത്തി ബോധവത്ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ യൂത്ത്മൂവ്മെൻ്റ് പ്രസിഡൻ്റ് ദീപു പാണാച്ചേരി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളി മുക്ക് സംഘടനാ സന്ദേശം നൽകി. കൗൺസിലർമാരായ സുധീർ . കെ, എസ് സുജാതൻ, റോയൽ അജി, അജു കൊച്ചാലുംമൂട്, ഷാജി .സി, ബി കെ സുരേഷ് ബാബു, യൂത്ത്മൂവ്മെൻ്റ് ജോയിൻ്റ് സെക്രട്ടറിമാരായ ജയപ്രസാദ്, റോയ് പാൽ, അഭിലാഷ് ദിനേശ്, സൂരജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഊരു പൊയ്ക നന്ദിയും പറഞ്ഞു.
by Midhun HP News | Dec 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നമസ്തേ സ്കീമിൻ്റെ ഭാഗമായി നഗരസഭയിൽ ദ്രവമാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികൾക്കുളള സുരക്ഷാ ഉപകരണങ്ങളും ഇൻഷുറൻസ് കാർഡും വിതരണം ചെയ്തു.
നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി സുരക്ഷാ ഉപകരണങ്ങളും ഇൻഷുറൻസ് പരിരക്ഷയുമടങ്ങിയ കിറ്റ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് കൈമാറി.
ഹെൽമെറ്റ്, മാസ്ക്, ഗ്ലൗസ്, സേഫ്റ്റിഷൂ, ഐ പ്രൊട്ടക്ഷൻഗ്ലാസ്, റിഫ്ലക്ടീവ് ഓവർകോട്ട് എന്നിങ്ങനെ 6 തരം സുരക്ഷാ സഹായികളായിരുന്നു കിറ്റിലുണ്ടായിരുന്നത്.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എസ്.ഷീജ, എസ്.ഗിരിജ, എ.നജാം, സെക്രട്ടറി കെ.എസ്. അരുൺ, ഹെൽത്ത് സൂപ്പർവൈസർ എം.ആർ. റാംകുമാർ, ഇൻസ്പെക്ടർ ഗണേഷ്കുമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 5, 2024 | Latest News, ദേശീയ വാർത്ത
ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം.
പിഎസ്എല്‍വി മിഷന്‍ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ അറിയിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ കൃത്യതയോടെ വിന്യസിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്മമായി പഠിക്കും. 145 മീറ്റര്‍ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തില്‍ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ് ഇത് സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്. ആയിരം കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ എത്തിക്കും. രണ്ട് വര്‍ഷമാണ് കാലാവധി.
ഇന്നലെ പ്രീലോഞ്ച് തയ്യാറെടുപ്പിനിടെ പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ വിക്ഷേപണത്തിന്റെ അവസാന മണിക്കൂറിലാണ് പ്രോബ പേടകത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റ് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോഴാണ് വിക്ഷേപണം മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിച്ചത്.
by Midhun HP News | Dec 5, 2024 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമം സ്വാമിശരണത്തിൽ എസ് റാംകുമാർ (68) (ആറ്റിങ്ങൽ ഫൈനാൻസിയേഴ്സ്) അന്തരിച്ചു.
ഭാര്യ: രാധാമണി അർ.
മകൻ: രാകേഷ് ആർ(യു.എസ്.ടി, ടെക്നോപാർക്ക്)
by Midhun HP News | Dec 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടി സിപിഎം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ മുന്നിലാണ് റോഡിന്റെ ഒരുഭാഗത്ത് ഗതാഗതം പൂര്‍ണമായി തടഞ്ഞ് ആളുകളെ പെരുവഴിയിലാക്കി സിപിഎമ്മിന്റെ ‘സ്റ്റേജ് ഷോ’. മൂന്ന് ദിവസമായി തുടരുന്ന പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായാണ് താത്കാലിക വേദി നിര്‍മിച്ചത്.
സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്രമീകരണം എന്നതിന് പൊലീസും വ്യക്തമായ മറുപടി പറയുന്നില്ല.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായതിനാല്‍ എന്തും ചെയ്യാമെന്നാണോ എന്നാണ് ജനം ചോദിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിര്‍മ്മാണം തുടങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്റ്റേജ് നിര്‍മാണത്തിന് അനുമതി ലഭിച്ചെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
by Midhun HP News | Dec 5, 2024 | Latest News, കേരളം
ആലപ്പുഴ: കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയ്‌ക്കെതിരെ ആര്‍ടിഒ നടപടിയെടുക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്കു നല്‍കാന്‍ കാറിന്റെ ഉടമയായ ഷാമിലിന് ലൈസന്‍സില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതിനിടെ മറ്റൊരാള്‍ പറഞ്ഞതു കൊണ്ടാണു കുട്ടികള്‍ക്കു കാര്‍ നല്‍കിയതെന്നും അല്ലാതെ വാടകയ്ക്ക് നല്‍കിയതല്ലെന്നുമുള്ള വാദം ഷാമില്‍ ആവര്‍ത്തിച്ചു.
അപകടസമയത്തു കാര്‍ ഓടിച്ചിരുന്ന ഗൗരീശങ്കര്‍ വാടക തുകയായ 1000 രൂപ ഷാമിലിന് ഗൂഗിള്‍ പേ ചെയ്തിരുന്നതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചാണ് ലൈസന്‍സില്ലാതെയാണ് കാര്‍ വാടകയ്ക്കു നല്‍കിയതെന്ന നിഗമനത്തിലേക്കു മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് മോട്ടര്‍ വാഹന വകുപ്പിന്റെ നീക്കം.
കാര്‍ വാടകയ്ക്ക് നല്‍കിയതല്ലെന്ന വാദത്തില്‍ ഷാമില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭക്ഷണം കഴിക്കാനായി മുന്‍പ് കുട്ടികള്‍ക്ക് പണം കടം നല്‍കിയിരുന്നു. ഈ തുകയാണ് കുട്ടികള്‍ ഗൂഗിള്‍ പേ വഴി മടക്കി നല്‍കിയതെന്നാണ് ഷാമില്‍ പറയുന്നത്. താന്‍ വാടകയ്ക്കു വാഹനങ്ങള്‍ നല്‍കാറില്ലെന്നാണ് ഷാമിലിന്റെ വാദം. മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചതിനെ തുടർന്ന് വാഹനത്തിന്റെ രേഖകളുമായാണ് ഷാമിൽ ഹാജരായത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം സൗജന്യമായി വിട്ടുനൽകിയത് എന്ന മൊഴിയിലാണ് ഷാമിൽ ഉറച്ചു നിൽക്കുന്നത്.
ഡിസംബര്‍ 2ന് ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍ (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 6 പേര്‍ക്കും പരിക്കേറ്റിരുന്നു.
Recent Comments